കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാർഥികളിലെ ഉറക്കക്കുറവ് പഠിക്കാൻ മദ്രാസ് ഐ.ഐ.ടിയിൽ പ്രത്യേക കേന്ദ്രം

ചെന്നൈ: വിദ്യാർഥികൾക്കിടയിൽ ഉറക്കക്കുറവ് സംബന്ധിച്ച ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രത്യേക പഠനകേന്ദ്രം ആരംഭിച്ച് ഐഐടി മദ്രാസ്. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്താനും വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാക്കാനുമാണ് ക്യാമ്പസിൽ പുതിയ സംവിധാനം ഒരുക്കിയത്.

ക്യാമ്പസിലെ ആരോഗ്യകേന്ദ്രത്തോടനുബന്ധിച്ചാണ് സ്ലീപ് സ്റ്റഡി ഫെസിലിറ്റി ആരംഭിച്ചത്. നവംബർ 22ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഓട്ടിസം ഗവേഷണത്തിനുള്ള ലാബിനും തുടക്കമായി. ക്യാമ്പസിലെ ആശുപത്രിയിൽ വൈദ്യുത ആംബുലൻസ് സേവനവും ആരംഭിച്ചു.

ചെന്നൈയിലെ കാവേരി ആശുപത്രികളുടെ സഹായത്തോടെ ക്യാമ്പസിൽ നേരത്തേ തുടങ്ങിയ മാനസികാരോഗ്യ സേവനങ്ങളിലൂടെയാണ് വിദ്യാർഥികളിലെ ഉറക്കപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്ന് ഐഐടി മദ്രാസ് അറിയിച്ചു. കൗൺസിലർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുടെ സേവനവും മൈൻഡ്‌വെല്ലിന്റെ നേതൃത്വത്തിലുള്ള 24 മണിക്കൂർ കൗൺസിലിങ് സൗകര്യവും ക്യാമ്പസിലുണ്ട്.

വിദ്യാർഥികൾക്ക് പുറമെ അധ്യാപകർ, ജീവനക്കാർ, ഗവേഷകർ എന്നിവർക്കും പുതിയ കേന്ദ്രത്തിലെ സേവനം ലഭിക്കും. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും വിദഗ്ധ പരിശോധനക്കും ചികിത്സക്കും ഇവിടെ സൗകര്യമുണ്ടാകും. ക്യാമ്പസിലുള്ളവരുടെ ഉറക്കശീലങ്ങളും ഉറക്കത്തിന്റെ ദൈർഘ്യവും സംബന്ധിച്ച് പഠനം നടത്താനും കേന്ദ്രം ലക്ഷ്യമിടുന്നു. എന്നാൽ ഉറക്കക്കുറവ് നേരിടുന്ന വിദ്യാർഥികളുടെ എണ്ണമോ അവരുടെ ശരാശരി ഉറക്കസമയമോ സംബന്ധിച്ച കണക്കുകൾ സ്ഥാപനം പുറത്തുവിട്ടിട്ടില്ല. ഗവേഷണത്തിന് ആവശ്യമായ അനുമതിയും പഠനത്തിൽ പങ്കെടുക്കുന്നവരുടെ സമ്മതവും ലഭിച്ചശേഷമായിരിക്കും പഠനം നടത്തുക.

ഉറക്കത്തിന്റെ രീതി നിരീക്ഷിക്കാൻ കുറഞ്ഞ ചെലവിലുള്ള തദ്ദേശീയ സെൻസറുകളും സാങ്കേതികവിദ്യകളും വികസിപ്പിക്കാനും ഐഐടി മദ്രാസിലെ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പദ്ധതിയിടുന്നുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികളിൽ ഇന്റഗ്രേറ്റഡ് വർമം ചികിത്സയുടെ ഫലങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുകയാണ് പുതിയ ലാബിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ജോധ്പുർ എയിംസിലെ ശിശു നാഡീരോഗ വിഭാഗവുമായി ചേർന്നായിരിക്കും പഠനം നടത്തുക. 800ലേറെ കുട്ടികളിൽ ഈ ചികിത്സ നൽകിയിട്ടുള്ള അനുഭവം എയിംസ് ജോധ്പുർ പങ്കുവെച്ചിട്ടുണ്ട്. ആവശ്യമായ അനുമതികൾ ലഭിക്കുകയും പഠനത്തിൽ പങ്കെടുക്കുന്നവരുടെ സമ്മതം ഉറപ്പാക്കുകയും ചെയ്തശേഷമായിരിക്കും ഗവേഷണം.

ക്യാമ്പസിൽ അടിയന്തര വൈദ്യസഹായം ആവശ്യമായവരെ ആശുപത്രിയിലെത്തിക്കാനും പ്രായമായവർക്ക് യാത്രാസൗകര്യം ഉറപ്പാക്കാനുമാണ് വൈദ്യുത ആംബുലൻസ് ആരംഭിച്ചത്. ക്യാമ്പസിലെ ആരോഗ്യസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ.

Tags:    
News Summary - IIT Madras Opens Sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.