പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസം കൂടി നീട്ടാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. സര്‍വകലാശാല അസി. തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് ആറു മാസത്തിനകം റാങ്ക് ലിസ്റ്റ് പുറത്തിറക്കും.
ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷം വരെയോ പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെയോ നീട്ടണമെന്ന് സര്‍ക്കാര്‍ കമീഷനോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കമീഷന്‍ മുന്നു മാസത്തേക്ക് മാത്രം നീട്ടിയാല്‍ മതിയെന്ന നിലപാട് എടുക്കുകയായിരുന്നു. ഏതാനും അംഗങ്ങള്‍ തുടര്‍ച്ചയായി ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനെ എതിര്‍ത്തു. 500ലേറെ ലിസ്റ്റുകള്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും. ഇത് 13ാം തവണയാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത്. 
പുതുതായി നിയമനാവകാശം പി.എസ്.സിക്ക് ലഭിച്ച സര്‍വകലാശാലാ അനധ്യാപക തസ്തികകളിലേക്ക് ആറു മാസത്തിനകം പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കും. ഒരു മാസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും. നിലവിലെ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ലിസ്റ്റില്‍നിന്ന് സര്‍വകലാശാലാ അസി. തസ്തികയിലേക്ക് നിയമനം നടത്തണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ പി.എസ്.സിയെ സമീപിച്ചിരുന്നു. എന്നാല്‍, കമീഷന്‍ ഇതു തള്ളി. പിന്നീട് നിയമനം നടത്താന്‍ വിശദമായ എക്സിക്യൂട്ടിവ് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചെങ്കിലും കോടതി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം നടത്തി വേഗം നിയമനം നടത്താന്‍ കമീഷന്‍ തീരുമാനിച്ചത്. 
യാത്രാബത്ത സ്വന്തം നിലയില്‍ വര്‍ധിപ്പിച്ച പി.എസ്.സി നടപടിക്കെതിരെ ധനവകുപ്പ് രംഗത്തുവന്നതോടെ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും മറുപടി നല്‍കാനും കമീഷന്‍ തീരുമാനിച്ചു. കിലോമീറ്ററിന് ആറു രൂപയായിരുന്ന യാത്രാബത്ത 15 രൂപയായാണ് പി.എസ്.സി വര്‍ധിപ്പിച്ചത്.10 മാസം മുമ്പാണ് തീരുമാനം എടുത്തത്. സര്‍ക്കാറിന്‍െറയോ ധനവകുപ്പിന്‍േറയോ അനുമതി ഇതിനുണ്ടായിരുന്നില്ല. വര്‍ധന അംഗീകരിക്കാനാകില്ളെന്നും ഉയര്‍ന്ന നിരക്കില്‍ നല്‍കിയ യാത്രാബത്ത ബന്ധപ്പെട്ടവരില്‍നിന്ന് തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ധനവകുപ്പ് കമീഷന് കത്ത് നല്‍കി. ഈ കത്ത് പിന്‍വലിക്കണമെന്നും ബത്ത വര്‍ധിപ്പിക്കാന്‍ കമീഷന് അധികാരമുണ്ടെന്നും കാണിച്ചാണ് മറുപടി നല്‍കാന്‍ തീരുമാനിച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.