എയ്ഡഡ് സ്കൂളിലെ നിയമനവും സീനിയോറിറ്റിയും

എയ്ഡഡ് സ്കൂളിലെ നിയമനവും സീനിയോറിറ്റിയും
2016-17 അധ്യയനവര്‍ഷത്തില്‍ ഒരു എയ്ഡഡ് സ്കൂളില്‍ ഞാനുള്‍പ്പെടെ മൂന്നുപേര്‍ അപ്രൂവലിനായി അപേക്ഷിച്ചിട്ടുള്ള അധ്യാപകരാണ്. സീനിയോറിറ്റി അനുസരിച്ച് അടുത്ത ഊഴം എനിക്കാണ്. എന്നാല്‍, 2016 ഡിസംബറില്‍ ഈ സ്കൂളില്‍നിന്നും പി.എസ്.സി വഴി ജോലി നേടി ഒരു ടീച്ചര്‍ പോയിട്ടുണ്ട്. ഈ ഒഴിവിലേക്ക് സീനിയോറിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന എനിക്കാണോ അതോ എന്നേക്കാള്‍ പ്രായം കൂടുതലുള്ള ടീച്ചറിനാണോ അര്‍ഹത? അതോ മാനേജര്‍ നിശ്ചയിക്കുന്ന ആള്‍ക്കോ?
മുനീബ്, തിരുവനന്തപുരം
ഇപ്പോഴുണ്ടായ ഒഴിവില്‍ സീനിയറായ മുനീബിനു തന്നെയാണ് സ്ഥിരം നിയമനത്തിനുള്ള അര്‍ഹത.
ഹൈസ്കൂളില്‍ തസ്തികയില്ലാതായാല്‍ അപ്പര്‍ പ്രൈമറിയില്‍ നിയമനം ലഭിക്കുമോ?
എയ്ഡഡ് സ്കൂളില്‍ അറബി അധ്യാപകനാണ്. 2007 നവംബറിലാണ് ആദ്യ നിയമനം. 2009 ജൂണ്‍ ഒന്നിന് യു.പിയില്‍ അറബി അധ്യാപകനായി പ്രമോഷന്‍ ലഭിച്ചു. 2015 ജൂണ്‍ ഒന്നിന് എച്ച്.എസ്.എ അറബിക് ആയി പ്രമോഷന്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍, എന്‍െറ നിയമനത്തിന് ഇതുവരെ അപ്രൂവല്‍ ലഭിച്ചിട്ടില്ല. അപ്രൂവല്‍ ലഭിച്ചാല്‍ ഞാന്‍ പ്രൊട്ടക്ട് ആവുമോ?
ഹൈസ്കൂളില്‍ ഞാനുള്‍പ്പെടെ മൂന്ന് എച്ച്.എസ്.എ (അറബിക്) ആണുള്ളത്. ഞാനാണ് ജൂനിയര്‍. ഹൈസ്കൂളില്‍ ഒരു പോസ്റ്റില്ലാതായാല്‍ എനിക്ക് യു.പി വിഭാഗത്തിലേക്ക് മാറാന്‍ സാധിക്കുമോ? ഇപ്പോള്‍ ഞാന്‍ ലോവര്‍ ഗ്രേഡ് സ്കൂള്‍ സാലറിയാണ് വാങ്ങുന്നത്. യു.പിയിലേക്ക് മാറ്റം ലഭിച്ചാല്‍ സാലറി തിരിച്ചടക്കേണ്ടത് ആരാണ്?
