പ്രതീകാത്മക ചിത്രം

നാലുവര്‍ഷ ബിരുദത്തിൽ ഇനി എൻ.സി.സിയും എൻ.എസ്.എസും കോഴ്സുകള്‍

തിരുവനന്തപുരം: എൻ.സി.സിയെയും എൻ.എസ്.എസിനെയും നാലുവർഷ ബിരുദത്തിൽ മൂല്യവർധിത കോഴ്സുകളാക്കാൻ തീരുമാനം. യു.ജി.സി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടി. നടപ്പാവുന്നതോടെ, കോളജുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന എൻ.സി.സിയും എൻ.എസ്.എസും മൂന്ന് ക്രെഡിറ്റുകള്‍ വീതമുള്ള രണ്ട് മൂല്യവര്‍ധിത കോഴ്സുകളായി മാറും. എൻ.സി.സി കോഴ്സിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി. എൻ.എസ്.എസിനുള്ള മാർഗരേഖ ബന്ധപ്പെട്ട വിഭാഗം തയ്യാറാക്കി സർവകലാശാലകൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

കായികക്ഷമത, അച്ചടക്കം, സേവന സന്നദ്ധത, വ്യക്തിത്വവികാസം, നേതൃപാടവം, അപായഘട്ടങ്ങളെ അഭിമുഖീകരിക്കല്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം ലഭ്യമാക്കുന്ന രീതിയിലാണ് എൻ.സി.സി മാര്‍ഗരേഖ. എൻ.സി.സിയുടെ ഓരോ പ്രവര്‍ത്തനഘട്ടവും ഒരു കോഴ്സ് ഘടനയിലേക്കു മാറ്റാവുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. പരേഡും പരിശീലനവും ഇപ്പോഴത്തെ നിലയില്‍ തുടരും.

നാലുവർഷ ബിരുദത്തിൽ നാലാം സെമസ്റ്ററിലോ ആറാം സെമസ്റ്ററിലോ കോഴ്സ് പൂർത്തീകരിക്കാം. ക്രെഡിറ്റ് നല്‍കുന്നത് ആറാം സെമസ്റ്ററിലായിരിക്കും. 100 മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. ഇതില്‍ തിയറിക്കും​ പ്രാക്ടിക്കലിനും 30 മാര്‍ക്ക് വീതമുണ്ടാവും. ക്യാമ്പ് പങ്കാളിത്തത്തിന് 20, പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തനങ്ങള്‍-15 എന്നിവയ്ക്കു പുറമേ, ഹാജരും അച്ചടക്കവും വിലയിരുത്തി അഞ്ചുമാര്‍ക്കും നല്‍കും.

രക്തദാനവും ശുചിത്വ ഭാരതയജ്ഞവും സാമൂഹിക സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗ, വൃക്ഷത്തൈ നടീല്‍, ഗതാഗത ബോധവത്കരണം തുടങ്ങിയവ പ്രാക്ടിക്കലിലും ഉള്‍പ്പെടുത്തി.

തിയറി സിലബസ് ഇങ്ങനെ

പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, സര്‍ക്കാരിന്റെ സാമൂഹികവികസന പദ്ധതികളുടെ നിര്‍വഹണം, വ്യക്തിത്വവികാസം, ദേശീയ പ്രതിബദ്ധത, കാലാവസ്ഥാ വ്യതിയാനം, ജലസംരക്ഷണം, മഴവെള്ള സംഭരണം .

പ്രാക്ടിക്കൽ സിലബസ്

ഡ്രില്‍, പരിശീലനം, ക്യാമ്പ് പങ്കാളിത്തം, ശുചീകരണയജ്ഞം, യോഗ, കായികക്ഷമത, രക്തദാനം.

Tags:    
News Summary - ncc and nss to became courses in four year degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.