പ്രവാസിയുടെ കൊല: മൂന്നുപേർ കൂടി അറസ്റ്റിൽ; മുഖ്യപ്രതി യഹ്​യയെ പിടികൂടാനായില്ല

പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചും മുറിവേല്‍പിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹ്​യയെ അറസ്റ്റ് ചെയ്യാനായില്ല. കടന്നുകളയാൻ ഇയാളെ സഹായിച്ച മൂന്ന് പേര്‍കൂടി ഞായറാഴ്ച പൊലീസിന്‍റെ പിടിയിലായി.

കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ (23) എന്നിവരെയാണ് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടത്തിയ ശേഷം കേസിലെ മുഖ്യപ്രതിയായ യഹ്യയെ ഒളിവില്‍ പോകുന്നതിന് അങ്ങാടിപ്പുറത്ത് മൊബൈല്‍ഫോണും സിം കാര്‍ഡും എടുത്തുകൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനാണ് മൂന്നുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഈ മാസം 19ന് സംഭവശേഷം യഹ്യക്ക് പുതിയ സിം കാര്‍ഡും മൊബൈല്‍ഫോണും എടുത്തു കൊടുത്തത് നബീലാണ്. നബീലിന്‍റെ ഭാര്യസഹോദരന്‍റെ പേരിലാണ് സിം കാർഡ് എടുത്തുകൊടുത്തത്‌. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാര്‍പ്പിച്ചതിനുമാണ് മരക്കാറിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മരക്കാര്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്.

മുഖ്യപ്രതി യഹ്യയെ അടക്കം കിട്ടാനുള്ള മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികളെ സംരക്ഷിക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രത്യേക അന്വേഷണസംഘ തലവന്‍കൂടിയായ ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, മേലാറ്റൂര്‍ സി.ഐ ഷാരോണ്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Abdul Jaleel murder: Three more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.