പിടിയിലായവർ
കോഴിക്കോട്: നഗരത്തിൽ കഴിഞ്ഞ ദിവസം പൊലീസിനെയും പൊതുജനത്തെയും മണിക്കൂറോളം മാരകായുധങ്ങളുമായി ഭീതിയിൽ നിർത്തിയ ഗുണ്ടാസംഘത്തെ കസബ പൊലീസും അസി. കമീഷണർ ബിജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. വടിവാൾ വീശിയായിരുന്നു നാലുപേരടങ്ങിയ സംഘം അഴിഞ്ഞാടിയത്.
നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീൻ തങ്ങൾ (32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ (29), പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റ സംഘമായും രണ്ടു സംഘങ്ങളായി പിരിഞ്ഞും നഗരത്തിൽ ഭീതിപരത്തി കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. 25ന് രാത്രി ഒമ്പതിന് ആനി ആനി ഹാൾ റോഡിലൂടെ നടന്നുപോയ ആളുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു. തുടർന്ന് കോട്ടപ്പറമ്പ് പാർക്ക് റെസിഡൻസി ബാറിൽനിന്ന് ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാലയും പണമടങ്ങിയ പഴ്സും പ്രതികൾ കത്തിവീശി ആക്രമിച്ച് പിടിച്ചുപറിച്ചിരുന്നു.
മാവൂർ റോഡ് ശ്മശാനത്തിനു മുൻവശം പ്രതികൾ സമാനമായ രീതിയിൽ പഴ്സ് പിടിച്ചുപറിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ബോണറ്റിൽ വടിവാൾകൊണ്ട് വെട്ടുകയും തുടർന്ന് കസബ സ്റ്റേഷൻ പരിധിയിൽ ചെമ്മണൂർ ഗോൾഡ് ഷോറൂമിന്റെ പുറകിലുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന് താമസക്കാരനെ കല്ലുകൊണ്ട് തലക്കടിച്ചു പണം കവർച്ച നടത്തുകയും ചെയ്തു.
സ്ഥലത്തെത്തിയ കസബ പൊലീസിനെതിരെ വടിവാൾ വീശിയ പ്രതികളിൽ ഒരാളായ സിറാജുദ്ദീൻ തങ്ങളെ സംഭവസ്ഥലത്തുനിന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തുകയും പ്രതികൾ സഞ്ചരിച്ചുവന്ന മോട്ടോർ സൈക്കിളുകൾ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പുലർച്ച അൻഷിദിനെ പുതിയറയിൽവെച്ച് ഓടിച്ചിട്ടു പിടിച്ചു. മറ്റു രണ്ട് പ്രതികളെ അവരുടെ വീടുകളിൽ വെച്ച് സ്വർണമാലയടക്കമുള്ള മുതലുകളുമായി അറസ്റ്റ് ചെയ്തു.
സിറാജുദ്ദീൻ തങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കൊലപാതക കേസിലെ പ്രതി കൂടിയാണ്. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശത്തിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജ്, കസബ ഇൻസ്പെക്ടർ കെ. വിനോദൻ, എസ്.ഐമാരായ ജഗമോഹൻ ദത്തൻ, എം.എ. റസാഖ്, സീനിയർ സി.പി.ഒ പി. സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, സി.പി.ഒമാരായ രതീഷ്, സക്കറിയ, ഹോം ഗാർഡുമാരായ ജോർജ് മാത്യു, രാജീവൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി.കെ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.