ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ തന്റെ അനുവാദമില്ലാതെ രഹസ്യമായി ഫോട്ടോ എടുത്തുവെന്നാരോപിച്ച് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അയേഷ ഖാൻ സമൂഹമാധ്യമത്തിൽ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ട് 40 ലക്ഷം ആളുകളാണ് ആ വിഡിയോ കണ്ടത്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന വ്യാജേനയാണ് സി.ആർ.പി.എഫ് ജവാൻ തന്റെ കാലുകളുടെ ഫോട്ടോ എടുത്തതെന്നും വിഡിയോയിൽ അയേഷ ആരോപിക്കുന്നുണ്ട്.
ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ അയേഷ അയാളോട് ആവശ്യപ്പെടുന്നു. എന്നാൽ താൻ ഫോട്ടോൾ റിമൂവ് ചെയ്യാമെന്ന് പറഞ്ഞ ജവാൻ തന്റെ ഫോണിന് ഓട്ടോമാറ്റിക് ഫീച്ചറുണ്ടെന്നും അവകാശപ്പെടുന്നു. ജവാന്റെ കഴുത്തിൽ സി.ആർ.പി.എഫ് ഐ.ഡി കാർഡുമുണ്ട്.
സെപ്റ്റംബർ 16ന് ഡൽഹി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചത് എന്നും അവർ പറയുന്നുണ്ട്. ഒരാൾ ഫോൺ കോളിൽ ആണെന്ന വ്യാജേന എന്റെ ഫോട്ടോകൾ എടുത്തുകൊണ്ടിരിക്കുകയാണ്. ഞാൻ തടയാൻ ശ്രമിച്ചപ്പോൾ ഫോട്ടോ എടുത്ത കാര്യം അയാൾ നിഷേധിച്ചു. എന്നാൽ ഫോൺ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അതിൽ എന്റെ ഫോട്ടോകൾ ഉണ്ടായിരുന്നു. എന്റെ കാലുകളുടെ ചിത്രമായിരുന്നു അയാൾ എടുത്തത്. അതിനേക്കാളുപരി അത് ചെയ്തത് ഒരു സി.ആർ.പി.എഫ് ജവാൻ ആണെന്നതാണ് എന്നും അയേഷ വിഡിയോയിൽ പറയുന്നു. പലപ്പോഴും നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നത് സി.ആർ.പി.എഫുകാരാണ്.
സുരക്ഷ ഉദ്യോഗസ്ഥരുടെ വലയത്തിലുള്ള വിമാനത്താവളത്തിൽ പോലും ഒരു സ്ത്രീക്ക് നിരീക്ഷണ വലയത്തിൽ കഴിയേണ്ടി വരിക എന്നത് പിന്നെ എവിടെയാണ് സ്ത്രീകൾക്ക് സുരക്ഷ എന്ന ചോദ്യമുയർത്തുന്ന ഒന്നാണ്.
നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷ എന്നത് ക്രൂരമായ തമാശയായി മാറിയിരിക്കുന്നു. നമ്മളെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയവർ തന്നെ നിയമലംഘനം നടത്തുന്നു. മോശമായ പെരുമാറ്റം എന്നതിലുപരി ഇതൊരു വഞ്ചനയാണെന്നും അയേഷാ ഖാൻ പറയുന്നു.
വളരെ പെട്ടെന്നാണ് വിഡിയോ ചർച്ചയായത്. ജവാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അയേഷയെ ചിലർ അഭിനന്ദിച്ചു. എന്നാൽ അയാളുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതിനെ ചിലർ വിമർശിക്കുകയും ചെയ്തു. അനുമതി എന്ന കാര്യത്തെ കുറിച്ച് പലർക്കും അറിയില്ല എന്നായിരുന്നു ചിലരുടെ പ്രതികരണം. നിങ്ങളുടെ ഭാര്യയോ സുഹൃത്തോ ആയിരുന്നു ഈ സ്ഥാനത്തെങ്കിൽ ഇങ്ങനെ അവരുടെ അനുവാദമില്ലാതെ ഫോട്ടോകൾ പകർത്തുമായിരുന്നോ എന്നും ചിലർ ചോദിച്ചു.
എന്നാൽ നിങ്ങൾ പലതരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. എല്ലാവരും അത് കാണുന്നതുമാണ്.ഇതിനു മാത്രം ഇത്ര പ്രശ്നമുണ്ടാക്കുന്നത് എന്തിനാണെന്നായിരുന്നു അയേഷയോട് ഒരു യൂസറുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.