മാരാരിക്കുളം: ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും പരിക്കേൽപിച്ചു. ഗുരുതര പരിക്കേറ്റ ബാർ ജീവനക്കാരൻ ആലപ്പുഴ പൂന്തോപ്പ് കണ്ടത്തിൽ ഹൗസിൽ സന്തോഷിനെ (55) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദിനെ (27) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷന് മുന്നിലെ ബാറിന്റെ ഗേറ്റിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ജീവനക്കാരനെ ആളുകൾ നോക്കിനിൽക്കെ വെട്ടിയും കുത്തിയും പരിക്കേൽപിക്കുകയായിരുന്നു. ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രമോദിനെ ജീവനക്കാർ പുറത്താക്കിയിരുന്നു. തുടർന്ന് ഗേറ്റിലേക്ക് നടക്കവെ യൂനിഫോം ധരിച്ചു നിന്ന ജീവനക്കാരനു നേരെ ഇയാൾ കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയും വീണപ്പോൾ പലതവണ കുത്തുകയും വെട്ടുകയുമായിരുന്നു. പരിക്കേറ്റ സന്തോഷിനെ ബാർ ജീവനക്കാർ ചേർത്തല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മാരാരിക്കുളം പൊലീസ് സ്റ്റേഷന് 80 മീറ്റർ അകലെ നടന്ന ആക്രമണം തടയാൻ പൊലീസിന് കഴിഞ്ഞില്ല. എന്നാൽ, പിന്നീട് പ്രതിയെ പിടികൂടി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.