കൊല്ലം: പ്രധാനമന്ത്രി തൊഴിൽ പ്രോത്സാഹന പദ്ധതി (പി.എം.ഇ.ജി.പി) വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഈടില്ലാതെ ഒരാൾക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കിത്തരുമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപിച്ച് ചാത്തന്നൂർ സ്വദേശികളായ പ്രസന്നകുമാരി, എസ്. രാജേഷ് എന്നിവർ രംഗത്തുവന്നു.
ചാത്തന്നൂർ പൊലീസിലും മറ്റ് ഉന്നത പൊലീസ് കേന്ദ്രങ്ങളിലും പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് അവർ ആരോപിച്ചു. ഗൾഫിൽ പ്രവാസജീവിതം കഴിഞ്ഞെത്തിയതാണ് പ്രസന്നകുമാരി. ഗ്രൂപ്പ് സ്വഭാവത്തിൽ എത്തിയാൽ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ എന്നു പറഞ്ഞ് മക്കളും അവരുടെ സുഹൃത്തുക്കളെയുമെല്ലാം പദ്ധതിയുടെ ഭാഗമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ വായ്പ ലഭിക്കുമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തഴുത്തല സ്വദേശികളായ വനിതകളാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
ലോൺ പാസായെന്നും അതെടുക്കണമെങ്കിൽ ഓരോരുത്തരും 23,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. ആ പൈസ നൽകിയപ്പോൾ കൂടുതൽ തുക ആവശ്യപ്പെട്ട് പല സ്ഥലങ്ങളിലും കറക്കി. കൊല്ലം കലക്ടറേറ്റിലും വക്കീൽ ഓഫിസുകളിലുമുൾപ്പെടെ കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. സർക്കാർ രേഖകൾ എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ വ്യാജ രേഖകൾ ഉൾപ്പെടെയുള്ളവ ചമച്ചായിരുന്നു തട്ടിപ്പെന്ന് പ്രസന്നകുമാരി പറഞ്ഞു. വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർക്ക് ഏകദേശം 10 ലക്ഷം രൂപ നൽകി. പ്രസന്നകുമാരിയുടെ മക്കൾ രണ്ടുപേരും ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു.
സർക്കാർ പ്രതിനിധികൾ പരിശോധനക്കെത്തുമ്പോൾ വായ്പ എടുക്കുന്നവർ സ്ഥലത്തുണ്ടാകണമെന്നു പറഞ്ഞ്, അതു കാത്തിരുന്ന് ഇരുവരുടെയും ജോലി നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.