കാൺപൂർ: യുവതിയെ കാണാതായെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ക്രൂരമായ കൊലപാതകം. കാൺപൂർ സ്വദേശി ആകാൻക്ഷയുടെ (20) തിരോധാനത്തിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കാമുകനും ഫത്തേപൂർ സ്വദേശിയുമായ സൂരജ് കുമാർ ഉത്തം (25) പിടിയിലായത്.
യുവതിയും സൂരജും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യോഗേഷ് കുമാർ പറഞ്ഞു. കാൺപൂർ ദേഹത് ജില്ലയിലെ സുജ്‌നിപൂർ നിവാസിയായ ആകാൻക്ഷ ഹാമിർപൂർ റോഡിലെ ഒരു ഭക്ഷണശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുവതി താമസിച്ചിരുന്ന ഹനുമന്ത് വിഹാറിലെ വാടക മുറിയിൽ പതിവായി യുവാവ് സന്ദർശനം നടത്തിയിരുന്നു.
ഇതിനിടെ, യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ആദ്യ ബന്ധം അവസാനിപ്പിക്കാൻ രണ്ടാമത്തെ കാമുകി സൂരജിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 21ന് രണ്ടാമത്തെ കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കത്തിനിടെ സൂരജ് കുമാർ, ആകാൻക്ഷയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സൂരജ് മൃതദേഹത്തിനൊപ്പം സെൽഫി എടുക്കുകയും ജാഫ്രാബാദിലെ സുഹൃത്ത് ആശിഷ് കുമാറിനെ സഹായത്തിനായി വിളിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് മൃതദേഹം ഒരു സ്യൂട്ട്കേസിൽ നിറച്ച് ചില്ല പാലത്തിൽ നിന്ന് യമുന നദിയിലേക്ക് വലിച്ചെറിഞ്ഞതായി അഡീഷണൽ ഡി.സി.പി പറഞ്ഞു.
തുടർന്ന്, അന്വേഷണം വഴിതെറ്റിക്കാൻ ലക്ഷ്യമിട്ട് സൂരജ്, ആകാൻക്ഷയുടെ മൊബൈൽ ഫോൺ കാൺപൂർ സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ, യുവതി ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് മുറി വൃത്തിയാക്കുകയും ചെയ്തു. ഇതിനിടെ, ജൂലൈ 22ന് മകളുമായി ബന്ധപ്പെടാൻ ശ്രമിച്ച ആകാൻക്ഷയുടെ അമ്മ വിജയശ്രീക്ക് പരസ്പര വിരുദ്ധമായ മറുപടികൾ ലഭിച്ചതോടെയാണ് പൊലീസിനെ സമീപിച്ചത്.
യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന പ്രാഥമിക നിഗമനത്തിൽ കേസെടുത്ത അന്വേഷണമാരംഭിച്ച പൊലീസ് ഫോണിലെ കോൾ വിശദാംശങ്ങൾ പരിശോധിച്ചതോടെയാണ് സൂരജിലേക്കെത്തിയതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ ദീപേന്ദ്ര നാഥ് ചൗധരി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മൃതദേഹം കണ്ടെത്തുന്നതിനായി കൗശാമ്പി, പ്രയാഗ്‌രാജ്, ബന്ദ എന്നിവിടങ്ങളിൽ പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.