പ്രതി അഫാൻ

വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല; അഞ്ച് പേരെ കൊന്ന് 23കാരൻ പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ വെട്ടിക്കൊന്ന് പ്രതി പൊലീസിൽ കീഴടങ്ങി. വെഞ്ഞാറമൂട് സ്വദേശി അഫാനാണ് (23) പൊലീസ് സ്റ്റേഷനിലെത്തിയത്. ആറുപേരെ താൻ വെട്ടിക്കൊന്നെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പെരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവിയുടെ മൃതദേഹം കണ്ടെത്തി. 88 വയസ്സുള്ള വൃദ്ധ തലക്കടിയേറ്റാണ് മരിച്ചത്. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എസ്.എൻ പുരം ചുള്ളാളത്ത് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരും കൊല്ലപ്പെട്ടു. യുവാവിന്‍റെ മാതാവ് ഷെമിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പ്രതി പിതാവിനൊപ്പം വിസിറ്റിങ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണെന്നാണ് വിവരം. മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട സഹോദരൻ അഫ്‌സാൻ. കൊലപാതകത്തിനു ശേഷം പ്രതി വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. ഇതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നു. ഇതു കൊടുക്കാത്തതിന്‍റെ പ്രകോപനത്തിലാണ് കൊലപാതക പരമ്പര നടത്തിയെന്ന് സൂചനയുണ്ട്. ഇയാൾ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - 23 year old man murdered family members at Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.