എന്‍െറ പ്രവാസത്തിന്‍െറയും വിവാഹത്തിന്‍െറയും രജത ജൂബിലി വര്‍ഷമാണ് 2017. നീണ്ട രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം, കാലപ്രവാഹത്തിനിടയില്‍ മരുക്കാറ്റിന്‍െറ ഉഷ്ണത്തിലൂടെ കുത്തിയൊലിച്ചുപോയ ജീവിതത്തിലെ യൗവന തീക്ഷ്ണവും ആനന്ദസുരഭിലവുമായ ആ നല്ല കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍ കാണുന്നത് ജീവിതത്തിന്‍െറ യാഥാര്‍ഥ്യങ്ങളുടെ ആഴം.
തൊണ്ണൂറുകളുടെ ആദ്യത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ട് സ്വപ്ന ഭൂമിയെ ലക്ഷ്യംവെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും നിറച്ചാര്‍ത്തുകളുണ്ടായിരുന്നു. പക്ഷേ, വാഗ്ദത്തഭൂമിയിലെ ആദ്യനാളുകളില്‍തന്നെ യാഥാര്‍ഥ്യങ്ങളുടെ തീക്കാറ്റില്‍ പെട്ടുഴറി മോഹനസ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി ധൂളികളായി പാറിപ്പോകുന്നത് നെഞ്ചിലെരിയുന്ന കനലുമായി കണ്ടുനില്‍ക്കാനായിരുന്നു നിയോഗം. അന്വേഷണത്തിന്‍െറ അറ്റം കാണാത്ത വീഥികളിലൂടെ തൊഴിലില്ലായ്മയുടെ വ്യാകുലതകളും പേറി നടന്ന കുറെ നാളുകള്‍... കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും... നെഞ്ചിന്‍െറ വിങ്ങലടങ്ങാതെ രാവിന്‍െറ അന്ത്യയാമങ്ങളില്‍പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍... പിന്നെ വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിനിടയില്‍, ലക്ഷോപലക്ഷങ്ങളില്‍ ഒരുവനായി ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ കരിക്കട്ടകളായി കഴിഞ്ഞിരുന്നു.
യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുകയും പ്രത്യാശകളുടെ മരവിപ്പിനാല്‍ മനസ്സ് അന്യവത്കരിക്കപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്ന മൃതി. ഈ ഈറയും ദുരയും ആകുലതകളുടെ ദീര്‍ഘയാമങ്ങളും ദാരുണമായ കുറെ സ്വപ്നങ്ങളായി ബാക്കികിടക്കുമ്പോള്‍.. വ്യര്‍ഥമായ കുറെ ചോദ്യങ്ങള്‍ നെഞ്ചിന്‍കൂടിനുള്ളില്‍ മുട്ടിത്തിരിയുന്നു. എന്തിനായിരുന്നു ഈ വഴി? ഇനിയും എങ്ങോട്ടീ പ്രയാണം! എന്നാണിനിയൊരു മോചനം? ഉത്തരം കിട്ടാത്ത പ്രഹേളികകളായി അവ കാലങ്ങളായി അവിടത്തെന്നെ ശേഷിക്കുകയാണ്. പൂര്‍വനിശ്ചയങ്ങളായിരിക്കാം..! അതുപറഞ്ഞ് മനസ്സങ്ങനെ സാന്ത്വനിക്കാന്‍ ശ്രമിക്കുമ്പോഴും മലവെള്ളപ്പാച്ചില്‍പോലെ കുത്തിയൊഴുകി എത്തുന്ന ഗൃഹാതുരതയുടെ വിങ്ങലും വ്യഥകളും ആത്മഗതങ്ങള്‍ക്ക് വഴി ഒരുക്കുന്നു. ഊറി ഒഴുകുന്ന ചുടുചോരയാല്‍ ഉള്ളമാകെ കുതിര്‍ന്നപോലെ.. സ്വയംനിന്ദ തോന്നുന്ന ചില അഭിശപ്ത നിമിഷങ്ങള്‍.
