സ്​കൂളുകളിൽ സംഗീതാധ്യാപകരുടെ സ്ഥിരം തസ്തിക​ പരിഗണിക്കണമെന്ന് ഹൈകോടതി

കൊച്ചി: സ്​കൂളുകളിൽ സംഗീതാധ്യാപകരുടെ സ്ഥിരം തസ്തിക അനുവദിക്കുന്നത്​ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഹൈകോടതി. കുറഞ്ഞത്​ എല്ലാ പ്രൈമറി സ്കൂളുകളിലെങ്കിലും സംഗീത ക്ലാസുകൾ നടപ്പാക്കണം. കുട്ടികളുടെയും പീരിയഡുകളുടെയും എണ്ണം നോക്കി സംഗീതാധ്യാപക തസ്തിക അനുവദിക്കുന്നത് ഒരു വിഭാഗം കുട്ടികളോടുള്ള വിവേചനമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. സംഗീതാധ്യാപികയുടെ പാർട്ട് ടൈം തസ്തികയിൽ മുപ്പതിലേറെ വർഷങ്ങൾ ജോലി ചെയ്തിട്ടും സ്ഥിരം നിയമനം ലഭിക്കാത്തതിനെതിരെ വർക്കല സ്വദേശിനി ആർ. ഹെലൻ തിലകം നൽകിയ ഹരജി അനുവദിച്ചാണ്​ ഉത്തരവ്​.

തിരുവനന്തപുരത്തെ എൽ.എം.എസ് കോർപറേറ്റ് മാനേജ്മെന്‍റിന്‍റെ വർക്കലയിലെ ബ്ലൈൻഡ് സ്കൂളിൽ പാർട്ട് ടൈം സംഗീതാധ്യാപികയായി 1992ലാണ്​ ഹരജിക്കാരി നിയമിക്കപ്പെട്ടത്​. സ്ഥിരനിയമനത്തിനായി വർഷങ്ങളായി കേസ് നടത്തി വരുകയാണ്​. അതിനിടെ മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കും. ഈ സാഹചര്യത്തിലായിരുന്നു​ ഹരജി.

കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ തസ്തിക അനുവദിക്കില്ലെന്ന നിലപാട്​ ശരിയല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. മതിയായ കുട്ടികളില്ലാത്ത സ്കൂളിൽ പഠിക്കുന്നവർ എന്തുതെറ്റു ചെയ്തിട്ടാണ് സംഗീത പഠനം നിഷേധിക്കുന്നത്​. സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതും കാരണമാകരുത്. ഇക്കാര്യത്തിൽ സർക്കാറിന്‍റെ നയതീരുമാനമാണ്​ വേണ്ടതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് വിധിപ്പകർപ്പ് സർക്കാറിന് അയച്ചുകൊടുക്കാനും നിർദേശിച്ചു.

കുട്ടികളിൽ സംഗീതത്തിനുള്ള പ്രാധാന്യം വിശദീകരിക്കാനായി ‘ഓമനത്തിങ്കൾ കിടാവോ’ ‘ഉണ്ണി വാവാവോ..’ എന്നീ ഗാനങ്ങൾ വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. അഞ്ചു വർഷം പാർട്ട് ടൈം മ്യൂസിക് ടീച്ചറായി സേവനം അനുഷ്ഠിച്ചവർക്ക് ഫുൾ ടൈം മ്യൂസിക് ടീച്ചറായി പ്രമോഷൻ നൽകാമെന്ന സർക്കാർ ഉത്തരവിന്‍റെ ആനുകൂല്യം ഹരജിക്കാരിക്ക്​ നൽകാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം നൽകാനും നിർദേശിച്ചു.

Tags:    
News Summary - The High Court should consider the permanent post of music teachers in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.