അരുൺ, ഷൺമുഖദാസ്
തൃശൂർ: വാഹനത്തിന്റെ രഹസ്യ അറയില്‍നിന്ന് 154.3 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വാഹനം ഓടിച്ചിരുന്ന ഷൊർണൂര്‍ പരുത്തിപ്ര ഇടത്തൊടി അരുണ്‍ (27), പാലക്കാട് പള്ളിപ്പുറം തെക്കേപ്പുരക്കല്‍ ഷണ്മുഖദാസ് (28) എന്നിവരെയാണ് തൃശൂര്‍ അഡീഷനൽ ജില്ല ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്.
2021 ആഗസ്റ്റ് ഒന്നിന് പാലിയേക്കര ടോൾ പ്ലാസക്ക് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ഐഷര്‍ ടെംപോ വാഹനത്തിന്റെ പ്ലാറ്റ്ഫോമിനിടയില്‍ ഘടിപ്പിച്ച രഹസ്യ അറയില്‍നിന്നാണ് 94 പാക്കറ്റുകളിലായി കഞ്ചാവ് പിടിച്ചെടുത്തത്.
ചാലക്കുടി ഡിവൈ.എസ്.പിആയിരുന്ന സി.ആര്. സന്തോഷ് നല്കിയ വിവരത്തെ തുടര്‍ന്ന് പുതുക്കാട് പൊലീസാണ് ടോള്‍ പ്ലാസക്കു സമീപം പരിശോധന നടത്തി കഞ്ചാവ് കടത്തി കൊണ്ടുവന്ന വാഹനം തടഞ്ഞത്. വാഹനം ഓടിച്ചിരുന്ന അരുണിനെയും വാഹനത്തിലുണ്ടായിരുന്ന ഷണ്മുഖദാസിനെയും ചോദ്യം ചെയ്തപ്പോള്‍ വാഹനത്തിന്റെ ടൂള്‍ ബോക്സിലുണ്ടായിരുന്ന രണ്ടു പൊതികള്‍ ആദ്യം കണ്ടെടുത്തു.
തുടര്‍ന്നാണ് വാഹനത്തിന്റെ പ്ലാറ്റ്ഫോമിനടിയില്‍ പ്രത്യേകം നിർമിച്ച ട്രോളി പോലെ വലിച്ചെടുക്കാവുന്ന അറയില്‍നിന്ന് 92 പൊതി കഞ്ചാവ് കണ്ടെടുത്തത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 26 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി. ഇരിങ്ങാലക്കുട മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍തന്നെ സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനക്കയച്ചു. കഞ്ചാവ് കണ്ടെടുക്കുന്നതിന് സാക്ഷിയായ കോടാലി സ്വദേശി സിബിന്, ടോള്‍ പ്ലാസ ജീവനക്കാരനായിരുന്ന വിഷ്ണു, പുലക്കാട്ടുകര സ്വദേശി സ്രൂയിന് എന്നിവരുടെ സാക്ഷിമൊഴികള്‍ കേസില്‍ നിർണായക തെളിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.