ആലങ്ങാട്: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാത്തത് സംബന്ധിച്ച് ചോദിക്കാൻ ചെന്ന യുവാവിനെ നടുറോഡിൽ കുത്തി അപായപ്പെടുത്താൻ ശ്രമം. നീറിക്കോട് ആശാരിപള്ളം കോളനിയിൽ കണക്കന്റെ കടവിൽ വീട്ടിൽ രാജേഷിനാണ് (33) കുത്തേറ്റത്. ആശാരിപള്ളം കോളനിയിൽ താമസിക്കുന്ന അയൽവാസി പുളിക്കത്തറ വീട്ടിൽ വിനീഷാണ് (48) കുത്തിപ്പരിക്കേൽപിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 1.45ന് കടുങ്ങല്ലൂർ - ആലങ്ങാട് റോഡിൽ അമ്പാടി വില്ലക്ക് സമീപത്തായിരുന്നു അക്രമം. വയറിലും ഇടതുകൈയിലും പുറത്തുമായി മൂന്ന് കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ രാജേഷിനെ വിദഗ്ധ ചികിത്സക്കായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലങ്ങാട് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. രാജേഷ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
ആശാരിപള്ളം കോളനിയിലെ 25പേർ ചേർന്ന് മൈക്രോ ഫിനാൻസ് എന്നപേരിൽ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ആഴ്ചയിൽ ഈ തുക തിരിച്ചടച്ച് വരികയായിരുന്നു. ഇതിനിടെ വിനീഷ് തുക അടക്കുന്നതിൽ വീഴ്ചവരുത്തി. എന്നാൽ, മറ്റുള്ളവർ ചേർന്ന് ഇയാളുടെ തുകയും അടച്ചു. എന്നാൽ, അടച്ച തുക തിരികെ ലഭിക്കാതെവരികയും വീണ്ടും മുടക്കം വരുത്തകയും ചെയ്തതോടെ മറ്റുള്ളവർ ചേർന്ന് ഇത് സംബന്ധിച്ച് ആലങ്ങാട് പൊലീസിൽ പരാതി നൽകി.
പരാതി നൽകിയതോടെ വിനീഷ് പണം തിരിച്ചടക്കാൻ തയാറായില്ല. ഇതിനിടെ ധനകാര്യ സ്ഥാപന ജീവനക്കാർ മറ്റുള്ളവരിൽനിന്ന് പണം ഈടാക്കാൻ എത്തിയതോടെ വായ്പക്കാർ ഇയാളുടെ മറിയപ്പടിയിലെ ലോട്ടറി കടയിൽ ചോദിക്കാൻ എത്തിയപ്പോഴാണ് കുത്തിയത്. കുത്തിയശേഷം ഇയാൾ ആലങ്ങാട് പൊലീസിൽ നേരിട്ടെത്തി കീഴടങ്ങി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.