നന്ദു ഗണേഷ്


യുവതിയെ വിദേശത്തുവെച്ച്‌ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് പിടിയില്‍

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ വിദേശത്തുവെച്ച്‌ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് പിടിയിലായി. കൊല്ലം നീണ്ടകര, പുത്തൻതുറ സ്വദേശിയായ അഞ്ജുവിന്റെ പരാതിയില്‍ ചവറ സ്വദേശിയായ നന്ദു ഗണേഷിനെ (30) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തത്. സൗദിയിലായിരുന്ന ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്നതിനായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കാണിച്ച്‌ കഴിഞ്ഞ മാസം ആദ്യമാണ് അഞ്ജു പൊലീസില്‍ പരാതി നല്‍കിയത്. ജൂൺ 27നായിരുന്നു വിവാഹം. ആഴ്ചകള്‍ക്കുള്ളിൽതന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന പേരില്‍ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിയില്‍ വ്യക്തമാക്കുന്നു.

വിദേശത്തേക്ക് കൊണ്ടുപോയ ശേഷവും ക്രൂരമായ ശാരീരിക പീഡനം തുടരുകയായിരുന്നു. പ്രഷർ കുക്കറും മൊബൈല്‍ ചാർജറും ഉപയോഗിച്ച്‌ മർദിച്ചതായും, നിരന്തരം ഉപദ്രവിച്ചതായും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മർദനം സഹിക്കവയ്യാതായതോടെ സെപ്റ്റംബർ 30ന് നാട്ടിലെത്തിയ അഞ്ജു പൊലീസിനെ സമീപിക്കുകയായിരുന്നു.

സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതി വിദേശത്തായതിനാല്‍ നാട്ടിലെത്തിയാലുടൻ പിടികൂടുന്നതിനായി വിമാനത്താവളങ്ങളില്‍ ജാഗ്രത നിർദേശം നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത നന്ദുവിനെ കൊല്ലം പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഭർതൃവീട്ടുകാരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Tags:    
News Summary - Husband Held For Domestic Abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.