അഫ്സല്‍, കൊച്ചി
 2015 ജൂണ്‍ ഒന്നിന് എച്ച്.എസ്.എ (അറബി) ആയി പ്രമോഷന്‍ ലഭിച്ചയാള്‍ക്ക് 2016ലെങ്കിലും അപ്രൂവല്‍ ലഭിക്കേണ്ടതായിരുന്നു. അപ്രൂവല്‍ ലഭിച്ചാലും പ്രൊട്ടക്ഷന്‍ ലഭിക്കണമെന്നില്ല. ഓരോ കാലയളവിലും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍വിസ് ദൈര്‍ഘ്യംകൂടി പരിഗണിച്ച് പ്രൊട്ടക്ഷന്‍ നല്‍കിവരുന്നത്. പ്രമോഷന്‍ വഴി നിയമനം ലഭിച്ച്, എച്ച്.എസ്.എ തസ്തികയില്‍ അപ്രൂവല്‍ ലഭിച്ചെങ്കിലും 2009ല്‍ പ്രമോഷന്‍ വഴി നിയമനം ലഭിച്ച യു.പി അസിസ്റ്റന്‍റ് തസ്തികയില്‍ അപ്രൂവല്‍ ലഭിച്ചതല്ളേ. ആ തസ്തികയില്‍ എട്ടുവര്‍ഷം സര്‍വിസുള്ള അഫ്സലിന് ആ തസ്തികയില്‍ പ്രൊട്ടക്ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഹൈസ്കൂളില്‍ ഡിവിഷന്‍ ഫാള്‍ മുഖാന്തരം തസ്തിക നഷ്ടപ്പെട്ടാല്‍ പഴയ ലാവണമായ യു.പിയിലേക്ക് മാറാവുന്നതാണ്. ലോവര്‍ ഗ്രേഡിലുള്ള ശമ്പളം വാങ്ങുന്ന ഒരാള്‍ റിവേര്‍ഷന്‍ മൂലം യു.പിയില്‍ വരുമ്പോള്‍ ശമ്പളം തിരിച്ചടക്കേണ്ടതില്ലല്ളോ.
അഗ്രികള്‍ചര്‍ അസിസ്റ്റന്‍റ്
ഞാന്‍ ബി.എസ്സി (അഗ്രികള്‍ചര്‍) പാസായ ഉദ്യോഗാര്‍ഥിയാണ്. പി.എസ്.സി ഇപ്പോള്‍ ക്ഷണിച്ച അഗ്രികള്‍ചര്‍ അസിസ്റ്റന്‍റ് തസ്തികക്ക് (കാറ്റഗറി 444) അപേക്ഷിക്കാന്‍ എനിക്ക് അര്‍ഹതയുണ്ടോ? വിജ്ഞാപനത്തില്‍ ഡിപ്ളോയ ഇന്‍ അഗ്രികള്‍ചറും വി.എച്ച്.എസ്.ഇ അഗ്രികള്‍ചറുമാണ്. മുന്‍വര്‍ഷങ്ങളില്‍ ബി.എസ്സിക്കാരെയും അപേക്ഷിക്കാന്‍ അനുവദിച്ചിരുന്നു.
സുരേന്ദ്രന്‍, കോഴിക്കോട്
നിശ്ചിത യോഗ്യതയുടെ ഉയര്‍ന്ന ബിരുദം എന്നതിന്‍െറ അടിസ്ഥാനത്തിലാണ് ഈ തസ്തികയിലേക്ക് ബി.എസ്സിക്കാരെയും (അഗ്രികള്‍ചര്‍) ഇതുവരെ പരിഗണിച്ചത്. ആ പരിഗണന ഇനിയുമുണ്ടാകും. ബി.എസ്സിക്കാര്‍ക്ക് (അഗ്രികള്‍ചര്‍) ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വിലക്കില്ല.
കമ്പനി തല സ്ഥലംമാറ്റം
വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്‍റ്/കാഷ്യര്‍ തസ്തികയിലേക്ക് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റില്‍നിന്നും കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റായി നിയമന ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥിയാണ്. കെ.എല്‍.ഡി.സി കൂടാതെ കെ.എസ്.എഫ്.ഇ, കെ.എസ്.ഇ.ബി, തൃശൂര്‍ കോര്‍പറേഷന്‍, കെ.എ.എം.സി.ഒ, കാഷ്യൂ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ തുടങ്ങി പത്തോളം കമ്പനികളിലേക്ക് ഈ ലിസ്റ്റില്‍നിന്നാണ് നിയമനം നടത്തുന്നത്. ഈ ബോര്‍ഡുകള്‍ തമ്മില്‍ ഇന്‍റര്‍ട്രാന്‍സ്ഫര്‍, മ്യൂച്വല്‍ ട്രാന്‍സ്ഫര്‍ എന്നിവക്ക് എനിക്ക് അര്‍ഹതയുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള സര്‍ക്കാര്‍ ഉത്തരവ് എന്താണ്?
