???????? ??????????

ഏകാകിയായ സിനിമക്കാരന്‍

ഏകാന്തതയെ കളിത്തോഴനാക്കി സിനിമയുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ച സംവിധായകനാണ് കവിയൂര്‍ ശിവപ്രസാദ്. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ ശിവപ്രസാദ് ശ്രമിച്ചു. അതുകൊണ്ടുതന്നെ പ്രതിസന്ധികള്‍ ആവോളമുണ്ടായിരുന്നു അദ്ദേഹത്തിനു മുന്നില്‍. എട്ട് സിനിമകള്‍, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യചിത്രങ്ങള്‍, അധ്യാപകന്‍, എഴുത്തുകാരന്‍... കവിയൂര്‍ ശിവപ്രസാദിന്‍െറ സ്വന്തം അക്കൗണ്ടിലുള്ളത് ഇത്രയൊക്കെയാണ്. എന്നിട്ടും അര്‍ഹമായ പരിഗണന മലയാള സിനിമ നല്‍കിയോ എന്ന് ചോദിക്കുമ്പോള്‍ ശാന്തനായി അദേഹം പറയും: ‘‘ഞാന്‍ സിനിമയെടുക്കുന്നത് എന്‍െറ സംതൃപ്തിക്കുവേണ്ടി മാത്രമാണ്. എന്‍െറ സ്വതന്ത്രമായ ആവിഷ്കാരമാണ് എന്‍െറ ഓരോ സിനിമയും...’’

സിനിമകള്‍ കണ്ടുനടന്ന ബാല്യം
പ്രേംനസീറിന്‍െറയും സത്യന്‍െറയും സിനിമകള്‍ പുറത്തിറങ്ങിയ സമയത്ത്, മിക്കതും വിടാതെ കണ്ടിരുന്ന കൊച്ചു പയ്യനായിരുന്നു ശിവപ്രസാദ്. തിരുവല്ലയിലെയും ചങ്ങനാശ്ശേരിയിലെയും തിയറ്ററുകളില്‍നിന്നാണ് അന്ന് സിനിമകള്‍ കണ്ടിരുന്നത്. നടന്‍ ആകാനായിരുന്നു കൊച്ചു ശിവപ്രസാദിന്‍െറ മോഹം. അതിനുള്ള കഴിവും പ്രാപ്തിയും ഇല്ളെന്ന തോന്നലില്‍ അതുപേക്ഷിച്ചു. ചങ്ങനാശ്ശേരിയില്‍ അന്നുണ്ടായിരുന്ന ഫിലിം  സൊസൈറ്റി പ്രസ്ഥാനം സിനിമാസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള മികച്ചൊരു തട്ടകമായിരുന്നു. അവിടെ ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയുടെ ഗൗരവതലവും സൗന്ദര്യബോധവും ശിവപ്രസാദിനെ ആഴത്തില്‍ ചിന്തിപ്പിച്ചത്. പഥേര്‍ പഞ്ചലി, അപരാജിതോ, സുവര്‍ണരേഖ തുടങ്ങി അക്കാലത്ത് പുറത്തിറങ്ങിയ നല്ല സിനിമകള്‍ അവിടെനിന്നാണ് ശിവപ്രസാദ് കണ്‍നിറയെ കണ്ടത്. 
ബാല്യംതൊട്ടേ വായനയെ അദ്ദേഹം കൂടപ്പിറപ്പാക്കി. ഒഴിവുസമയങ്ങളില്‍ പുസ്തകങ്ങള്‍ പലതും വായിച്ചുകൂട്ടി. കൂടുതലും സിനിമയെക്കുറിച്ചുള്ളവയായിരുന്നു. തിരുവല്ല മാര്‍ത്തോമാ കോളജിലെ ഡിഗ്രി പഠനസമയത്താണ് സത്യജിത്ത് റായിയെക്കുറിച്ചറിയുന്നതും വായിക്കുന്നതും. റായിയുടെ സിനിമകള്‍ക്ക് അന്താരാഷ്ട്ര നിലവാരമുണ്ടെന്നും ഇന്ത്യന്‍ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഇവക്ക് സാധിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. മലയാളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍െറ സിനിമകളും അദ്ദേഹം എഴുതിയ ലേഖനങ്ങളും മറ്റും തേടിപ്പിടിച്ച് വായിക്കാന്‍ ശ്രമിച്ചു. സിനിമാകാഴ്ചയും വായന അറിവും കൂടിച്ചേര്‍ന്നപ്പോള്‍ ശിവപ്രസാദിന്‍െറ മനസ്സില്‍ പതിയെ ഒരു സംവിധായകന്‍ രൂപപ്പെടുകയായിരുന്നു. 

