മോഷണം നടന്ന അടൂർ ബിവറേജസ് ഔട്ട്​ലറ്റ്​ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

അടൂർ ബിവറേജസ് ഔട്ട്ലറ്റിൽ മോഷണം: മദ്യവും മൊബൈൽഫോണുകളും കവർന്നു

അടൂർ: അടൂർ ബൈപാസിനരികിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിൽ മോഷണം നടന്നു. മദ്യം ഉൾപ്പെടെ മോഷണം പോയി. പണം സൂക്ഷിച്ചിരുന്ന ചെസ്റ്റ് സേഫ് ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം. ബിവറേജസിന്‍റെ പിന്നിലൂടെയാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ച് ഇരുമ്പ് ഗ്രില്ലിന്റെയും ഷട്ടറിന്‍റെ ഇരുവശത്തെയും പൂട്ട് തകർത്തത്. അകത്തുകയറിയ മോഷ്ടാക്കൾ കൈയിൽ കരുതിയ ആയുധവും സിമന്‍റ് കട്ടയും ഉപയോഗിച്ച് പൂട്ട് തകർക്കാൻ ശ്രമിച്ചു. ഇതോടെ ലോക്കറിന്‍റെ പിടി ഇളകിപ്പോയി. ശ്രമം വിഫലമായതോടെ റാക്കിൽ വെച്ചിരുന്ന മദ്യക്കുപ്പികളുമായി മോഷ്ടാക്കൾ കടക്കുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താതിരിക്കാൻ സി.സി ടി.വിയുടെ ഡി.വി.ആർ യൂനിറ്റ് ഇളക്കിക്കൊണ്ടുപോകുകയും ചെയ്തു. മേശയിൽ സൂക്ഷിച്ച രണ്ട് മൊബൈൽ ഫോണും മോഷണം പോയി. സി.സി ടി.വി അനുബന്ധ സാധനങ്ങളും മറ്റ് ഉപകരണങ്ങളും മോഷണം പോയ ഇനത്തിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, എത്ര രൂപയുടെ വിദേശമദ്യം മോഷണം പോയി എന്നത് സംബന്ധിച്ച് കണക്കെടുപ്പിന് ശേഷമേ പറയാൻ കഴിയൂ.

വെള്ളിയാഴ്ച വൈകിയും കണക്കെടുപ്പ് തുടരുകയാണ്. അടൂർ ഡിവൈ.എസ്.പി ആർ. ബിനു, സി.ഐ ടി.ഡി. പ്രജീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗർ പ്രിന്‍റ് ടെസ്റ്റർ ഇൻസ്പെക്ടർ ബിജുലാൽ, രവികുമാർ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. കാൽകോടിയിലധികം വിറ്റുവരവുള്ള ഇവിടെ നാല് സുരക്ഷ ജീവനക്കാർ മുമ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരുമില്ല.

Tags:    
News Summary - Adoor Beverage Theft at the outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.