സുൽത്താൻ ബത്തേരി: മൈസൂരിലെ ഒറ്റമൂലി വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഷൈബിന്‍ അഷ്റഫ്, ഇയാളുടെ മാനേജർ ശിഹാബുദ്ദീന്‍ എന്നിവരെ നിലമ്പൂർ പൊലീസ് ബുധനാഴ്ച സുൽത്താൻ ബത്തേരിയിൽ തെളിവെടുപ്പിനെത്തിച്ചു. മന്തണ്ടിക്കുന്നില്‍ ഷൈബിന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലും പിന്നീട് പുത്തൻകുന്നിലെ നിർമാണം നടക്കുന്ന വീട്ടിലുമെത്തിച്ചു.
രാവിലെ പത്തോടെയാണ് മന്തണ്ടിക്കുന്നിൽ പൊലീസ് സംഘം എത്തിയത്. പ്രതികളുടെ മുഖം കറുത്ത തുണി കൊണ്ട് മറച്ചിരുന്നു. പ്രതികളുമായി വീടിന്റെ താഴെയുള്ള മുറികളിലാണ് ആദ്യം തെളിവെടുത്തത്. ഒരു മണിക്കൂറിന് ശേഷം മുകൾനിലയിലേക്ക് പോയി. ഇടക്കിടെ പൊലീസുകാർ പുറത്തു വന്ന് പരിസരത്ത് ചവറുകൾ ഇടാനെന്ന പോലെ സ്ഥാപിച്ച കോൺക്രീറ്റ് റിങ്ങുകൾ, പിറകിലെ സെപ്റ്റിക് ടാങ്കിന് സമീപം എന്നിവിടങ്ങളിലൊക്കെ തിരച്ചിൽ നടത്തി.
വിധ്വംസക പ്രവർത്തനങ്ങൾക്കുപയോഗിച്ച ആയുധങ്ങൾ ഈ വീട്ടിൽ ഉണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. തുടർന്ന് രണ്ട് മണിയോടെ പ്രതികളെയും കൊണ്ട് ഊട്ടി റോഡിൽ പുത്തൻകുന്നിൽ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിലേക്ക് പോയി. ദൊട്ടപ്പൻകുളം സ്വദേശി ദീപേഷിനെ ഷൈബിന്റെ സംഘം തട്ടിക്കൊണ്ടു വന്ന് മൃഗീയപീഡനങ്ങൾക്കിരയാക്കിയത് ഈ വീട്ടിൽ വെച്ചാണ്.
പിന്നീട് കർണാടകത്തിലെ കുട്ടയിൽവെച്ച് ദീപേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തെളിവെടുപ്പിൽ ഷാബ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് നിർണായക തെളിവ് ലഭിച്ചതായാണ് വിവരം. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഞ്ചേരി സെഷന്‍സ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.