തിരുവനന്തപുരം: ജാതി അധിക്ഷേപം നടത്തിയെന്ന ഗവേഷക വിദ്യാര്‍ഥിയുടെ പരാതിയിൽ കേരള സർവകലാശാല സംസ്കൃത വകുപ്പ് മേധാവി ഡോ. സി.എന്‍. വിജയകുമാരിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഗവേഷക വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ വിപിന്‍ വിജയന്റെ പരാതിയില്‍ എസ്.സി-എസ്.ടി നിയമപ്രകാരമാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്.
ഒക്ടോബര്‍ അഞ്ചിന് വിപിന്റെ പ്രബന്ധത്തെക്കുറിച്ച് ഓപൺ ഡിഫന്‍സ് നടന്നിരുന്നു. എന്നാല്‍, മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്റെ പി.എച്ച്.ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും കാണിച്ച് ഡീൻ ഡോ. സി.എൻ. വിജയകുമാരി വൈസ് ചാൻസലര്‍ക്ക് കത്ത് നല്കി. ഇതിന് പിന്നാലെ ജാതിവിവേചനമാണ് ഈ നടപടികൾക്ക് പിന്നിലെന്ന ആരോപണവുമായി വിപിൻ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച പ്രതികരണം നടത്തുകയും ചെയ്തു.
സംസ്കൃതത്തില്‍ എം.എ, ബി.എഡ്, എം.എഡ്, എം.ഫില്‍ ബിരുദങ്ങള്‍ വിപിനുണ്ട്. എം.ഫില്‍ പ്രബന്ധം ഡോ. വിജയകുമാരിയുടെ തന്നെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാക്കിയത്. പുലയര്‍ സംസ്കൃതം പഠിക്കേണ്ടെന്ന് അധ്യാപിക അധിക്ഷേപിച്ചെന്ന് വിപിന്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.