കേരള പൊലീസ് ഫിംഗർ പ്രിന്‍റ് ബ്യൂറോയിൽ മൂന്ന് തസ്തികകൾ സൃഷ്ടിക്കും

തിരുവനന്തപുരം: കേരള പൊലീസ് ഫിംഗർ പ്രിന്‍റ് ബ്യൂറോയിൽ മൂന്ന് ഫിംഗർ പ്രിന്‍റ് എക്സ്പർട്ട് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. തൃശൂർ സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിലാണ് തസ്തിക സൃഷ്ടിക്കുക. മറ്റ് തീരുമാനങ്ങൾ ചുവടെ.

ഇടുക്കി വില്ലേജിലെ 30 സെന്‍റ് ഭൂമി സംസ്ഥാന വനിത വികസന കോർപറേഷന് 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. ജില്ല ഓഫിസ്, വനിതാമിത്ര കേന്ദ്ര വർക്കിങ് വിമൻസ് ഹോസ്റ്റൽ എന്നിവ നിർമിക്കുന്നതിന് ആർ ഒന്നിന് 100 രൂപ വാർഷിക പാട്ട നിരക്കിലാണ് നല്‍കുക. ‌

എറണാകുളം പുതുവൈപ്പ് വില്ലേജിൽപെട്ട 08.09 ആർ സർക്കാർ പുറമ്പോക്ക് (പുതുവൈപ്പ് വില്ലേജിലെ ലൈറ്റ് ഹൗസിനോട് ചേർന്ന തീരഭൂമി) കേരള തീരനിരീക്ഷണത്തിന് റഡാർ സ്റ്റേഷൻ സ്ഥാപിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പാട്ടത്തിന് അനുവദിക്കും. 30 വർഷത്തേക്ക് സൗജന്യ നിരക്കായ ആർ ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്കിലാണ് അനുവദിക്കുക.

മലപ്പുറം സഹകരണ സ്പിന്നിങ് മില്ലിനുവേണ്ടി എസ്.ബി.ഐ മലപ്പുറം ശാഖയിൽനിന്ന് കടമെടുത്ത 2.30 കോടി രൂപയുടെ പ്രവർത്തന മൂലധന വായ്പയുടെ സർക്കാർ ഗ്യാരന്റി കാലാവധി ജനുവരി ഒന്നുമുതൽ 2029 ഡിസംബർ 31 നാല് വർഷത്തേക്ക് നീട്ടി.കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും.

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ ഉൾപ്പെട്ട 99.85 സെന്റ് (0.4040 ഹെക്ടർ) ഭൂമിയും അതിലുള്ള ഗസ്റ്റ് ഹൗസും വ്യാവസായിക വികസനത്തിനായി കിൻഫ്രക്ക് കൈമാറും. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്.എം.ടി) കൈവശമുള്ള ഭൂമിയാണിത്. കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്‌ചർ ഡെവ.സ്കീം 2025 ന്റെ കരട് അംഗീകരിച്ചു.

Tags:    
News Summary - Kerala Police to create three posts in Fingerprint Bureau

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.