തിരുവനന്തപുരം: അധ്യാപക തസ്തിക നിർണയത്തിന് ജൂൺ 30 വരെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയ കുട്ടികളുടെ എണ്ണം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവിറങ്ങിയില്ല. ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പ് അനുസരിച്ചാണ് അതത് അധ്യയന വർഷത്തേക്കുള്ള അധ്യാപക തസ്തിക നിർണയിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ ആറാം പ്രവൃത്തി ദിനത്തിൽ ആധാർ ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
ഇത്തവണ ജൂൺ 10നായിരുന്നു ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പ്. പല കുട്ടികൾക്കും ആധാർ ജനറേറ്റ് ചെയ്ത് വന്നിട്ടില്ലെന്നും അവർക്കായി കൂടുതൽ സമയം വേണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ജൂലൈ അഞ്ചിന് നടന്ന അധ്യാപക യോഗത്തിൽ തസ്തിക നിർണയത്തിനു പരിഗണിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പിൽ ജൂൺ 30 വരെ രേഖകൾ സമർപ്പിച്ച വിദ്യാർഥികളെ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
അതിനു പിന്നാലെ ആറാം പ്രവൃത്തി ദിനം വരെ സമർപ്പിച്ച തിരിച്ചറിയൽ രേഖകളിൽ ചിലതിൽ പിശക് കണ്ടെത്തി. തിരിച്ചറിയൽ രേഖകളിലെ ചെറിയ പിശകുകൾ തിരുത്താൻ ജൂലൈ 16 വരെ സമയം നൽകി സർക്കുലർ ഇറക്കി. ചെറിയ പിശകുകൾ തിരുത്താനായില്ലെങ്കിൽ ആ കുട്ടികൾക്കായി ഡി.ഡി.ഇ തലത്തിൽ ജൂലൈ 21നകം നടത്തുന്ന ഹിയറിങ്ങിൽ ഹാജരാകണമെന്നും നിർദേശത്തിൽ പറയുന്നു.
അപ്പോഴും ജൂൺ 30 വരെ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നത് സംബന്ധിച്ച തുടർനടപടികളെക്കുറിച്ച് ഒന്നും പറയാത്തത് ആശങ്കയുളവാക്കുന്നതായി അധ്യാപക സംഘടനകൾ പറയുന്നു. സാങ്കേതിക തകരാറുകൾ മൂലം കുട്ടികൾക്ക് ആധാർ നമ്പർ ലഭ്യമാകാത്തതുകൊണ്ട് തസ്തിക നഷ്ടപ്പെട്ട് അധ്യാപകർ പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.