കരുവാരകുണ്ട്: വ്യാജ പ്രമാണങ്ങളുണ്ടാക്കി മറ്റൊരാളുടെ സ്ഥലം വിൽപന നടത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ആധാരവും ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകളെല്ലാം വ്യാജമാണെന്നിരിക്കെ ഇവ ഒരാളെക്കൊണ്ട് മാത്രം ഉണ്ടാക്കാനാവില്ലെന്നാണ് പൊലീസ് കരുതുന്നത്. പട്ടാമ്പി ആമയൂർ സ്വദേശിനി നൽകിയ പരാതിയിൽ
തരിശ് മുള്ളറയിലെ ചേരിയോടൻ അബൂബക്കറിനെ (51) കരുവാരകുണ്ട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുവ്വൂരിലുള്ള സ്ഥലം കാണിച്ചു കൊടുത്ത് കൃത്രിമ സ്കെച്ച്, പ്ലാൻ എന്നിവ തയാറാക്കി പരാതിക്കാരിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
മറ്റൊരാളുടെ പേരിൽ കൽക്കുണ്ടിലുള്ള ഭൂമിയുടെ ആധാരവും പുൽവെട്ടയിലെ മറ്റൊരു ഭൂമിയുടെ നികുതി രസീതും കാണിച്ച് തണ്ടപ്പേരുണ്ടാക്കി.
വ്യാജ ആധാർ കാർഡിൽ കരുവാരകുണ്ട് സബ് രജിസ്ട്രാർ ഓഫിസിൽ ആധാരവും രജിസ്റ്റർ ചെയ്തു.
ഭൂമിയുടെ യഥാർഥ ഉടമ നികുതി അടക്കാൻ വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്താവുന്നത്. വിവിധ ഓഫിസുകളിലെ ജീവനക്കാർ ഉൾപ്പെടെ പലർക്കും തട്ടിപ്പിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ചുവരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.