പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം : വരുന്ന അക്കാദമിക വർഷത്തിൽ ഒരാഴ്ചവരെ നീണ്ടു നിൽക്കുന്ന അവധിക്കാല ചലച്ചിത്രോത്സവങ്ങൾ സംസ്ഥാന തലത്തിലും, ജില്ലാ ,ബി.ആർ.സി തലത്തിലും സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊതുവുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കലാഭവനിൽ സംഘടിപ്പിച്ച ഏകദിന ചലച്ചിത്രോത്സവം ഉദ്ഘടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏവരെയും ഉൾചേർത്ത് സാമൂഹ്യപരമായ പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാലയ നന്മകൾ കോർത്തിണക്കി സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും മുന്നേറുകയാണെന്നും, ഭിന്നശേഷി കുട്ടികളുടേയും അവരുടെ താങ്ങും തണലുമായ രക്ഷിതാക്കളെയും ട്രെയിനർമാരെയും അധ്യാപകരെയും പൊതുസമൂഹത്തിനെയാകെയും ചേർത്തുപിടിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ ചലച്ചിത്രോത്സവ കൂട്ടായ്മ എന്തുകൊണ്ടും പ്രത്യേകത നിറഞ്ഞതാണന്നും മന്ത്രി പറഞ്ഞു.

പുതിയ അക്കാദമിക വർഷവും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളിലെ ചലച്ചിത്ര താല്പര്യങ്ങൾ വളർത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ വളരെ ഗൗരവ സ്വഭാവത്തോടെയുള്ള പരിശീലനങ്ങളും ചലച്ചിത്ര പഠന ക്യാമ്പുകളും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി മേഖലയുടെ പ്രത്യേകതകളും ബോധവൽക്കരണവും ലക്ഷ്യമിട്ട് 2022 ഡിസംബർ മാസം ഒരു ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചിരുന്നു. ഏകദേശം 48 ഹ്രസ്വ ചിത്രങ്ങളാണ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ മാറ്റുരച്ചത്. ഇവയിൽ നിന്നും മികച്ച മൂന്ന് ഹ്രസ്വചിത്രങ്ങൾ ജൂറി അംഗങ്ങൾ തെരെഞ്ഞെടുത്തിരുന്നു. ഈ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് മന്ത്രി വിതരണം ചെയ്തത്. ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹമായ ഹ്രസ്വ ചിത്രങ്ങൾക്ക് യഥാക്രമം 25,000, 20,000, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാർഡ്.

ഇതോടൊപ്പം സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃക സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു. സെക്കണ്ടറി വിഭാഗത്തിൽ പത്തനംതിട്ട കോഴഞ്ചേരി ബി.ആർ.സിയിലെ പ്രിയ പി.നായർ, എലിമെന്ററി വിഭാഗത്തിൽ പാലക്കാട്, ഷൊർണൂർ ബി.ആർ.സിയിലെ പ്രസീത.വി എന്നിവരാണ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്. വിഭിന്നശേഷിക്കാരിയായ നേഹയായിരുന്നു ചടങ്ങിൽ ആദ്യാവസാനം അവതാരകയായത്. നേഹക്ക് പ്രത്യേക അനുമോദന ഉപഹാരവും മന്ത്രി നൽകി. ചടങ്ങിൽ മന്ത്രി അഡ്വ.ആന്റണി രാജു അധ്യക്ഷത വഹിച്ചു.

Tags:    
News Summary - V. Shivankutty said that film festivals will be organized under the leadership of the Public Education Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT