കോടികളുടെ കെട്ടിട ലേലം: ഉദ്യോഗസ്ഥർക്ക് വിജിലൻസ് ക്ലീൻ ചിറ്റ്

കോഴിക്കോട്: സ്വകാര്യവ്യക്തികളുമായി ഗൂഢാലോചന നടത്തി 40 കോടിയോളം രൂപ വിലയുള്ള കെട്ടിടം 9.18 കോടിക്ക് ലേലത്തിൽ വിറ്റുവെന്ന പരാതിയിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) മുന്‍ മാനേജിങ് ഡയറക്ടര്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയടക്കം ഒമ്പതു പേർക്ക് ക്ലീൻ ചിറ്റ്.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം, വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇവർ കുറ്റക്കാരല്ലെന്നു പറയുന്നത്. പ്രതിചേർക്കപ്പെട്ടവർ ലേല നടപടിയിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തിയതായി തെളിയിക്കാനായിട്ടില്ലെന്നും അതിനാൽ കൂടുതൽ നടപടികൾ വേണ്ടെന്നുമുള്ള റിപ്പോർട്ടാണ് വിജിലൻസ് കോഴിക്കോട് യൂനിറ്റ് ഇൻസ്പെക്ടർ പി.എം. മനോജ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ മുമ്പാകെ സമർപ്പിച്ചത്. റിപ്പോർട്ടിൻമേലുള്ള ആക്ഷേപം ഫയൽ ചെയ്യുന്നതിനും മറ്റുമായി കേസ് ജൂലൈ 12ന് മാറ്റി.

ജൂൺ 16ന് കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് നൽകാൻ വിജിലൻസ് സമയം നീട്ടി ചോദിച്ചിരുന്നു. എന്നാൽ, അന്നിറങ്ങിയ ഒരു പത്രത്തിൽ കെ.എഫ്.സിയുടെ നിയമാവലികൾ പാലിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ വിൽപന നടത്തിയതെന്ന രീതിയിൽ വിജിലൻസ് റിപ്പോർട്ട് തയാറാക്കിയെന്ന വാർത്ത വന്ന സാഹചര്യത്തിൽ വിജിലൻസ് സൂപ്രണ്ട് വിശദീകരണം നൽകണമെന്നും ഇനി കേസ് പരിഗണിക്കുന്ന ദിവസം ഡിവൈ.എസ്.പി നേരിട്ട് ഹാജരാവണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കും മുമ്പു തന്നെ വിവരങ്ങൾ പുറത്തുവിട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ പേള്‍ഹില്‍ ബില്‍ഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുൽ നാസറിന്റെ അഭിഭാഷകൻ ഡി. മോഹൻദാസ് കല്ലായി നൽകിയ ഹരജിയിലാണ് നടപടി.

മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിനടുത്ത പേള്‍ഹില്‍ ബില്‍ഡേഴ്‌സ് കെട്ടിടത്തിന്‍റെ വായ്പയിൽ കുടിശ്ശിക വരുത്തിയതിന് ലേലം ചെയ്തത് അഴിമതിയാണെന്ന് കാണിച്ച് പേള്‍ഹില്‍ ബില്‍ഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുൽ നാസര്‍ നല്‍കിയ സ്വകാര്യ ഹരജിയിലായിരുന്നു വിജിലൻസ് അന്വേഷണം. മേയ് 16നകം പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദേശം.

40.06 സെന്‍റ് സ്ഥലത്ത് പണിത കെട്ടിടം വിലകുറച്ച് വിറ്റതാണെന്നാണ് ആരോപണം. വിപണിയിൽ ഒരു സെന്‍റിന് 75 ലക്ഷം രൂപ കിട്ടും. ഇതുവഴി സ്ഥലത്തിനുതന്നെ 30 കോടിയോളം വിലയുണ്ട്. മറ്റ് പ്രതികളായ അന്നത്തെ കെ.എഫ്.സി ജനറല്‍ മാനേജർ പ്രേംനാഥ് രവീന്ദ്രനാഥ്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജർ സി. അബ്ദുല്‍ മനാഫ് എന്നിവരും ചേർന്ന് സ്വകാര്യവ്യക്തിക്ക് നേട്ടമുണ്ടാക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തി പൊതുസ്വത്ത് നഷ്ടപ്പെടുത്തിയെന്നാണ് പരാതി. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയില്ലാത്തതിനാലാണ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്. എന്നാൽ, പ്രതികൾക്ക് കെ.എഫ്.സി ഉദ്യോഗസ്ഥർ നൽകിയ വായ്പ നിയമപ്രകാരമാണെന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഉദ്യോഗസ്ഥർ നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായോ സാമ്പത്തിക ലാഭമുണ്ടാക്കിയതായോ തെളിയുന്നില്ല. പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തിയതായും തെളിയുന്നില്ല. പ്രതിചേർത്ത രണ്ടുപേരെ ഫോണിലും ഏഴുപേരെ നേരിട്ടും ചോദ്യം ചെയ്തതായും സാക്ഷികൾക്ക് തെളിവ് നൽകാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Building auction worth crores: Vigilance clean chit to officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.