മുംബൈ: ഭർത്താവ് ബാങ്ക് വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാര്യയെ ബാങ്ക് ജീവനക്കാരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. നവി മുംബൈയിലാണ് സംഭവം. 36കാരിയായ ശീതൾ നിഗം ആണ് കൊല്ലപ്പെട്ടത്. സമാധാൻ ലാൻഡ്വേ (38) എന്ന ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ശീതൾ നിഗവും സമാധാൻ ലാൻഡ്വേയും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നു. തന്‍റെ ബാങ്കിൽ നിന്നും സമാധാൻ ലാൻഡ്വേ സ്വന്തം പേരിൽ 6.5 ലക്ഷത്തിന്‍റെ പേഴ്സണൽ ലോൺ എടുത്ത് നിഗമിന്‍റെ ഭർത്താവിന് നൽകി. എന്നാൽ, കോവിഡും മറ്റും പ്രതിസന്ധി സൃഷ്ടിച്ചതോടെ വായ്പ കൃത്യമായി തിരിച്ചടക്കാൻ നിഗമിന്‍റെ ഭർത്താവിന് കഴിഞ്ഞില്ല. ഇതേത്തുടർന്ന് ഇവർ പലപ്പോഴും വഴക്കിട്ടിരുന്നു.
ഒക്ടോബർ 21ന് സമാധാൻ ലാൻഡ്വേ നിഗത്തെ കാണാൻ വീട്ടിലെത്തുകയും വഴക്കിടുകയും ചെയ്തു. ഒന്നുകിൽ വായ്പ തിരിച്ചടക്കണമെന്നും അല്ലെങ്കിൽ മരിക്കാൻ തയാറായിക്കോളൂവെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നിഗത്തെ കൊണ്ട് നിർബന്ധിപ്പിച്ച് ആത്മഹത്യ കുറിപ്പ് എഴുതിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹത്തിന്‍റെ കഴുത്തിൽ സാരി മുറുക്കി ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇയാൾ സ്ഥലം വിടുകയായിരുന്നു.
പിന്നീട്, മൃതദേഹവും ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. പൊലീസ് അന്വേഷണത്തിൽ സമാധാൻ ലാൻഡ്വേയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ച് സൂചന ലഭിച്ചു. ചോദ്യംചെയ്യലിൽ ആദ്യം ഇയാൾ ഒന്നുമറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.