1. പിടികൂടിയ അഞ്ചാവ്, 2. പിടിയിലായ നഹാസ്

വീണ്ടും ലഹരി വേട്ട; കഞ്ചാവ് ആന്ധ്രയിൽ നിന്നെത്തുന്നത് പച്ചക്കറി ലോറികളിൽ

താമരശ്ശേരി: കൊടുവള്ളിക്കുപിന്നാലെ താമരശ്ശേരിയിലും വൻ ലഹരി വേട്ട. 39 കിലോ കഞ്ചാവുമായി പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൗസിൽ നഹാസാണ് (37) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടോടെ അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽനിന്ന് താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടി, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കാനാണ് വീട് വാടകക്കെടുത്തത്.

ഫെബ്രുവരി 11ന് ലോറിയുമായി ആന്ധ്രയിൽ പോയ ഇയാൾ ഒരാഴ്ച കഴിഞ്ഞു കേരളത്തിലെത്തി മൊത്തവിതരണക്കാർക്ക് വിൽപന നടത്തിയതിന്‍റെ ബാക്കി കഞ്ചാവാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളികളെയും ചില്ലറ വിൽപനക്കാരെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പിടിയിലാവും. നവംബറിനുശേഷം മാത്രം ആറുതവണയായി 300 കിലോയോളം കഞ്ചാവ് കേരളത്തിൽ എത്തിച്ചതായാണ് പ്രതിയുടെ മൊഴി. കഞ്ചാവ് വിൽപന നടത്തി കിട്ടുന്ന പണമുപയോഗിച്ച് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ ആർഭാടജീവിതം നയിക്കുകയാണ് ഇയാളുടെ രീതിയത്രെ.

മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്നു. പെട്ടെന്ന് പണമുണ്ടാക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്. മൂന്നുമാസത്തോളം ആന്ധ്രയിൽ ഹോട്ടൽ നടത്തിയിരുന്നു. ഈ പരിചയമാണ് കഞ്ചാവ് ലോബിയുമായി അടുപ്പിച്ചത്. വൽപനക്കായി സൂക്ഷിച്ച എട്ടുലക്ഷം രൂപ വിലവരുന്ന 14 കിലോ കഞ്ചാവുമായി കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ ഷബീറിനെ (33) റൂറൽ എസ്.പി ഡോ.എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് നഹാസിലേക്കെത്തിയത്. തലപ്പെരുമണ്ണയിൽ ഇയാൾ നടത്തുന്ന ടൊമാറ്റോ ഫ്രൂട്ട്സ് ആൻഡ് വെജ് എന്ന സ്ഥാപനത്തിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ കഞ്ചാവും ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് എത്തിച്ചതായിരുന്നു.

മൊത്ത വിതരണക്കാർക്ക് നൽകാനായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, കെ.പി. രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.വി. ഷാജി, അബ്ദുൽ റഹീം നെരോത്ത്, താമരശ്ശേരി ഇൻസ്‌പെക്ടർ അഗസ്റ്റിൻ, എസ്.ഐമാരായ വി.എസ്. സനൂജ്, അരവിന്ദ് വേണുഗോപാൽ, എ.എസ്.ഐ ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർ റഫീഖ്, എസ്.ഒ.ജി അംഗങ്ങളായ ശ്യാം, ഷെറീഫ്, ടി.എസ്. അനീഷ്, മുഹമ്മദ്‌ ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കഞ്ചാവ് ആന്ധ്രയിൽനിന്ന്; എത്തുന്നത് പച്ചക്കറി ലോറികളിൽ

കോഴിക്കോട്: സ്വകാര്യ വാഹനങ്ങളിലും അന്തർ സംസ്ഥാന ബസുകളിലും എക്സൈസും പൊലീസും പരിശോധന കർശനമാക്കിയതോടെ പച്ചക്കറി ലോറികളിൽ കഞ്ചാവ് കടത്ത് വ്യാപകമാക്കി ലഹരി മാഫിയ. അടുത്തിടെ ജില്ലയിൽ പിടികൂടിയ കഞ്ചാവുകേസുകളിൽ വിശദാന്വേഷണം നടത്തിയപ്പോഴാണ് പച്ചക്കറി ലോറികളിലാണ് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നതെന്ന വിവരം ലഭിച്ചത്. കഴിഞ്ഞദിവസം കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ പിടികൂടിയ കഞ്ചാവും ആന്ധ്രയിൽനിന്ന് പച്ചക്കറി ലോറിയിലാണ് എത്തിച്ചത്. കഞ്ചാവ് കടത്താൻ മാത്രം പച്ചക്കറി എടുക്കാൻ പോകുന്ന ലോറികളുണ്ടെന്നാണ് ലഭിച്ച വിവരം.

ഇക്കാര്യത്തിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. പലപ്പോഴും ലോറി ഉടമകൾ പോലും അറിയാതെയാണ് ഡ്രൈവർമാരുടെ ഒത്താശയിൽ ചിലർ ഇടനിലക്കാരുമായി ചേർന്ന് കഞ്ചാവ് കടത്തുന്നത്. സമാനരീതിയിൽ ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിയ ലോറി 2020 ജൂലൈയിൽ കസബ പൊലീസ് പിടികൂടിയിരുന്നു. 52 കിലോ കഞ്ചാവുമായി കോഴിക്കോട് ബീച്ചിൽനിന്ന് പിടിയിലായ കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി നിഷാദുദ്ദീന്‍ (33), താനൂര്‍ സ്വദേശി സുബീര്‍ (25) എന്നിവവരെ ചോദ്യം ചെയ്തപ്പോഴാണ് കൊടുവള്ളിയിലെ ഉടമ അറിയാതെ പച്ചക്കറി കയറ്റാൻ ആന്ധ്രയിലേക്ക് പോയ ലോറിയിലാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

ഈ ലോറി പിന്നീട് കസ്റ്റഡിയിലെടുത്തു. താനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്വർണം പണയംവെച്ച് വായ്പയെടുത്താണ് ഇവർ കഞ്ചാവ് വാങ്ങാനുള്ള പണം കണ്ടെത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിനുപിന്നാലെ അഞ്ചര കിലോ കഞ്ചാവു സഹിതം മാറാട് പൊലീസ് അറസ്റ്റുചെയ്ത കാസർകോട് സ്വദേശികളായ കലന്തർ ഇബ്രാഹിം റാഷിഫ് (24), മുഹമ്മദ് അസ്ഹറുദ്ദീൻ (22), ഇബ്രാഹീം ബാദുഷ (22), അർഷാദ് (28) എന്നിവരും കഞ്ചാവ് ആന്ധ്രയിൽ നിന്നാണെന്ന് പറഞ്ഞിരുന്നു.

ചില പച്ചക്കറി ലോറികളിൽ കഞ്ചാവ് സൂക്ഷിക്കാൻ പ്രത്യേക അറകൾ ഒരുക്കുന്നതായും വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. 10 മുതൽ 20 വർഷം വരെ തടവ് കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ് ലഹരി കടത്തെന്നും ആന്ധ്രക്കൊപ്പം ഒഡിഷയിൽനിന്നുമാണ് കഞ്ചാവ് കൂടുതലായി കോഴിക്കോട്ടെത്തുന്നതെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Drunken hunting again; 39 kg Youth arrested for possession of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.