പുണെ: ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് ബലാത്സംഗം ചെയ്തുവെന്ന 22 ഐ.ടി ജീവനക്കാരിയുടെ പരാതി വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതെന്നും പൊലീസ്. പുണെയിലെ സമ്പന്നർ താമസിക്കുന്ന അപാർട്മെന്റ് സമുച്ചയത്തിലെത്തിയ യുവാവ് ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തുവെന്നായിരുന്നു 22കാരിയുടെ പരാതി. ബലാത്സംഗം ചെയ്തശേഷം യുവാവ് തന്റെ ഫോണിൽ സെൽഫിയെടുത്തുവെന്നും സംഭവം ആരോടെങ്കിലും പറഞ്ഞാൽ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് മൊഴി നൽകിയിരുന്നു. ഈ കേസിലാണിപ്പോൾ ഗംഭീര ട്വിസ്റ്റുണ്ടായിരിക്കുന്നത്.
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞയാൾ യുവതിയുടെ സുഹൃത്താണെന്നും സമ്മതത്തോടെയാണ് യുവാവ് ഫ്ലാറ്റിലെത്തിയതെന്നും പൊലീസ് പറയുന്നു. ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറിയതാണെന്നും കുരുമുളക് സ്പ്രേ ഉപയോഗിച്ചുവെന്നുമുള്ള യുവതിയുടെ വാദവും പൊലീസ് തള്ളി.
മൊബൈൽ ചാറ്റുകളടക്കമുള്ള തെളിവുകളും നടന്ന സംഭവങ്ങളും മൊബൈലിലൂടെയുള്ള ആശയ വിനിമയവും കൃത്യമായി പരിശോധിച്ചാണ് പൊലീസ് സംഭവം ബലാത്സംഗമല്ലെന്ന നിയമനത്തിൽ എത്തിയത്. യുവതിയുടെ പരാതി തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജമാണെന്നും പൊലീസ് കമീഷണർ അമിതേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
യുവതിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് പൊലീസ്.
ഇങ്ങനെയൊരു വ്യാജ പരാതി നൽകാൻ യുവതിയെ പ്രേരിപ്പിച്ചത് എന്താണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
തന്റെ സ്ഥിരതയില്ലാത്ത മാനസിക നിലയാണ് ബലാത്സംഗം നടന്നുവെന്ന് പറയാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു യുവതി നേരത്തേ പൊലീസിനോട് പറഞ്ഞത്.
യുവതിയുടെ വ്യാജപരാതി പുനെ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത നഗരമാണെന്ന പ്രതീതി സൃഷ്‍ടിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. പരാതി കിട്ടി 24 മണിക്കൂറിനുള്ളിൽ സംഭവം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പുണെ സ്ത്രീകൾക്ക് സുരക്ഷിതമായ നഗരമാണെന്ന് വ്യക്തമാക്കിയ പൊലീസ് ഇത്തരത്തിലുള്ള വ്യാജ പരാതികൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകീട്ട് ഫ്ലാറ്റിൽ തനിച്ചായിരിക്കുന്ന സമയത്ത് എത്തിയ അജ്ഞാതനായ യുവാവ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. ഇയാൾ ഡെലിവറി ഏജന്റാണെന്നാണ് പറഞ്ഞിരുന്നത്. ബാങ്കിൽ നിന്ന് കൊറിയറുണ്ടെന്നും മൊബൈലിലേക്ക് ഒ.ടി.പി വരുമെന്നും പറഞ്ഞ യുവാവ്, താൻ മൊബൈൽ എടുക്കാൻ മുറിയിലേക്ക് കയറിയപ്പോൾ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. കുരുമുളക് സ്പ്രേ മുഖത്തടിച്ച് ബോധരഹിതയാക്കിയ ശേഷമായിരുന്നു എല്ലാം. ബോധം തിരിച്ചുകിട്ടിയപ്പോൾ വീട്ടിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും യുവാവ് കടന്നുകളഞ്ഞുവെന്നും യുവതി പറഞ്ഞിരുന്നു.
എന്നാൽ അന്വേഷണ സംഘം ഫ്ലാറ്റിലെത്തിയപ്പോൾ അതിക്രമിച്ചു കയറിയതിന്റെയും കുരുമുളക് സ്പ്രേ അടിച്ചതിന്റെയും തെളിവുകളൊന്നും കിട്ടിയില്ല. ആകെയുണ്ടായിരുന്ന തെളിവ് സെൽഫി മാത്രമായിരുന്നു. ഇത് യുവതിയുടെ സമ്മതത്തോടെയാണ് പകർത്തിയതെന്നും പൊലീസിന് വ്യക്തമായി. പിന്നീട് ഫോട്ടോ എഡിറ്റ് ചെയ്ത ശേഷം ഭീഷണി സന്ദേശം ടൈപ്പ് ചെയ്യുകയായിരുന്നു. യുവാവ് വീട്ടിൽ നിന്നിറങ്ങിയതിന് ശേഷമായിരുന്നു ഇതെല്ലാം. മാത്രമല്ല, പൊലീസിന് പരിശോധിക്കാനായി നൽകുന്നതിന് മുമ്പ് ഫോണിലെ ചില കാര്യങ്ങൾ യുവതി ഒഴിവാക്കുകയും ചെയ്തിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോൾ പൊലീസിന് യുവാവിന്റെ ചിത്രവും കിട്ടി. ഇത് തിരിച്ചറിയാനായി യുവതിയെ സമീപിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. അപാർട്മെന്റിൽ താമസിക്കുന്ന മറ്റാർക്കും ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല. യുവാവിനെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ഫ്ലാറ്റിലേക്ക് ചെന്നത് എന്നായിരുന്നു യുവാവിന്റെ മൊഴി. സാഹചര്യ തെളിവുകൾ പരിശോധിച്ച ശേഷം കുറ്റവാളിയല്ലെന്ന് കണ്ടതോടെ ഇയാളെ വിട്ടയക്കുകയും ചെയ്തു.
പുണെയിലെ ബഹുരാഷ്ട്ര കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് യുവാവ്. ഒരു വർഷമായി യുവതിയും യുവാവും തമ്മിൽ പരിചയമുണ്ട്. മുമ്പും യുവാവ് യുവതി താമസിക്കുന്ന ഫ്ലാറ്റിൽ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.