പഴിയും ഭള്ളും പോംവഴികളാക്കാന്‍ ശീലിക്കുകയാണോ മനസ്സ്! അറിയില്ല ഒന്നുമറിയില്ല... നിഴലുവീണു നിറം മങ്ങിപ്പോയ കുറേ ഓര്‍മകള്‍. നിലാവിലെന്ന പോലെ ഇടക്കിടെ മിന്നിത്തെളിയുമ്പോള്‍ അകത്തെന്തോ ഉരുകി ഇറ്റിറ്റു വീഴുന്നുണ്ടെന്നു മാത്രമറിയാം.. അത് ഹൃദയമാണോ, പ്രാണനാണോ..? അതോ കാല്‍പനികതയുടെ ഉരുക്കുമുഷ്ടിയില്‍ ഞെരിഞ്ഞൊടുങ്ങുന്ന അടിമയുടെ ദീനരോദനമോ? ഒന്നും നിശ്ചയം പോരാ.. അമരാനൊരു ശുഭചിന്തപോലും നീക്കിയിരിപ്പില്ലാതെ മാറിമാറി വരുന്ന അത്യുഷ്ണങ്ങള്‍ക്കും കടുത്ത ശൈത്യങ്ങള്‍ക്കും ഇടയില്‍പെട്ട് യൗവനം ഉരുകിയും മരവിച്ചും നഷ്ടപ്പെട്ടു പോവുന്നതറിയുമ്പോഴും എല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന കുറേ പാഴ്ജന്മങ്ങള്‍.
പിന്നിട്ട ഇടനാഴികകളിലേക്ക് എത്തിനോക്കുമ്പോള്‍ ആശകളുടെ വിടരാത്ത മൊട്ടുകള്‍; വാടിയ മൊട്ടുകള്‍; കൊഴിഞ്ഞു പോയ മൊട്ടുകള്‍ അവിടെ ഒത്തിരി കുന്നുകൂടി കിടപ്പുണ്ട്. എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സാന്ത്വനത്തിന്‍െറ തീര്‍ഥക്കുളിര്‍ പകര്‍ന്നുകൊണ്ടത്തെിയിരുന്ന കത്തുകള്‍, വിരഹത്തിന്‍െറ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത അക്ഷരങ്ങളുമായത്തെിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദു:ഖങ്ങള്‍ ഹൃത്തിലൊളിപ്പിച്ചിരുന്ന കാലം, പക്ഷേ ഇന്ന് കത്തുകളുടെ സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്‍െറ അകത്തളങ്ങളില്‍ അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്‍െറ കുതിപ്പും ആത്മാവിന്‍െറ തുടിപ്പും ഓര്‍മകളായി മാറിയിരിക്കുന്നു.
സമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്‍പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൗനങ്ങള്‍കൊണ്ട് ഒരു വാല്മീകം തീര്‍ത്ത് അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍. നാടും വീടും പ്രിയപ്പെട്ടവരും ഓര്‍മയില്‍ നൊമ്പരമായി ഉറഞ്ഞുകൂടുമ്പോള്‍ ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടുകളുമായി വേദനകളുടെ തുരുത്തുകളിലേക്ക് സ്വയം ഒഴുകിനീങ്ങുന്ന പ്രവാസിയുടെ മൗന നൊമ്പരങ്ങള്‍ തിരിച്ചറിയാനാവുന്നത് മറ്റൊരു പ്രവാസിക്ക് മാത്രം. വ്യാകുലതയുടെ വിഴുപ്പുകെട്ടുകളുമായി ഈ ഊഷരഭൂമിയില്‍ ജീവിച്ചു പോകാന്‍ പ്രേരകമാകുന്ന ഏക ഘടകം ഈ നാടുകളുടെ മുഖമുദ്രയായ സമാധാന അന്തരീക്ഷം ഒന്ന് മാത്രമാണ്. ബന്ദും സമരവും ഹര്‍ത്താലും പണിമുടക്കും തികച്ചും അന്യമായ ഗള്‍ഫ് രാഷ്ട്രങ്ങളിലെ നിയമങ്ങളുടെ കര്‍ക്കശ സ്വഭാവം കൊണ്ടാവാം അക്രമങ്ങളും ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവുന്നത്. ഈ മണ്ണില്‍ തനതായ വ്യക്തിത്വവും അഭിമാനബോധവും എന്നെന്നും കാത്തുസൂക്ഷിച്ചു പോരുന്നവരെങ്കിലും മലയാളി സമൂഹത്തിലെ ഭൂരിഭാഗവും ലോകത്തിന്‍െറ ദൈനംദിന ചലനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടി ബാങ്ക് റേറ്റും ശമ്പള വര്‍ധനവും രൂപയുടെ മൂല്യശോഷണവും മാത്രമറിയാന്‍ താല്‍പര്യം കാട്ടുന്നവരായി മാറിയിരിക്കുന്നു. അതിനിടയിലും ദിശാബോധമുള്ളവരും സര്‍ഗവാസനകള്‍ മുരടിച്ചുപോവാതെ ശ്രദ്ധിക്കുന്നവരുമായി അപൂര്‍വം ചിലരെ കണ്ടത്തൊനാവുമെങ്കിലും ഇവിടത്തെ യാന്ത്രിക ദിനങ്ങളുടെ തിക്കിലും തിരക്കിലും ആലസ്യത്തിലും പെട്ട് അവരും മൗനം മുറിക്കുന്നത് അത്യപൂര്‍വം. ഒടുവില്‍ ഈ എണ്ണപ്പാടങ്ങളുടെ വരണ്ട ഭൂമിയില്‍ ജീവന്‍െറ മുക്കാല്‍ പങ്കും ഹോമിച്ച് വിടപറയുമ്പോള്‍ സമ്പാദ്യമായി ബാക്കിയുണ്ടാവുക ഒരു പിടി രോഗങ്ങളായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും കാണില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും, ഭൂഗോളത്തിലെ ഒട്ടുമിക്ക രാജ്യക്കാരുമായുള്ള സൗഹൃദ വലയങ്ങള്‍, വ്യത്യസ്ത നാട്ടുകാരും ഭാഷക്കാരുമായുള്ള ആത്മബന്ധങ്ങള്‍, ഏതു സാഹചര്യത്തിലും ജീവിച്ചു പോകാന്‍ കഴിയുന്ന പക്വത, എന്ത് ജോലിയും ചെയ്യാനാവുമെന്ന കരുതലും ആത്മവിശ്വാസവും, ഒരുപാട് ജീവിത സാഹചര്യങ്ങളിലൂടെയുള്ള പ്രയാണങ്ങള്‍, അനുഭവ പാഠങ്ങള്‍, പാചകകലയില്‍നേടുന്ന പ്രാവീണ്യം തുടങ്ങി പ്രവാസജീവിതം കൊണ്ട് നേടാനാവുന്ന നല്ല വശങ്ങളുടെ ലിസ്റ്റ് അങ്ങനെ നീണ്ടുനീണ്ടു പോവുന്നു. ഇതൊന്നും കൂടാതെ, വര്‍ഷങ്ങളുടെ വിരസമായ കാത്തിരിപ്പിന് ശേഷം ഇടവേളകള്‍ക്ക് തുടക്കമാവുന്ന, ആകുലതകള്‍ക്കും വ്യാകുലതകള്‍ക്കും അറുതിയാവുന്ന പിറന്ന നാടിന്‍െറ പച്ചപ്പുകള്‍ തേടിയുള്ള ശരാശരി പ്രവാസിയുടെ ആ യാത്രയുടെ യാമങ്ങള്‍.. അനിര്‍വചനീയങ്ങളാണത്.
പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍, പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്‍െറ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍. അതെ, അത് പ്രവാസികള്‍ക്ക് മാത്രം സ്വന്തമായ നിമിഷങ്ങളാണ്, അത് തിരിച്ചറിയാനാവുന്നതും സമാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു പ്രവാസിക്ക് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.