ജില്ലാതലം വഴി മറ്റൊരു നിയമനം ലഭിച്ചാല്‍

ജില്ലാതലം വഴി മറ്റൊരു നിയമനം ലഭിച്ചാല്‍
മലപ്പുറം ജില്ലയിലെ എല്‍.ഡി ക്ളര്‍ക്ക് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന എല്‍.ഡി ക്ളര്‍ക്ക് പരീക്ഷക്ക് കോഴിക്കോട് ജില്ലയില്‍ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ റാങ്ക്ലിസ്റ്റില്‍നിന്ന് മലപ്പുറം ജില്ലയില്‍ നിയമനം ലഭിച്ചതിനുശേഷം കോഴിക്കോട് ജില്ലയിലെ പരീക്ഷയെഴുതി ആ റാങ്ക്ലിസ്റ്റില്‍നിന്നും നിയമനം ലഭിച്ചാല്‍ അതില്‍ നിയമതടസ്സമുണ്ടോ? കോഴിക്കോട് ജില്ലയില്‍ നിയമനം ലഭിക്കുകയാണെങ്കില്‍ മലപ്പുറം ജില്ലയിലെ സര്‍വിസ് നഷ്ടപ്പെടുമോ? നിയമനം ഒരേ വകുപ്പില്‍ തന്നെയാണെങ്കില്‍ പഴയ സര്‍വിസ് ലഭിക്കുമോ? അബ്ദുല്‍ നാസര്‍, വെള്ളിമാടുകുന്ന്
ജില്ലാതല നിയമനത്തിലുള്ള അപേക്ഷക്ക് രണ്ട് നിബന്ധനകളാണുള്ളത്. ഒരേ വിജ്ഞാപനമനുസരിച്ച് ഒന്നിലധികം ജില്ലയിലേക്ക് അപേക്ഷിക്കാന്‍ പാടില്ല. മലപ്പുറം ജില്ലയിലേക്കും ഇപ്പോള്‍ കോഴിക്കോട് ജില്ലയിലേക്കും നാസര്‍ അപേക്ഷിച്ചത് രണ്ട് വിജ്ഞാപനമനുസരിച്ചാണ്. അതിനാല്‍ അതില്‍ നിയമതടസ്സമില്ല. ജില്ലാതല നിയമനം വഴി ഒരു തസ്തികയില്‍ ജോലിയിലിരിക്കെ അതേ തസ്തികക്ക് മറ്റൊരു ജില്ലയില്‍ അപേക്ഷിക്കുന്നതിനും വിലക്കുണ്ട്. മലപ്പുറം ജില്ലയില്‍ ജോലി ലഭിക്കുന്നതിനുമുമ്പാണ് കോഴിക്കോട് ജില്ലയില്‍ എല്‍.ഡി ക്ളര്‍ക്ക് തസ്തികക്ക് ഇപ്പോള്‍ അപേക്ഷിച്ചത്. അതിനാല്‍ ഇക്കാര്യത്തിലും നിയമതടസ്സമില്ല. സീനിയോറിറ്റി ഒഴിച്ച് മറ്റെല്ലാ കാര്യത്തിനും (ശമ്പള പരിഷ്കരണത്തിന്, പെന്‍ഷന്‍ ആനുകൂല്യത്തിന്, ശമ്പള നിര്‍ണയത്തിന്) ഒരേവകുപ്പില്‍ തന്നെയായാല്‍ പ്രബേഷന്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ വീണ്ടും പ്രബേഷന്‍ വേണ്ട. പുതിയ നിയമനം ജൂനിയര്‍ മോസ്റ്റ് ആയിട്ടായിരിക്കും. പഴയ സര്‍വിസ് ഇന്‍ക്രിമെന്‍റിനോ പ്രബേഷനോ പരിഗണിക്കില്ല.
മസ്ദൂര്‍ നിയമനം, പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ഇ.ബിയിലെ മസ്ദൂര്‍ റാങ്ക് ലിസ്റ്റില്‍ (കാറ്റഗറി നമ്പര്‍ 11/2011) 175ാം റാങ്കുകാരനായ മുസ്ലിം ഉദ്യോഗാര്‍ഥിയാണ്. ഒരുവര്‍ഷം മുമ്പ് 35 പേരെ നിയമിച്ചു. ഇപ്പോള്‍ 95 ഒഴിവുകള്‍ ഉണ്ടെന്നറിഞ്ഞു. ആകെ 130. എന്‍െറ ഊഴമത്തൊന്‍ ഇനി എത്രപേരെ നിയമിക്കണം? തൗഫീഖ്, വളാഞ്ചേരി ഈ ലിസ്റ്റില്‍നിന്ന് നിയമിക്കാന്‍ 106 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഴിവുകള്‍ മുഴുവന്‍ അഡൈ്വസ് ചെയ്തപ്പോള്‍ ഓപണ്‍ 127 വരെയും മുസ്്ലിം 147ാം റാങ്കുവരെയും ആയി. ഇനി ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റാങ്ക്ലിസ്റ്റിന്‍െറ കാലാവധി 31.12.16ന് കഴിയുകയും ചെയ്തു.
