തരുണിന്റെ മൃതദേഹം കണ്ടെത്തിയ വീടിന് പിൻവശത്ത് ഫോറന്‍സിക് വിദഗ്ധരും പൊലീസും പരിശോധന നടത്തുന്നു
നെടുങ്കണ്ടം: ചിന്നക്കനാലില്‍ ആദിവാസി യുവാവിനെ ഇരുമ്പ് തുടലില്‍ വീടിന്റെ ജനാലയിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. ചിന്നക്കനാല്‍ 301 കോളനി സ്വദേശി തരുണിനെയാണ് (23) വെള്ളിയാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ശാന്തന്‍പാറ പൊലീസ് അറിയിച്ചു.
ഇതിനിടെ, തരുണിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ രംഗത്തുവന്നു. തരുണ്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്. സംഭവം നടക്കുമ്പോള്‍ തരുണിന്റെ മാതാവ് സാറ വീട്ടിലുണ്ടായിരുന്നില്ല. മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കത്തിക്കരിഞ്ഞ മൃതദേഹം വീട്ടുകാര്‍ കാണുന്നതിനും രണ്ടുമണിക്കൂര്‍ മുമ്പ് ഇയാളെ പുറത്ത് കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
തരുണിന്റെ വീട്ടില്‍നിന്ന് 100 മീറ്റര്‍ താഴെ തൊഴിലാളികള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അസ്വാഭാവിക ശബ്ദമോ നിലവിളിയോ കേട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തിനുശേഷം ഇവിടെനിന്ന് പോയ തരുണിന്റെ മാതാവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കന്നാസും ചൂരൽ വടിയും കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.