പരസ്യചിത്രങ്ങളിലൂടെ ദൃശ്യഭാഷാ ലോകത്തേക്ക്
ഡിഗ്രി പഠനം പൂര്‍ത്തിയായപ്പോള്‍ അടുത്ത ലക്ഷ്യം എന്ത് എന്ന ചോദ്യത്തിന് ശിവപ്രസാദിന്‍െറ മനസ്സില്‍ വ്യക്തമായ ഉത്തരമുണ്ടായിരുന്നു -സംവിധായകന്‍. 1980-81 കാലഘട്ടത്തിലാണ് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിയ ആ സംഭവം ഉണ്ടാകുന്നത്. ആഗ്രഹം സഫലമാക്കാന്‍ ശിവപ്രസാദ് നേരെ വണ്ടി കയറിയതിന് പുണെയിലേക്കാണ്. 
പ്രവേശനപരീക്ഷയില്‍ ഒന്നാമനായി തന്നെ ശിവപ്രസാദ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പടിവാതില്‍ കടന്നു കയറി. അവിടെ വലിയൊരു ലോകം തന്നെ അദേഹത്തിനു മുന്നില്‍ തുറന്നിട്ടു. സിനിമയെക്കുറിച്ച് അതുവരെ അറിഞ്ഞ കാര്യങ്ങളെക്കാള്‍ കൂടുതല്‍ മനസ്സിലാക്കാനുണ്ടെന്ന് അവിടത്തെ പഠനത്തില്‍നിന്ന് ബോധ്യമായി. സിനിമയും വായനയും കാമ്പസ് പ്രവര്‍ത്തനങ്ങളുമായി ശിവപ്രസാദ് അവിടെ ശരിക്കും വിരാജിക്കുകയായിരുന്നു. 
ഒന്നാം റാങ്കോടെയാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സംവിധാന കോഴ്സ് പൂര്‍ത്തിയാക്കുന്നത്. സിനിമ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതിനാല്‍തന്നെ പഠനവും പരീക്ഷയുമെല്ലാം ശിവപ്രസാദിന് ഏറെ ഹരമുള്ളതാക്കി. പഠനാനന്തരം സുഹൃത്ത് തമിഴ്നാട്ടില്‍നിന്നുള്ള സ്വര്‍ണവേലുമൊത്ത് ഒരു പരസ്യചിത്ര കമ്പനി ആരംഭിച്ചു. 
‘അഡിക്ഷന്‍’ എന്നായിരുന്നു അതിന്‍െറ പേര്. മനസ്സുനിറയെ സിനിമയായിരുന്നെങ്കിലും പരസ്യം എന്ന ദൃശ്യകലയുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ആ ജോലി സഹായിച്ചു. പരസ്യരംഗത്ത് അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും പലതും വേണ്ടെന്നുവെച്ചു. സ്വര്‍ണവേലിന്‍െറ നല്ളൊരു സഹായിയായി ശിവപ്രസാദ് ഒതുങ്ങിക്കൂടി.  

പൂര്‍ത്തിയാകാതെപോയ ആദ്യ സിനിമ
പരസ്യചിത്രങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പംതന്നെ സിനിമാപ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാന്‍ ശിവപ്രസാദ് ശ്രമിച്ചു. അങ്ങനെയിരിക്കെ നാഷനല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനുമായി (എന്‍.എഫ്.ഡി.സി) സഹകരിച്ച് സിനിമ എടുക്കാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നു. സംവിധായകനിലേക്കുള്ള രംഗ പ്രവേശനം ഇവിടെനിന്ന് തുടങ്ങുകയാണ്. 
മലയാളത്തിന്‍െറ പ്രിയ കഥാകാരി മാധവിക്കുട്ടിയുമായി അന്ന് ശിവപ്രസാദിന് നല്ല സൗഹൃദമുണ്ടായിരുന്നു. മനസ്സില്‍ ഒരു കൊള്ളിയാന്‍ പോലെ സ്പര്‍ശിച്ച മാധവിക്കുട്ടിയുടെ ‘രുഗ്മിണിക്കൊരു പാവക്കുട്ടി’എന്ന കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. 
കഥ സിനിമയാക്കാന്‍ മാധവിക്കുട്ടി പൂര്‍ണസമ്മതം അറിയിച്ചു. അങ്ങനെ തിരക്കഥയും തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. എന്നാല്‍, ചില കാര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ മറ്റു ചില കാര്യങ്ങള്‍ തകിടംമറിഞ്ഞു. സിനിമക്ക് പണം മുടക്കാമെന്ന് സമ്മതിച്ച ആള്‍ പെട്ടെന്ന് പിന്മാറിയത് ശിവപ്രസാദിന് കനത്ത തിരിച്ചടിയായി. ഈ കഥ സിനിമയാക്കിയാല്‍ ഏറെ വിവാദം ഉണ്ടാകുമെന്ന് പറഞ്ഞ് നിര്‍മാതാവ് ഒഴിഞ്ഞുമാറി. അങ്ങനെ ആദ്യ സിനിമാമോഹം ഇരുളടഞ്ഞു. മാധവിക്കുട്ടിയുടെ മറ്റൊരു കഥയെടുത്ത് സിനിമയാക്കാം എന്ന ചിന്തയില്‍നിന്ന് ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അവയും പരാജയപ്പെട്ടു. 

