തൃപ്പൂണിത്തുറ: വധശ്രമം ഉൾപ്പെടെ പതിമൂന്നോളം കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ തൃപ്പൂണിത്തുറ എരൂർ പാമ്പാടിത്താഴം കോളനിയിൽ കണ്ടേറ്റിൽ വീട്ടിൽ ഉമേഷിനെ (35) ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും തൃക്കാക്കരയിൽനിന്ന് പിടികൂടി.
കഴിഞ്ഞ മാസം പ്രതിയുടെ മുൻ സുഹൃത്തായ ചെങ്ങമനാട് വലിയവളപ്പിൽ വീട്ടിൽ ധനേഷ് എന്നയാളെ ഫോണിൽ വിളിച്ചുവരുത്തി പ്രതിയും കൂട്ടാളികളും ചേർന്ന് പാമ്പാടിത്താഴം കോളനിക്ക് സമീപത്തെ ഗുഡ്സ് റെയിലിന് സമീപത്തുവെച്ച് ആക്രമിക്കുകയായിരുന്നു.
ധനേഷിനെ പ്രതിയും കൂട്ടാളികളും ചേർന്ന് വാരിയെല്ല് ചവിട്ടി ഒടിച്ച് റെയിലിന് സമീപം ഉപേക്ഷിച്ചു. സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ മറ്റു പ്രതികളായ ഇരുമ്പനം പനക്കാട്ടുപറമ്പിൽ വീട്ടിൽ അരവിന്ദ്, ലക്ഷംവീട് കോളനിയിൽ ഒഴുക്കനാട്ടുപറമ്പിൽ വീട്ടിൽ ശരത് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കഞ്ചാവ് തമിഴ്നാട്ടിൽ എത്തിച്ച് വിതരണം ചെയ്യുന്ന പ്രതികൾക്കെതിരെ നിരവധി മയക്ക് മരുന്ന് കേസുകൾ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും ഉണ്ട്.
തൃക്കാക്കര അസി. കമീഷണർ പി.വി. ബേബി മേൽനോട്ടം വഹിച്ച സംഘത്തിലെ എസ്.ഐമാരായ പ്രദീപ് എം. ഷമീർ, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ, ശ്രീനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.