അനുശ്രി, വണ്ടൂര്‍
കോമണ്‍ ടെസ്റ്റ് വഴി സെലക്ഷന്‍ നടത്തി നിയമനം ലഭിച്ചതാണെങ്കിലും ഓരോ കമ്പനിയിലെയും സേവന-വേതന വ്യവസ്ഥകള്‍ വ്യത്യസ്തമാണ്. ഒരു കമ്പനിയില്‍നിന്ന് മറ്റൊരു കമ്പനിയിലേക്ക് സ്ഥലംമാറ്റമോ മ്യൂച്വല്‍ ട്രാന്‍സ്ഫറോ അനുവദിച്ചുകൊണ്ടുള്ള ഉത്തരവൊന്നും ഇതുവരെയുണ്ടായിട്ടില്ല. ഒരു കമ്പനിയില്‍നിന്ന് മറ്റൊന്നിലേക്ക് സ്ഥലംമാറ്റം അനുവദിക്കരുതെന്ന വ്യവസ്ഥയൊന്നും ഒരു കമ്പനിയിലുമില്ല. സ്ഥലംമാറ്റത്തിന് അപേക്ഷ ലഭിച്ചാല്‍ ഓരോ കമ്പനിയും പ്രത്യേകം തീരുമാനമെടുത്ത് സ്ഥലംമാറ്റം നല്‍കാവുന്നതുമാണ്. അതിനായി ശ്രമിക്കുക.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയും വിദൂര വിദ്യാഭ്യാസവും
കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ വിദൂര വിദ്യാഭ്യാസം വഴി എം.എ (ഹിന്ദി)ക്ക് ചേരണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഈ ഒരു സംവിധാനമില്ളെന്നും പ്രൈവറ്റ് രജിസ്ട്രേഷനാണെന്നും അറിഞ്ഞു. 2016-17 വര്‍ഷത്തേക്ക് പണമടക്കുകയും ചെയ്തു. ജനുവരിയില്‍ യു.ജി.സി പ്രതിനിധികള്‍ സര്‍വകലാശാല സന്ദര്‍ശിക്കുകയും വിദൂര വിദ്യാഭ്യാസം നടത്താനുള്ള അനുമതി ലഭിച്ചതായും പത്രത്തില്‍ വായിച്ചു. ഈ വര്‍ഷം അതു നടപ്പില്‍വരുമോ? വന്നാല്‍ പ്രൈവറ്റ് രജിസ്ട്രേജന്‍ മാറ്റി വിദൂര വിദ്യാഭ്യാസത്തിനു കീഴില്‍ പരീക്ഷ നടത്തുമോ?
ശബ്ന, മഞ്ചേരി
അടുത്ത അധ്യയനവര്‍ഷം മുതലേ വിദൂര വിദ്യാഭ്യാസ സംവിധാനം പുനരാരംഭിക്കുകയുള്ളൂ. ശബ്ന പ്രൈവറ്റ് സ്റ്റഡിയായി ഇപ്പോള്‍ പരീക്ഷയെഴുതണം. രണ്ടാംവര്‍ഷം വിദൂര വിദ്യാഭ്യാസം വഴി പഠനം തുടരാന്‍ കഴിയുമെന്നാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് അറിയുന്നത്.
മറ്റൊരു ബിരുദത്തിനു ചേരാന്‍
ഞാന്‍ ബി.കോം പാസായ വ്യക്തിയാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും ഹിസ്റ്ററിയില്‍ ബി.എ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബി.എയുടെ മെയിന്‍ പേപ്പര്‍ മാത്രം എഴുതിയാല്‍ മതിയോ? അതോ മുഴുവന്‍ പേപ്പറും എഴുതണോ?
സഫ്വാന്‍, കൊണ്ടോട്ടി
ഒരു സ്ട്രീമില്‍തന്നെ മറ്റൊരു ബിരുദം ചെയ്താല്‍, ലാംഗ്വേജ് ഒഴികെയുള്ള മറ്റ് സബ്ജക്ടുകള്‍ മെയിനും സബും എഴുതിയാല്‍ മതി. എന്നാല്‍, ബി.കോമും ബി.എയും രണ്ട് സ്ട്രീം ആയതിനാല്‍, ബി.കോം യോഗ്യതയുണ്ടെങ്കിലും സഫ്വാന്‍ ബി.എയുടെ മുഴുവന്‍ പേപ്പറും എഴുതണം.
ബി.കോം (കോഓപറേഷന്‍) പാസായ ബിരുദധാരിക്ക് അക്കൗണ്ടന്‍സി പാസായാല്‍ മറ്റൊരു ബി.കോമും ലഭിക്കും. തിരിച്ചും.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.