പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ യുവാവിന് നേരെ സഹോദരന്റെ ഭാര്യയുടെ ക്രൂരമായ ആക്രമണം. തന്റെ സഹോദരിയെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിന് ഉറങ്ങിക്കിടന്ന ഭർതൃസഹോദരന്റെ ജനനേന്ദ്രിയം ഛേദിച്ചാണ് യുവതി പ്രതികാരം തീർത്തത്.
20 വയസ്സുകാരനായ ഉമേഷ് ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ സഹോദരഭാര്യ മഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത് ഇങ്ങനെ:
ഉമേഷും ഇയാളുടെ ജ്യേഷ്ടന്റെ ഭാര്യയായ മഞ്ജുവിന്റെ അനുജത്തിയും പ്രണയത്തിലായിരുന്നു. എന്നാൽ, ഉമേഷിന്റെ കുടുംബം ഇവർ തമ്മിലുള്ള വിവാഹത്തെ എതിർത്തു. ഇതോടെ ഇയാൾ പ്രണയത്തിൽനിന്ന് പിന്മാറി. മറ്റൊരു യുവതിയുമായി വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇതറിഞ്ഞ മഞ്ജുവിന്റെ സഹോദരി മാനസികമായി തകരുകയും വിഷാദത്തിലാവുകയും ചെയ്തു. സഹോദരിയുടെ അവസ്ഥയിൽ കോപാകുലയായ മഞ്ജു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ 16ന് ഉമേഷ് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കത്തിയുമായെത്തി സ്വകാര്യഭാഗം ഛേദിച്ചത്. ഉമേഷ് വേദന കൊണ്ട് നിലവിളിച്ചതോടെ മഞ്ജു വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് സഹോദരൻ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഉമേഷിനെ കണ്ടത്. മുറിഞ്ഞ സ്വകാര്യ ഭാഗം തറയിൽ കിടക്കുന്നതും കണ്ടു. ഉടൻ തന്നെ കുടുംബം ഇയാളെ ആശുപത്രിയിലെത്തിച്ചു. ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് യുവാവിനെ വിധേയനാക്കി. പൂർണമായും സുഖം പ്രാപിക്കാൻ ഏകദേശം എട്ട് മാസം വരെ എടുത്തേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു.
വീട്ടുകാരുടെ പരാതിയിൽ ആദ്യം അജ്ഞാതനായ അക്രമിക്കെതിരെ കേസെടുത്ത പൊലീസ്, പിന്നീടാണ് മഞ്ജുവാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. മഞ്ജുവിന്റെ സഹോദരിയുമായി ഉമേഷിന് വളരെക്കാലമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.