തൃശൂർ: കൈക്കൂലിയുമായി പിടിയിലായ നികുതി ഓഫിസർക്ക് നാലുവർഷം കഠിനതടവും ലക്ഷം രൂപ പിഴയും. കൊല്ലം നികുതി ഓഫിസർ കെ.എസ്. ജയറാമിനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
2014ൽ ജയറാം വാണിജ്യനികുതി വകുപ്പ് പാലക്കാട് മൊബൈല്‍ ഇന്റലിജന്‍സ് സ്ക്വാഡിലെ ഓഫിസർ ആയിരിക്കെയുണ്ടായ കേസിലാണ് ശിക്ഷ. പാലക്കാട് അഗളിക്ക് സമീപം ചെമ്മണ്ണൂരിൽ ഹോളോബ്രിക്സ് സ്ഥാപനത്തിൽ പരിശോധന നടത്തി ബില്ലുകളും അക്കൗണ്ടുകളും സൂക്ഷിച്ചില്ലെന്ന കാരണം പറഞ്ഞ് ഉടമ സദാനന്ദനെ വിളിച്ചുവരുത്തി 40,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി നൽകിയാൽ പിഴ 20,000 ആയി കുറച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം. പരാതിക്കാരൻ ഇക്കാര്യം പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി ആയിരുന്ന എം. സുകുമാരനെ അറിയിച്ചു.
വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 60,000 രൂപയുമായി പാലക്കാട് വാണിജ്യനികുതി ഓഫിസിലെത്തി ജയറാമിന് കൈമാറി. എന്നാൽ, 15,810 രൂപ പിഴയീടാക്കിയതായി കാണിച്ച് രസീത് നൽകി.
സദാനന്ദൻ വീട്ടിലെ സാമ്പത്തികപ്രയാസം അറിയിച്ചപ്പോൾ 10,190 രൂപ തിരികെ നൽകി. ബാക്കി 34,000 രൂപ ജയറാം കൈക്കൂലിയായി പോക്കറ്റിലിട്ടതോടെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജയറാമിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ശിക്ഷ വിധിച്ചതോടെ ഇയാളുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.