സി​ന്ധു, ഭ​ര്‍ത്താ​വ് ശ്രീ​രാ​ജ്, പ്ര​വീ​ണ്‍, മ​ഹേ​ഷ് 

ഹ​ണി ട്രാ​പ്പി​ൽ യു​വ വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ; യു​വ​തി​യും ഭ​ര്‍ത്താ​വു​മ​ട​ക്കം നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ൽ

എടക്കര: ഹണി ട്രാപ്പ് ഭീഷണിയെ തുടർന്ന് യുവ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയും ഭര്‍ത്താവുമടക്കം നാലുപേര്‍ അറസ്റ്റിലായി. ചുങ്കത്തറ പള്ളിക്കുത്ത് കാവാലംകോട്‌ സ്വദേശിയും ഡല്‍ഹിയില്‍ വ്യവസായിയുമായിരുന്ന തോണ്ടുകളത്തില്‍ രതീഷ് (42) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

രതീഷിന്റെ നാട്ടുകാരിയും സഹപാഠിയുമായ പള്ളിക്കുത്ത് ഇടപ്പലം സിന്ധു (41), ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ എന്ന മണിക്കുട്ടന്‍ (38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടുപറമ്പില്‍ മഹേഷ് (25) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കേസിലെ അഞ്ചാം പ്രതി സാബു ഒളിവിലാണ്. ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ രതീഷ് കഴിഞ്ഞ ജൂണ്‍ 11നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. തുടര്‍ന്ന് എടക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. രതീഷിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികള്‍ രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്.

തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിന്ധു പലപ്പോഴായി പല ആവശ്യങ്ങള്‍ പറഞ്ഞ് രതീഷില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പണം തിരിച്ചുകൊടുക്കാതിരിക്കാനും കൂടുതല്‍ പണം തട്ടിയെടുക്കാനും സിന്ധുവും ഭര്‍ത്താവ് ശ്രീരാജും ചേര്‍ന്നാണ് ഹണി ട്രാപ്പ് പദ്ധതി തയാറാക്കിയത്. സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും സാബുവിനേയും കൂട്ടി.

2024 നവംബര്‍ ഒന്നിന് നാട്ടിലെത്തിയ രതീഷിനെ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി. സിന്ധുവിന്റെ വീട്ടിലെത്തിയ രതീഷിനെ പ്രതികള്‍ മുറിയില്‍ പൂട്ടിയിട്ട് മർദിച്ച് അവശനാക്കിയ ശേഷം നഗ്നവീഡിയോകള്‍ പകര്‍ത്തി. ശ്രീരാജും സിന്ധുവും രതീഷിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ രതീഷിന്റെ ഭാര്യക്ക് പ്രതികള്‍ വിഡിയോ അയച്ചുകൊടുക്കുകയും മാപ്പ് പറയാന്‍ നിര്‍ബന്ധിപ്പിച്ച് വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് ഡല്‍ഹിലേക്ക് പോയ രതീഷ് 2025 മേയ് മാസം സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയിരുന്നു.

കടുത്ത മാനസിക സമ്മർദത്തിലായിരുന്ന രതീഷ് ജൂണ്‍ 11ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. രതീഷിനെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വിഡിയോകള്‍ പൊലീസ് പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. വീഡിയോ കോടതിയില്‍ ഹാജരാക്കും. എസ്.ഐ എസ്. സതീഷ് കുമാര്‍, എ.എസ്.ഐ പി. ഷീജ, എസ്.സി.പി.ഒ വി. അനൂപ്, സി.പി.ഒമാരായ എ. സുദേവ്, രേഖ, നജുമുദ്ദീന്‍, ഡാൻസാഫ് അംഗങ്ങളായ ടി. നിബിൻദാസ്, നിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - arrest on honey trap death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.