തിരികെ നാട്ടിലേക്ക് 
സിനിമ എന്ന ആഗ്രഹം സഫലമാകാതിരുന്ന സമയത്ത് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അമ്മക്ക് സുഖമില്ളെന്ന് വിവരമറിയിച്ചപ്പോള്‍ കൂടുതലൊന്നും ചിന്തിച്ചില്ല. 1983ല്‍ നാട്ടില്‍ കഴിയുന്ന സമയത്ത് സുഹൃത്ത് വഴി ശിവപ്രസാദിന് മറ്റൊരു അവസരം ലഭിച്ചു. ജേക്കബ് തോമസ് എന്നയാളുമായി സഹകരിച്ച് ഒരു സിനിമയെടുക്കാന്‍ സാഹചര്യമുണ്ടായി. അദ്ദേഹം നിര്‍മിച്ച ‘മനസ്സിന്‍െറ തീര്‍ഥയാത്ര’ എന്ന സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതിയ സിനിമയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. കിട്ടിയ അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ശിവപ്രസാദ് അതേറ്റെടുത്തു.  അടൂര്‍ ഗോപാലകൃഷ്ണന്‍െറ ബന്ധുവായ നാരായണന്‍ ഉണ്ണിത്താനാണ് ആ സിനിമക്ക് തിരക്കഥ എഴുതിയത്. ‘ജലരേഖ’ എന്നായിരുന്നു ചിത്രത്തിന്‍െറ പേര്. സുകുമാരന്‍, വേണു നാഗവള്ളി, ജലജ, ജഗതി ശ്രീകുമാര്‍, സുകുമാരി എന്നിവരാണ് അഭിനയിച്ചത്. പക്ഷേ, ചിത്രം പാതിവഴിക്ക് മുടങ്ങി. നിര്‍മാതാവ് അസുഖം ബാധിച്ച് മരിച്ചതിനാല്‍ ആ സിനിമയും വെളിച്ചം കണ്ടില്ല. 

ആദ്യ സിനിമ വെളിച്ചം കാണുന്നു
വിക്രമോര്‍വശീയത്തെ ആധാരമാക്കി സംവിധാനംചെയ്ത ‘പുരൂരവസ്സ്’ എന്ന ചിത്രമാണ് ശിവപ്രസാദിന്‍െറ പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം. 1985ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യത്തെ ‘അതീന്ദ്രിയ’ സിനിമ എന്ന വിശേഷണമുള്ള ചിത്രമായിരുന്നു അത്. ആനന്ദ് ശങ്കറാണ് സിനിമയുടെ സംഗീതം നിര്‍വഹിച്ചത്. മൂന്നു കഥാപാത്രങ്ങള്‍ മാത്രമാണ് സിനിമയിലുണ്ടായിരുന്നത്. കാശിരാജ്യത്തെ പുരൂരവസ്സും ഉര്‍വശിയും പിന്നെ പുരൂരവസ്സിന്‍െറ പത്നിയും. എല്ലാവരും പുതുമുഖങ്ങള്‍. ഏറെ സൗന്ദര്യാത്മകതയോടെ ചിത്രീകരിച്ച ഈ ചിത്രം വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടായി. 