പി.എസ്.സി പരീക്ഷ ആറു മാര്‍ക്കിന്‍െറ ചോദ്യം ഒഴിവാക്കിയപ്പോള്‍
പി.എസ്.സി ഈ അടുത്തകാലത്ത് നടത്തിയ ഒരു പരീക്ഷയുടെ ആറു മാര്‍ക്കിന്‍െറ ചോദ്യം ഒഴിവാക്കിയിരുന്നു (കാറ്റഗറി നമ്പര്‍ 42/2016). ഒഴിവാക്കിയ ചോദ്യമുള്‍പ്പെടെ എന്‍െറ മകള്‍ക്ക് മൊത്തം 79 മാര്‍ക്കായിരുന്നു. ആറു മാര്‍ക്ക് കുറച്ചപ്പോള്‍ 73 മാര്‍ക്കായി. പി.എസ്.സിയുടെ ഈ നടപടി നിയമപരമായി ചോദ്യം ചെയ്യാനാകുമോ?
ഉസൈന്‍ ബാബു, കൊച്ചങ്ങാടി
ഉത്തരസൂചികയില്‍ ശരിയായ ഉത്തരമില്ലാതെ വരുമ്പോഴാണ് ആ ചോദ്യങ്ങള്‍ ഒഴിവാക്കി മൂല്യനിര്‍ണയം നടത്താന്‍ പി.എസ്.സി തീരുമാനിക്കുന്നത്. പരാമര്‍ശിക്കപ്പെട്ട പരീക്ഷയുടെ ചില ചോദ്യങ്ങളെക്കുറിച്ച് പരീക്ഷാര്‍ഥികളില്‍നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിദഗ്ധസമിതി പരിശോധിച്ചതില്‍ പരാതി ശരിയാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഈ ചോദ്യങ്ങള്‍ ഒഴിവാക്കി മൂല്യനിര്‍ണയം നടത്തിയത്. പി.എസ്.സിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന് തടസ്സമില്ല. എന്നാല്‍, തെറ്റ് തിരുത്തിയതിനെ എങ്ങനെയാണ് ചോദ്യം ചെയ്യാനാവുക.
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറിപ്യൂണ്‍/അറ്റന്‍ഡര്‍ ജോലിയില്‍ പ്രവേശിക്കാന്‍
ബി.എ, ബി.എഡ് ബിരുദധാരിയാണ്. 2017-2018 അധ്യയനവര്‍ഷം ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ ആയി ജോലിയില്‍ കയറാന്‍ ആഗ്രഹിക്കുന്നു. ബിരുദധാരിയായതുകൊണ്ട് എനിക്ക് ഈ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോ? ലാബ് അസിസ്റ്റന്‍ഡായി ജോലിയില്‍ പ്രവേശിക്കാന്‍ എന്താണ് മാനദണ്ഡം?
സാജിദ, മലപ്പുറം
സര്‍ക്കാര്‍ സര്‍വിസില്‍ ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഈ അടുത്തകാലത്ത് സര്‍ക്കാര്‍ പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. അതനുസരിച്ച് ബിരുദധാരികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വിലക്കുണ്ട്. അടുത്ത വിജ്ഞാപനം മുതലാണ് ഇതിന് പ്രാബല്യം. എന്നാല്‍, എയ്ഡഡ് സ്കൂളിലെ നിയമനത്തിന് ഈ ഭേദഗതി ബാധകമാക്കിയിട്ടില്ല. അതിനാല്‍ എയ്ഡഡ് സ്കൂളില്‍ ലാസ്റ്റ്ഗ്രേഡ് സര്‍വിസിലേക്ക് പ്രവേശിക്കുന്നതിന് ബിരുദധാരികള്‍ക്ക് ഇപ്പോള്‍ തടസ്സമില്ല. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറിയിലും നിയമനത്തിന് തടസ്സമില്ല. ബി.എ, ബി.എഡ് ബിരുദധാരിയായ ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ എന്തെല്ലാം അവസരങ്ങളുണ്ട്. എല്‍.ഡി ക്ളര്‍ക്ക്, രണ്ടാം ഗ്രേഡ് അസിസ്റ്റന്‍റ്, യു.പി അസിസ്റ്റന്‍റ്, ഹൈസ്കൂള്‍ അസിസ്റ്റന്‍റ് എന്നിങ്ങനെ. അതിന് പരിശ്രമിക്കണം. അശ്രാന്ത പരിശ്രമം നടത്തിയാല്‍ സര്‍വിസില്‍ കയറിപ്പറ്റാം.
