തിരുവല്ല: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ നിന്നും 68കാരിയെ രക്ഷപ്പെടുത്തിയ ബാങ്ക് ജീവനക്കാരെ അഭിനന്ദിച്ച് പത്തനംതിട്ട ജില്ല കലക്ടർ. തിരുവല്ല ബറോഡ ബാങ്കിലെ ജീവനക്കാരെ അഭിനന്ദിക്കാനാണ് കലക്ടർ എസ്. പ്രേംകൃഷ്ണൻ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബ്രാഞ്ചിലെത്തിയത്.
ബാങ്കിലെത്തിയ കലക്ടറെ ബ്രാഞ്ച് മാനേജറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിദേശജോലിക്കു ശേഷം തിരുവല്ലയിലെ മഞ്ഞാടിയിലുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വീട്ടമ്മയാണ് തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽപ്പെട്ടത്. വീട്ടമ്മയെ തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് തടഞ്ഞ ബാങ്ക് ജീവനക്കാരൻ വിനോദ് ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഡെൽന ഡിക്സൺ, മറ്റ് ജീവനക്കാർ എന്നിവരെ കലക്ടർ അഭിനന്ദിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് വീട്ടമ്മയുടെ ഫോണിലേക്ക് വിഡിയോ കോൾ വരുന്നത്. മുംബൈ ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നാണ് വിളിക്കുന്നതെന്നും കാനറ ബാങ്കിലെ അക്കൗണ്ടിലെ ആധാർ കാർഡിൽ തിരിമറി നടത്തിയതായി വിവരം കിട്ടിയതായും പറഞ്ഞു. ഇതിന്റെ വിവരം അറിയാനാണെന്ന് വിളിച്ചയാൾ പറഞ്ഞു. തനിക്ക് ബാങ്ക് ഓഫ് ബറോഡ തിരുവല്ല ശാഖയിൽ മാത്രമേ അക്കൗണ്ട് ഉള്ളൂവെന്ന് പറഞ്ഞപ്പോൾ അതിന്റെ വിശദാശംങ്ങൾ ചോദിച്ചു. ഈ വിവരം മറ്റാരോടും പറയരുതെന്നും നിർദേശിച്ചു.
രാത്രി 11.30 ആയപ്പോൾ ഫോൺ ചൂടായിയെന്ന് പറഞ്ഞപ്പോഴാണ് നിർത്തിയത്. പിന്നീട് പിറ്റേദിവസം രാവിലെ 5 മണിക്ക് വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവൻ അയച്ചു കൊടുത്താൽ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ബാങ്കിലെത്തിയത്. തുടർന്ന് മൂന്ന് സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
അക്കൗണ്ടിൽ 21.5 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബാങ്കുകാർ വിവരം ചോദിച്ചപ്പോൾ മക്കൾക്ക് കൊടുക്കാനാണെന്നാണ്
പറഞ്ഞത്. സ്ഥിരനിക്ഷേപം പിൻവലിച്ച് അക്കൗണ്ടിലിട്ടു. തുടർന്ന് തുക ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുക കൈമാറാൻ നൽകിയ അക്കൗണ്ട് പ്രൈവറ്റ് കമ്പനിയുടെ പേരിലായിരുന്നു. അപ്പോഴാണ് ബാങ്കിലെ ഉദ്യോഗസ്ഥന് സംശയം തോന്നിയത്.
ഈ സമയത്ത് വീട്ടമ്മയുടെ ഫോണിലേക്ക് ഡിജിറ്റൽ അറസ്റ്റ് നടത്തിയവർ സന്ദേശങ്ങൾ അയക്കുന്നുണ്ടായിരുന്നു. ഫോണിൽ വന്ന സന്ദേശം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഇവർ വിസമ്മതിച്ചെങ്കിലും പിന്നീട് കാണിക്കാൻ തയാറായി. അപ്പോൾ സുപ്രീംകോർട്ട് ഓഫ് ഇന്ത്യ എന്ന് മുകളിൽ എഴുതി ഇരിക്കുന്നത് കണ്ടതോടെ തട്ടിപ്പാണെന്ന് മനസ്സിലായി.
തുടർന്ന് വീട്ടമ്മയുടെ ഫോൺ വാങ്ങി വിളിച്ച നമ്പർ ബ്ലോക്ക് ചെയ്തു. ഇത്രയും സമയം വീട്ടമ്മ കടുത്ത സമ്മർദത്തിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ഗൂഢസംഘത്തിന്‍റെ നീക്കം തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.