സാമൂഹികശ്രദ്ധയുള്ള സിനിമകള്‍ 
സാമൂഹികപ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നു എന്നതാണ് കവിയൂര്‍ ശിവപ്രസാദിന്‍െറ സിനിമകളുടെ പ്രത്യേകത. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും അതുതന്നെയായിരുന്നു. വേമ്പനാട് കായലിനു തീരത്തെ മുക്കുവ കുടുംബങ്ങളുടെ ജീവിതമായിരുന്നു സിനിമാപ്രമേയം. ജയഭാരതി, മഹേഷ്, രഞ്ജിനി, അസീസ് തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രത്തിന്‍െറ ഛായാഗ്രഹണം അശ്വിനി കൗളും സംഗീതം ലൂയീ ബാങ്ക്സും എഡിറ്റിങ് രേണു സലൂജയുമായിരുന്നു നിര്‍വഹിച്ചത്. ശിവപ്രസാദിന്‍െറ മാസ്റ്റര്‍ പീസായി കണക്കാക്കുന്നതും സംവിധായകന്‍ എന്ന നിലയില്‍ മികച്ച നേട്ടം കൈവന്നതും ഈ സിനിമയില്‍നിന്നാണ്. മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരത്തിനു പുറമെ, മലയാള സിനിമയെ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്താന്‍ ഒട്ടും സംഭാഷണങ്ങളില്ലാതെ ചിത്രീകരിച്ച ഈ സിനിമ മുന്നില്‍നിന്ന് മത്സരിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ശിവപ്രസാദിന് അവസരമൊരുക്കിയതും ഈ ചിത്രമാണ്. 
1992ല്‍ ടി. പത്മനാഭന്‍െറ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. എം.ജി. സോമന്‍, ശിവജി, പാര്‍വതി, പ്രേമചന്ദ്രന്‍, ഡോ. മീനാക്ഷി ശുക്ള എന്നിവരാണ് ഇതില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗൗരി എന്ന കഥയെ സിനിമയായി ആവിഷ്കരിക്കാന്‍ ഏറെ പ്രയാസമുണ്ടായെങ്കിലും കഥയുടെ സൗന്ദര്യാത്മകതയെ അതുപോലെ ചിത്രീകരിക്കാന്‍ ശിവപ്രസാദ് നന്നായി ശ്രമിച്ചു. 
കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതാണ്. ചിത്രത്തില്‍ വസുധ എന്ന കേന്ദ്ര കഥാപാത്രത്തെ വാണി വിശ്വനാഥാണ് അവതരിപ്പിച്ചത്. കേരളത്തിന്‍െറ അതി വിപ്ളവചരിത്രത്തിന്‍െറ നേര്‍സാക്ഷ്യമായി ഈ ചിത്രത്തെ വിലയിരുത്തുന്നു. നക്സല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഗ്രോ വാസു മുതലുള്ള ആളുകള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക ജൂറി പരാമര്‍ശം കുഞ്ചാക്കോ ബോബന് നേടിക്കൊടുത്ത സിനിമകൂടിയാണിത്. സാമ്പത്തികനേട്ടവും പ്രേക്ഷക ശ്രദ്ധയും ഈ സിനിമക്ക് ലഭിച്ചു. ഏറ്റവും അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭൂമിയിലുള്ളത് ആര്‍ക്കും സ്വന്തമാക്കി വെക്കാനുള്ളതല്ളെന്നും പരിസ്ഥിതിയെ അടുത്ത തലമുറക്ക് കൈമാറേണ്ടത് നിലവിലുള്ളവരുടെ കടമയാണെന്നും ഈ ചിത്രം ഉപദേശിച്ചു. 

വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്‍
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനും അവിടത്തെന്നെ പഠിപ്പിക്കാനും ശിവപ്രസാദിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രഫസറായും ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. നിലവില്‍ തിരൂര്‍ മലയാളം സര്‍വകലാശാലയിലും കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലും ജേണലിസം വിദ്യാര്‍ഥികള്‍ക്ക് ക്ളാസെടുക്കുന്നുണ്ട്. സിനിമാവിദ്യാര്‍ഥികള്‍ക്ക് ശിവപ്രസാദ് ഒരു മാര്‍ഗദര്‍ശിയാണ്. ഒരുപാട് പേര്‍ അദ്ദേഹത്തിന്‍െറ ശിക്ഷണത്തില്‍ സിനിമ മേഖലയില്‍ എത്തിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ശിവ പോലും അച്ഛന്‍െറ പാത പിന്തുടര്‍ന്നാണ് സിനിമയിലത്തെിയത്. 

