ജാദവ് പൂർ യൂനിവേഴ്സിറ്റി വിദ്യാർഥിയുടെ മരണം: രണ്ടുപേർ കൂടി അറസ്റ്റിൽ; ലൈംഗികാതിക്രമത്തിന് ഇരയായോ എന്നും അന്വേഷണം

കൊൽക്കത്ത: ​ജാദവ് പൂർ യൂനിവേഴ്സിറ്റിയിലെ 18 വയസുള്ള വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയായ ദീപ്ശേഖർ ദത്ത, രണ്ടാംവർഷം സോഷ്യോളജി വിദ്യാർഥി മനോതോഷ് ഘോഷ് എന്നിവരാണ് അറസ്റ്റിലായത്.

​മരണവുമായി ബന്ധപ്പെട്ട് യൂനിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി സൗരഭ് ചൗധരിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ആഗസ്റ്റ് 22വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ചൗധരി 2022ലാണ് പി.ജി പൂർത്തിയാക്കിയത്. അതിനു ശേഷവും കോളജ് ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുകയായിരുന്നു.

കടുത്ത റാഗിങ്ങിനിരയായിരുന്നു മരിച്ച വിദ്യാർഥിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കിയും ലൈംഗിക വേഴ്ചകളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തിരുന്നത് എന്നാണ് ആരോപണം. ഇത്തരം പരാതികള്‍ വ്യാപകമായതോടെ സ്വപ്‌നദീപ് കുണ്ടു ഏതെങ്കിലുംരീതിയിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായോ എന്നാണ് അന്വേഷിക്കുന്നത്.

​ആഗസ്റ്റ് ഒമ്പതിന് രാത്രി 11.45ഓടെയാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥിയായ സ്വപ്‌നദീപ് കുണ്ടുവിനെ ഹോസ്റ്റലിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. താൻ വല്ലാതെ ഭയക്കുന്നതായി ബുധനാഴ്ച വൈകീട്ട് സ്വപ്‌നദീപ്  അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് അമ്മ ചോദിച്ചപ്പോൾ, പെട്ടെന്നു തന്നെ ​തന്റെയടുത്തേക്ക് വരാനായിരുന്നു ആവശ്യപ്പെട്ടത്. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞു. അമ്മ പിന്നീട് സ്വപ്‌നദീപിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മകൻ കെട്ടിടത്തിൽ നിന്ന് താഴെ വീണെന്നും ഉടൻ കോളജിലെത്തണമെന്നും പറഞ്ഞ് ഒരു ഫോൺ സന്ദേശം വന്നു. രക്ഷിതാക്കൾ എത്തുമ്പോൾ മൃതദേഹം പൂർണമായി മൂടിയ നിലയിലായിരുന്നു. എന്നാൽ മകന്റെ ശരീരത്തിലേറ്റ മർദനത്തിന്റെ പാടുകൾ ഡോക്ടർമാർ കാണിച്ചു തന്നുവെന്നും അവർ പറയുന്നു. റാഗിങ്ങിനിടെയല്ലാതെ ഇതെങ്ങനെ സംഭവിക്കുമെന്നും അവർ ചോദിക്കുന്നു. സ്വപ്‌നദീപിന്റെ പിതാവ് രാംപ്രസാദ് കുണ്ടു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - 2 more arrests, sex harassment probe in Jadavpur University student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.