ഗ​ണേ​ശ​ൻ

മരക്കച്ചവടക്കാരെ കബളിപ്പിച്ച് തട്ടിപ്പ്: പ്രധാനി അറസ്റ്റിൽ

ഇരിട്ടി: മരക്കച്ചവടക്കാരെ കബളിപ്പിച്ച് വന്‍ തട്ടിപ്പ് നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാനി പിടിയില്‍. കാങ്കോല്‍ തളിയില്‍ വീട്ടില്‍ ടി.വി. ഗണേശനെ (47)യാണ് ഇരിട്ടി ഡിവൈ.എസ്.പി പി.കെ. ധനഞ്ജയബാബുവിന്റെ നിര്‍ദേശപ്രകാരം ഇൻസ്പെക്ടർ മെല്‍ബിന്‍ ജോസ്, എസ്.ഐ കെ. ഷര്‍ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ട്രെയിൻ യാത്രക്കിടെ കണ്ണൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.

പ്ലൈവുഡ് ഫാക്ടറികള്‍ക്കും മറ്റും മരംവില്‍ക്കുന്നവരെ കണ്ടെത്തിയാണ് തട്ടിപ്പ്. മരവുമായി ഫാക്ടറികളിലേക്ക് പുറപ്പെടുന്ന ലോറിയുടെ ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പ് സംഘം സംഘടിപ്പിക്കും. തുടര്‍ന്ന് അവരെ വിളിച്ച് കൂടുതല്‍ തുക നല്‍കാമെന്നും ലോറി ഉടമയെയും മര ഉടമയെയും അറിയിക്കാതെ ആ പണം ഡ്രൈവര്‍മാര്‍ക്ക് കൈക്കലാക്കാമെന്നും വിശ്വസിപ്പിക്കും. തങ്ങള്‍ പറയുന്നിടത്ത് ലോഡിറക്കണമെന്നും നിര്‍ദേശിക്കും. ഇതിനിടെ പ്ലൈവുഡ് കമ്പനികളും മറ്റുമായി ബന്ധപ്പെട്ട് കച്ചവടം ഉറപ്പിച്ച് പണം അക്കൗണ്ട് വഴി അയപ്പിക്കും.

പറയുന്ന സ്ഥലത്ത് ലോഡ് ഇറക്കുകയും ചെയ്യും. എന്നാൽ, പണം ലഭിച്ചുകഴിഞ്ഞാൽ തട്ടിപ്പുസംഘം മുങ്ങും. പിന്നീട്, പണം ലഭിക്കാത്തതിനാൽ യഥാർഥ മരം വിൽപനക്കാർ മരം വിട്ടുകൊടുക്കാതിരിക്കുകയും പ്ലൈവുഡ് ഫാക്ടറി ഉടമകൾക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്യും.

ഇങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഗണേശന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇരിട്ടി കോളിക്കടവ് സ്വദേശി അനില്‍കുമാറിന്റെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. എ.എസ്.ഐമാരായ പ്രവീണ്‍, ജോഷി സെബാസ്റ്റ്യന്‍, ഇരിട്ടി ഡിവൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡംഗങ്ങളായ എം.എം. ഷിജോയ്, കെ.ജെ. ജയദേവൻ, രതീഷ് കല്യാടന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Fraud by deceiving timber traders: main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.