യുവതി ഉള്‍പ്പെട്ട നാലംഗ ലഹരിക്കടത്ത് സംഘം പിടിയിൽ; എം.ഡി.എം.എ ഒളിപ്പിച്ചത് യുവതിയുടെ ശരീരത്തിൽ

തിരുവനന്തപുരം: വിപണിയില്‍ 15 ലക്ഷത്തില്‍ അധികം വിലയുളള 308 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെട്ട നാലുപേരടങ്ങുന്ന ലഹരിക്കടത്ത് സംഘം പിടിയിൽ. കൊല്ലം ചടയമംഗലം പോരേടം ഒലൂര്‍ക്കോണം ചരുവിള വീട്ടില്‍ ഷമി (32), കണിയാപുരം ചിറ്റാറ്റുമുക്ക് ജന്മിമുക്ക് ജന്മി മനസിലില്‍ മുഹമ്മദ് കല്‍ഫാന്‍ (24), ചിറ്റാറ്റ് മുക്ക് ചിറക്കല്‍ മണക്കാട്ട് വിളാകം വീട്ടില്‍ ആഷിക്ക് (20), ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളാകം അല്‍ അമീന്‍ (23) എന്നിവരെയാണ് പൊഴിയൂര്‍ ചെങ്കവിള വെച്ച് ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.

പരിശോധനയില്‍ രണ്ട് തവണയായാണ് ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടിയത്. യുവതിയുടെ ദേഹപരിശോധനയില്‍ ആദ്യം 175 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. സംശയം തോന്നി വീണ്ടും നടത്തിയ പരിശോധനയില്‍ ആണ് 133 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. കുറച്ചുകാലമായി ഇവര്‍ ഡാന്‍സാഫ് സംഘത്തിന്‍റ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വ്യാപകമായി മയക്കുമരുന്ന് വ്യാപാരം നടത്തി വരുന്ന സംഘമാണ് വലയിലായത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ കടത്തികൊണ്ട് വന്നത്. സെപ്റ്റംബര്‍ മാസത്തിൽ ആറ്റിങ്ങല്‍ ഡാന്‍സാഫ് സംഘം മൂന്ന് വാണിജ്യ അടിസ്ഥാനത്തിലുള്ള കേസുകളില്‍ നിന്നുമായി 530 ഗ്രാം എം.ഡി.എം.യുമായി മൂന്ന് പേരെ പിടികൂടിയിരുന്നു.

കാര്‍ വാടകക്കെടുത്ത് കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നത്. വാഹനത്തിന്‍റെ മുന്‍വശത്തിരിക്കുന്ന യുവതിയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ചെറുപൊതികളായി എം.ഡി.എം.എ സൂക്ഷിക്കുകയാണ് പതിവ്. കുടുംബസമേതമുള്ള യാത്രയെന്ന നിലയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പരിശോധനകളില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടിരുന്നു.

ബംഗളൂരുവില്‍ നിന്ന് ലഹരി വാങ്ങി വനിതയുടെ നേതൃത്വത്തിലുള്ള സംഘം യാത്രതിരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശനന്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയിലുടനീളം പൊലീസിന്‍റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിനെ കണ്ടതോടെ ഇടറോഡിലേക്ക് വാഹനം ഓടിച്ച് കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് ഡാന്‍സാഫ് ടീം പിടികൂടുകയായിരുന്നു.

നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി കെ. പ്രദീപ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്. ചന്ദ്രദാസ്സ് പൊഴിയൂര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.പി. സുജിത്ത് ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍മാരായ എഫ്. ഫയാസ്, രസല്‍ രാജ്, ബി. ദിലീപ്, പ്രേംകുമാര്‍, രാജീവന്‍ സംഘാംഗങ്ങളാ. ള്‍ ആയ അനീഷ്, അരുണ്‍, റിയാസ്, പത്മകുമാര്‍, സുനില്‍രാജ്, ദിനോര്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ആയ സജിത, ആശ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Tags:    
News Summary - Four-member drug trafficking gang including a young woman arrested in Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.