ഇതുവരെ 10 ജില്ലകളിലായി 12 വിവാഹം; അടുത്ത വിവാഹത്തിന് ഒരുങ്ങിനിൽക്കവെ യുവതി പിടിയിലായി

തിരുവനന്തപുരം: 12 വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതി പൊലീസിന്‍റെ പിടിയിലായി. എറണാകുളം, കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ചന്ദ്രശേഖരനാണ് (35) പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹം നിശ്ചയിച്ചിരുന്നെന്നുമാണ് ലഭ്യമാകുന്ന വിവരം.

മാട്രിമോണിയിൽ സൈറ്റിൽ വിവാഹപരസ്യം നൽകിയാണ് ഇവർ യുവാക്കളെ വലയിലാക്കുന്നത്. ആര്യനാട് പഞ്ചായത്തംഗമായ യുവാവിനെ വിവാഹം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകാൻനിന്ന രേഷ്മയെ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസം മാട്രിമോണിയൽ പരസ്യത്തിൽ രേഷ്മയുടെ വിഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം വിളിക്കുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പർ നൽകി. ഫോണിൽ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളിൽവച്ച് കണ്ടുമുട്ടി. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മക്ക് താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

സംസ്കൃതത്തിൽ പിഎച്ച്.ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂൺ ആറിന് വിവാഹത്തിനും സമ്മതിച്ചു. അഞ്ചിന് വൈകിട്ട് തിരുവനന്തപുരം വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്തിന്‍റെ ഭാര്യ യുവതി ബ്യൂട്ടി പാർലറിൽ പോയ നേരം ബാഗ് പരിശോധിക്കുകയായിരുന്നു.

45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്നാണ് കബളിപ്പിച്ചതായി പഞ്ചായത്ത് അംഗവും ബന്ധുക്കളും മനസിലാക്കിയത്. വരൻ നൽകുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാൻ. പിറ്റേന്ന് തൊടുപുഴയിൽ പുസ്തകം വാങ്ങാൻ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു. അടുത്ത മാസം തിരുവനന്തപുരത്തുള്ള മറ്റൊരാളെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. അമ്മയുടേത് എന്ന് കരുതുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ രേഷ്മയാണ് നമ്പർ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അമ്മ എന്ന വ്യാജേന ഇവർതന്നെയാണ് വരന്‍റെ കുടുംബവുമായി സംസാരിക്കുന്നത് എന്നാണ് നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.