വരയാടിനെ കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോ; മലയാളി വൈദികന്‍ ജയിലില്‍

ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത വൈദികനേയും സുഹൃത്തിനയും അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് പിടിയിലായത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെയുളള കേസ്. ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊളളാച്ചിയില്‍ നിന്നും വാല്‍പാറയിലേക്കുളള യാത്രയിലാണ് വൈദികന്‍ വരയാടിന്റെ രണ്ട് കൊമ്പുകളിലും പിടിച്ച് നിര്‍ത്തി ഫോട്ടോയെടുക്കുന്നത്. ഈ ചിത്രം ഒരു സഞ്ചാരി പകര്‍ത്തി തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്.

തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുളള സംരക്ഷിത മൃഗവുമാണ് വരയാട്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം സംഭവം വലിയ പ്രശ്‌നമായതും മറ്റൊരാള്‍ ചിത്രം പകര്‍ത്തിയതും മറ്റും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. വാല്‍പാറയില്‍ നിന്ന് തന്നെ ആറാം തീയതി തന്നെ ഇവര്‍ മടങ്ങിയിരുന്നു.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് വൈദികനും സുഹൃത്തും അറസ്റ്റിലായത്. ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു. നിലവില്‍ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Tags:    
News Summary - holding a deer by its horns; Malayali priest in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.