ചന്ദ്രൻ എന്ന ഭാസി
മണ്ണാർക്കാട്: ആനമൂളിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ആനമൂളി പാലവളവ് ആദിവാസി കോളനിയിൽ മുഡുഗ വിഭാഗത്തിൽപെട്ട കക്കിയുടെ മകൻ ബാലനാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ കൈതച്ചിറ കൊമ്പം കുണ്ട് ആദിവാസി കോളനിയിലെ ചന്ദ്രൻ എന്ന ഭാസിയെയാണ് (40) അറസ്റ്റ് ചെയ്തത്.
ഇരുവരും ഒന്നിച്ചാണ് വനവിഭവം ശേഖരിക്കാൻ വനത്തിൽ പോയത്. വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിച്ച ശേഷം വെള്ളിയാഴ്ചയാണ് കാട്ടിൽ പോയത്. മദ്യപിച്ചുണ്ടായ വഴക്കിനൊടുവിൽ ചന്ദ്രൻ ബാലനെ കൈയിലുണ്ടായിരുന്ന മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൃത്യം നടന്നത്. കഴുത്തിനു പിറകിലേറ്റ വെട്ടാണ് മരണകാരണം.ബാലന്റെ മൃതദേഹം തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ശനിയാഴ്ച രാത്രിയാണ് കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു.
വെട്ടാനുപയോഗിച്ച മടവാളും വസ്ത്രങ്ങളും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, കല്ലടിക്കോട് സി.ഐ ടി. ശശി കുമാർ, മണ്ണാർക്കാട് എസ്.ഐ കെ.ആർ. ജസ്റ്റിൻ, സുരേഷ് ബാബു, കമറുദ്ദീൻ, ദാമോദരൻ, പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.