പരീക്ഷയും ഷോര്‍ട്ട്ലിസ്റ്റും
ഹാന്‍ഡ്ലൂം ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍ സെയില്‍സ്മാന്‍ (524/13), ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഗാര്‍ഡനര്‍ ഗ്രേഡ്-3 (526/2013) എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച ഒരു ഉദ്യോഗാര്‍ഥിയാണ്. ഇതിന്‍െറ പരീക്ഷ എന്നാണ് നടക്കുക? കാസര്‍കോട് ജില്ലയില്‍ വ്യവസായവകുപ്പില്‍ അറ്റന്‍ഡര്‍ (344/2014) തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയിരുന്നു. ഇതിന്‍െറ ഷോര്‍ട്ട്ലിസ്റ്റ് എന്നാകും?
സൈനുദ്ദീന്‍, പാലക്കാട്
സെയില്‍സ്മാന്‍െറയും ഗാര്‍ഡനറുടെയും പരീക്ഷ നിശ്ചയിച്ചിട്ടില്ല. അറ്റന്‍ഡര്‍ തസ്തികയുടെ ഷോര്‍ട്ട്ലിസ്്റ്റും ആയിട്ടില്ല.
അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്
എനിക്ക് 44 വയസ്സായി. ഞാന്‍ മുക്കം മുസ്ലിം യതീംഖാനയില്‍ പഠിച്ചുവളര്‍ന്നയാളാണ്. യതീംഖാനയില്‍ പഠിച്ചുവളര്‍ന്നവര്‍ക്ക് പി.എസ്.സിയില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എത്രവര്‍ഷം വയസ്സിളവ് ലഭിക്കും. ഇതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് എങ്ങനെ എവിടെനിന്ന് ലഭിക്കും. എങ്കില്‍ എനിക്ക് എത്ര വയസ്സുവരെ അപേക്ഷിക്കാം.
എം.കെ.എന്‍, മുതിരപ്പറമ്പ്
അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് 10 വര്‍ഷംവരെ ഉയര്‍ന്ന പ്രായപരിധിയില്‍ പി.എസ്്.സി ഇളവനുവദിക്കുന്നുണ്ട്. സാമൂഹികക്ഷേമ വകുപ്പിന്‍െറ നിയന്ത്രണത്തിലാണ് അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അനാഥാലയത്തില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സാമൂഹിക ക്ഷേമവകുപ്പില്‍നിന്ന് സര്‍ട്ടിഫൈ ചെയ്തുവാങ്ങി പി.എസ്.സി അപേക്ഷയോടൊപ്പം ഫയല്‍ ചെയ്യണം. നിങ്ങള്‍ പഠിച്ചുവളര്‍ന്ന യതീംഖാനയില്‍ അന്വേഷിച്ചാല്‍ സര്‍ട്ടിഫൈ ചെയ്യേണ്ട ഓഫിസറെ അറിയാന്‍ കഴിയും.
സിവില്‍ എക്സൈസ് ഗാര്‍ഡ് (മെയില്‍)
കാസര്‍കോട് ജില്ലയില്‍ നിലവിലുള്ള സിവില്‍ എക്സൈസ് ഗാര്‍ഡ് (മെയില്‍) ലിസ്റ്റില്‍ 41ാം റാങ്കുള്ള ഉദ്യോഗാര്‍ഥിയാണ്. കാലാവധിക്കുള്ളില്‍ നിയമന സാധ്യതയുണ്ടോ? എന്‍െറ ജനനതീയതി 22.4.81 ആണ്. പുതിയ വിജ്ഞാപനപ്രകാരം സിവില്‍ എക്സൈസ് ഗാര്‍ഡ് തസ്തികക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ? അനീസ് ബാബു, കാസര്‍കോട് ഈ റാങ്ക്ലിസ്റ്റില്‍ നിന്നും ആകെ 12 പേര്‍ക്കാണ് അഡൈ്വസ് നല്‍കിയിട്ടുള്ളത്. ഓപണ്‍ 10ാം റാങ്കുവരെയും മുസ്ലിം മൂന്നാം റാങ്കുവരെയുമാണ് അഡൈ്വസായത്. വേക്കന്‍സികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രായപരിധി കണക്കാക്കുന്നത്, അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വരുന്ന വര്‍ഷം ജനുവരി ഒന്നാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് 35 വയസ്സ് ആയിട്ടേയുള്ളൂ. ബഹുഭൂരിപക്ഷം തസ്തികകള്‍ക്കും നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി 36 ആണ്. മുസ്ലിം ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് മൂന്നുവര്‍ഷ ഇളവുമുണ്ട്.

പി.എസ്.സി സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം, 
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.