ആലപ്പുഴയിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ മദ്യപൻ തറയിലടിച്ച് കൊന്നു
ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിലെത്തിയയാൾ അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കരക്ക് സമീപം മാങ്ങാംകുഴിയിലാണ് ഞെട്ടിക്കുന്ന ക്രൂരത. സംഭവത്തിൽ അമ്മയുടെ സുഹൃത്തും അസം ഗുവാഹത്തി സ്വദേശിയുമായ പാരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പാരിതോഷ് യുവതിയുടെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് എറിയുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി വീണ് അവശനിലയിലായെന്നായിരുന്നു ആദ്യം കുടുംബം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കുഞ്ഞിനെ പാരിതോഷ് പിടിച്ചുവാങ്ങി തറയിലടിച്ചതാണെന്ന് വ്യക്തമായത്. യുവതിക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. മൂത്ത കുട്ടിയെയും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കുടുംബപശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.
നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കുഞ്ഞിന്റെ മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.