സുഹൃത്തുക്കൾ വീട്ടിൽ വരുന്നത് എതിർത്ത മാതാവിനെ മകളും അഞ്ച് കൂട്ടുകാരും ചേർന്ന് കൊന്ന് കെട്ടിത്തൂക്കി

ബം​ഗളുരു: വീട്ടിൽ സുഹൃത്തുക്കൾ വരുന്നത് എതിർത്ത മാതാവിനെ മകളും കൂട്ടുകാരും ചേർന്ന് ശ്വാസം മുട്ടിച്ചുകൊന്ന് സാരിയിൽ കെട്ടിത്തൂക്കി. ക‍ർണാടക ദക്ഷിണ ബംഗളൂരു ഉത്തരഹള്ളിയിൽ 17 വയസുള്ള പെൺകുട്ടിയാണ് സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയായി വരുത്തിത്തീർക്കാനാണ് സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതെന്നും പൊലീസ് പറഞ്ഞു. ഉത്തരഹള്ളിയിൽ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്.

ഉത്തരഹള്ളിയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കൊലപാതകശേഷം പെൺകുട്ടി വീട് പൂട്ടി ദിവസങ്ങളോളം മുത്തശ്ശിയുടെ വീട്ടിലേക്ക് മാറിതാമസിച്ചതായും പറയുന്നു. ആദ്യം സ്ത്രീ തൂങ്ങിമരിച്ചതാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ മുത്തശ്ശിയുടെ വീട്ടിലെത്തി പെൺകുട്ടി പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ തോന്നിത്തുടങ്ങിയതോടെ നേത്രാവതിയുടെ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.

പ്രതികളായ പെൺകുട്ടിയേയും അഞ്ച് ആൺകുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. 13 വയസുള്ള ഏഴാം ക്ലാസുകാരനായ ആൺകുട്ടിയൊഴിച്ച് എല്ലാവരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്.

മരിച്ച സ്ത്രീ ഒരു ലോൺ റിക്കവറി കമ്പനിയിൽ ടെലികോളറായി ജോലി ചെയ്തു വരികയായിരുന്നു. ഒക്ടോബർ 25 ന് രാത്രി 10.30 നും ഒക്ടോബർ 27 ന് ഉച്ചക്ക് 12 നും ഇടയിലാണ്കൊലപാതകം നടന്നതെന്നാണ് നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

അനാവശ്യമായി സുഹൃത്തുക്കൾ വീട്ടിൽ വരുന്നതിന് പൊലീസിനെ വിളിക്കും എന്ന് മാതാവ് പറഞ്ഞതാണ് പ്രകോപനകാരണമായി പറയുന്നത്. മകളുടെ വിശദമായ മൊഴി എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Bengaluru Woman Killed By Daughter's Friends After She Objects Their Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.