വിശാലിന്റെ കാർ നദിയിൽ നിന്ന് കണ്ടെടുക്കുന്നു. ഇൻസെറ്റിൽ വിശാൽ
ഭോപ്പാൽ: 1.4 കോടി രൂപയുടെ കടം ഒഴിവാക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ബി.ജെ.പി നേതാവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രാജ്ഗഡിൽ ബിജെപി നേതാവിന്റെ മകൻ വിശാൽ സോണിയാണ് മരണ നാടകത്തിലൂടെ പൊലീസിനെയും ഭരണ സംവിധാനങ്ങളെയാകെ വട്ടംചുറ്റിച്ചത്.
10 ദിവസത്തോളം കാളിസിന്ധ് നദിയിൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന വിശാലിനെ കണ്ടെത്തുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്ന് വിവരത്തെ തുടര്‍ന്നാണ് ഇത്തരമൊരു നാടകത്തിന് ശ്രമിച്ചതെന്നും വിശാല്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
സെപ്റ്റംബർ അഞ്ചിനാണ് കാളിസിന്ധ് നദിയിൽ ഒരു കാർ മുങ്ങിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. മുങ്ങല്‍ വിദഗ്ദ്ധരെത്തി വാഹനം പുറത്തെടുത്തു. എന്നാല്‍ കാറില്‍ ആരേയും കണ്ടെത്താനായില്ല. ബി.ജെ.പി നേതാവിന്റെ മകന്റെ കാറാണെന്ന് തിരച്ചറിഞ്ഞതോടെ വലിയ വാർത്തയാകുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. ബി.ജെ.പി നേതാവ് രക്ഷാപ്രവർത്തനത്തിൽ അനാസ്ഥയുണ്ടെന്ന് പറഞ്ഞതോടെ മൂന്ന് വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് 20 കിലോമീറ്റര്‍ ദൂരത്തോളം 10 ദിവസത്തോളം തുടർച്ചയായി തിരച്ചിൽ നടത്തി. വിശാലിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
കോള്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അയാള്‍ മഹാരാഷ്ട്രയിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ്, മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ സംഭാജി നഗര്‍ ജില്ലയിലെ ഫര്‍ദാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് വിശാലിനെ പിടികൂടി. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് വിശാൽ മറ്റൊരു നാടകം കൂടി കളിച്ചുവെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കബളിപ്പിക്കാൻ തെറ്റായ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചെങ്കിലും പൊളിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
മരണം വ്യാജമായി സൃഷ്ടിക്കാൻ ഒരു ട്രക്ക് ഡ്രൈവറെ വിളിച്ച് കാറ് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് ട്രക്ക് ഡ്രൈവറുടെ ബൈക്കിൽ ഇന്ദോറിലേക്ക് കടന്ന വിശാൽ തന്റെ 'മരണ' വാർത്ത പത്രങ്ങളിൽ വന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു.
തനിക്ക് ട്രാൻസ്‌പോർട്ട് ബിസിനസാണെന്നും ആറ് ട്രക്കുകളും രണ്ട് ബസുകളും സ്വന്തമായുണ്ടെന്നും ബാങ്കുകളിൽ നിന്ന് 1.40 കോടിയിലധികം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും വിശാൽ പിന്നീട് പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.