സിനിമയെ കച്ചവടമാക്കുന്നതിനോട് യോജിപ്പില്ല
മലയാള സിനിമയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പൂര്‍ണമായി ശിവപ്രസാദ് അംഗീകരിക്കുന്നില്ല. സിനിമക്ക് അതിന്‍േറതായ ഭാഷയും ഗ്രാമറുമുണ്ട്. അത് മനസ്സിലാക്കാന്‍ പുതിയ ആളുകള്‍ക്ക് സാധിക്കുന്നില്ല. ഒരു കാര്യം എങ്ങനെ ഷൂട്ട് ചെയ്യണം, കാമറ എങ്ങനെ ചലിപ്പിക്കണം, ലോങ്ഷോട്ട്, ക്ളോസപ്പ്, മിഡ്, ഷോട്ട് എങ്ങനെയെടുക്കണം എന്നിവയെക്കുറിച്ചൊക്കെ വ്യക്തമായ ധാരണ വേണം. ഇപ്പോഴത്തെ സിനിമകളുടെ വലിയ ന്യൂനത എന്താണ് ചിത്രീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിയാം; പക്ഷേ, അത് എങ്ങനെ ആലേഖനം ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാത്തതാണെന്ന് അദ്ദേഹം പറയുന്നു. 
ഇന്നത്തെ മലയാള സിനിമ വലിയൊരു സാംസ്കാരികശൂന്യതയിലാണെന്നാണ് ശിവപ്രസാദിന്‍െറ അഭിപ്രായം. നല്ല സിനിമയുമായി ഒരാള്‍ വരുമ്പോള്‍ അയാളെ നമ്മള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ല. അതൊരു വിദേശ സിനിമയാണെങ്കില്‍ നമ്മളത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും. അതാണിവിടെ നടക്കുന്നത്. പുതിയ ആളുകളുടേതടക്കം ഒരുപാട് സിനിമകള്‍ അത്തരത്തില്‍ അറിയപ്പെടാതെ പോകുന്നുണ്ട്. 
കലയെ അതിന്‍െറ യഥാര്‍ഥ സ്പിരിറ്റോടെ ആവിഷ്കരിക്കുമ്പോള്‍ മാത്രമേ അതുകൊണ്ട് നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തിയാക്കാനാവൂ. ആരുടെയെങ്കിലും താല്‍പര്യങ്ങള്‍ക്കോ ഇഷ്ടങ്ങള്‍ക്കോ വഴങ്ങിക്കൊടുക്കേണ്ടിവരുമ്പോള്‍ അവിടെ കല പരാജയപ്പെടുന്നു. സാമ്പത്തികലാഭം ഉണ്ടാകുമായിരിക്കാം. എന്നാലും മനസ്സിലുദ്ദേശിച്ച കാര്യം നടക്കാതെ വരുമെന്നാണ് സിനിമയെ കച്ചവടമാക്കാന്‍ ആഗ്രഹിക്കാത്ത ഈ കലാകാരന്‍ പറയുന്നത്. ‘‘നിര്‍മാതാക്കളോട് ആദ്യമേതന്നെ ഞാന്‍ പറയാറുണ്ട്. എന്‍െറ സിനിമ തിയറ്ററില്‍ ഓടുമോ എന്നറിയില്ല. ചെലവാക്കിയ പൈസ തിരിച്ചുകിട്ടുമോ എന്നറിയില്ല. അവാര്‍ഡ് കിട്ടുമോ എന്നും അറിയില്ല. ഇതിനൊക്കെ സമ്മതമാണെങ്കില്‍ സിനിമയെടുക്കാമെന്ന്’’ -അദ്ദേഹം പറയുന്നു. 
മുഖ്യധാരാ സിനിമാപ്രവര്‍ത്തകരില്‍നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതിനോട് ശിവപ്രസാദിന് ഒരു പരിഭവവുമില്ല. മറ്റുള്ളവരുടെ മുന്നില്‍ വലിയൊരു സംവിധായകനാകണം, അറിയപ്പെടണം എന്നൊന്നും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ സിനിമയെടുക്കുന്നത് എന്‍െറ സംതൃപ്തിക്കുവേണ്ടി മാത്രമാണ്. മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അംഗീകാരങ്ങളെ വിലകൊടുത്ത് വാങ്ങാനും ശ്രമിച്ചിട്ടില്ല. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റു യോഗങ്ങള്‍ക്കോ പോകാറില്ല. അത്തരം കാട്ടിക്കൂട്ടലുകളോട് താല്‍പര്യവുമില്ല. ഇതുവരെയുള്ള സിനിമാപ്രവര്‍ത്തനങ്ങളില്‍ ഏറെ സംതൃപ്തനാണ്. സിനിമയിലും പുറത്തും ഏകാകിയാണ് കവിയൂര്‍ ശിവപ്രസാദ്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT