ശ്വേത റൺവാളും മക്കളും, രചനകൾ

മകളുടെ ചിത്രങ്ങളിൽനിന്ന് തുടക്കം; ഭിന്നശേഷിക്കാരായ കലാകാരൻമാർക്ക് തുണയായി ‘ടിക്കിൾ യുവർ ആർട്ട്’

മകളുടെ ചിത്രരചനയിലെ കഴിവ് തിരിച്ചറിഞ്ഞ ഒരമ്മയുടെ ശ്രമം ഇന്ന് ഭിന്നശേഷിക്കാരായ കലാകാരൻമാർക്ക് തൊഴിലും വരുമാനവും നൽകുന്ന സംരംഭമായി വളർന്നിരിക്കുകയാണ്. ഡൗൺ സിൻഡ്രോമും ബൗദ്ധിക വെല്ലുവിളികളും നേരിടുന്നവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ‘ടിക്കിൾ യുവർ ആർട്ട്’ എന്ന സംരംഭത്തിന് പിന്നിൽ ശ്വേത റൺവാളിന്റെ ആശയമാണ്.

മകൾ ധൃതിക്ക് ജനിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഡൗൺ സിൻഡ്രോം സ്ഥിരീകരിച്ചത്. സംസാരിക്കാൻ പ്രയാസമുണ്ടായിരുന്ന കുട്ടിക്കാലത്ത് ചിത്രങ്ങളിലൂടെയാണ് ധൃതി തന്റെ കാര്യങ്ങൾ പങ്കുവെച്ചിരുന്നത്. കൂട്ടുകാരി താമസം മാറിപ്പോകുന്നതിലുള്ള വിഷമം ഡയറിയിൽ രണ്ട് മനുഷ്യരൂപങ്ങൾ വരച്ചാണ് ഒരിക്കൽ അവൾ അമ്മയെ അറിയിച്ചത്. മകൾ ചിത്രങ്ങളിലൂടെ ആശയവിനിമയം നടത്താൻ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞത് അന്നാണെന്ന് ശ്വേത പറഞ്ഞു.

മകളുടെ കഴിവുകളേക്കാൾ പരിമിതികൾക്ക് പ്രാധാന്യം നൽകുന്ന സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വേണമെന്ന ചിന്തയാണ് ശ്വേതയെ ഈ സംരംഭത്തിലേക്ക് നയിച്ചത്. ആർക്കിടെക്ചർ പഠിച്ച അവർ പിന്നീട് ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയും സമാന സാഹചര്യങ്ങളിലുള്ള കുടുംബങ്ങളെ പരിചയപ്പെടുകയും ചെയ്തു.

2018ൽ ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കേൽക്കർ മ്യൂസിയത്തിൽ ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങളും തയ്യാറാക്കി. ഇതിൽ ലഭിച്ച മികച്ച പ്രതികരണമാണ് സംരംഭം തുടങ്ങാൻ പ്രേരണയായത്. 2020 ഒക്ടോബറിലാണ് ‘ടിക്കിൾ യുവർ ആർട്ട്’ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.

‘ടിക്കിൾ യുവർ ആർട്ട്’ ന്‍റെ ആദ്യ കലാകാരി മകൾ ധൃതിയായിരുന്നു. ഇതുവരെ 25ലേറെ കലാകാരന്മാരുമായി പ്രവർത്തിച്ച സംരംഭം കൂടുതൽ പേരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. കലാകാരന്മാർക്ക് പരിശീലനവും മാർഗനിർദേശവും തൊഴിൽ അവസരങ്ങളും നൽകുന്നതിനൊപ്പം അവരുടെ സൃഷ്ടികൾ പരിചയപ്പെടാൻ സന്ദർശകർക്കും അവസരമൊരുക്കുന്നു. വീട്ടിലിരുന്നോ കേന്ദ്രത്തിലെത്തിയോ കലാകാരന്മാർക്ക് പ്രവർത്തിക്കാം. അവരുടെ ചിത്രങ്ങളുടെ തനിമ നിലനിർത്തിയാണ് ഒരോ ഉൽപ്പന്നങ്ങളും രൂപകൽപ്പന ചെയ്യുന്നത്.

ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട ആനിമേഷൻ, ഡിജിറ്റൽ ഡിസൈൻ മേഖലകളിൽ പ്രാവീണ്യമുള്ള രോഹൻ ‘ടിക്കിൾ യുവർ ആർട്ടി’ന്റെ ഭാഗമായതോടെ വീണ്ടും കലാപ്രവർത്തനങ്ങളിൽ സജീവമാണ്. പ്രയാസത്തിലായിരുന്ന രോഹന് ജോലി ചെയ്യാനും പ്രതിഫലം നേടാനുമുള്ള അവസരം ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതായി അമ്മ വീണ പറഞ്ഞു.

‘ടിക്കിൾ യുവർ ആർട്ടി’ന് ഷാർക്ക് ടാങ്ക് ഇന്ത്യയിലൂടെ അനുപം മിത്തലിന്റെ നിക്ഷേപവും ജീത് അദാനിയുടെ ഗ്രാന്റ് സഹായവും ലഭിച്ചിട്ടുണ്ട്. യു.എൻ വിമൻ ‘ഇൻഡസ്ട്രി ഡിസ്റപ്റ്റർ’ ആയി അംഗീകരിച്ച സംരംഭം, എച്ച് ആൻഡ് എമ്മിന്റെ സാമൂഹിക സംരംഭമായ ‘ദി ഡി.ഒ’യുമായി ചേർന്ന് ബെർലിനിൽ സംഘടിപ്പിച്ച പ്രദർശനത്തിലും പങ്കെടുത്തു. കലാരംഗത്തെ നേട്ടങ്ങൾക്കും എല്ലാവരെയും ചേർത്തുനിർത്താനുള്ള പ്രവർത്തനങ്ങൾക്കും മകൾ ധൃതിക്ക് ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ‘ശ്രേഷ്ഠ ദിവ്യാംഗ് ബാലിക’ വിഭാഗത്തിലാണ് അംഗീകാരം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ഇനി ശ്വേതയുടെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് കഴിവുകൾ വികസിപ്പിക്കാനും സ്വന്തം അധ്വാനത്തിലൂടെ വരുമാനം കണ്ടെത്താനും കുടുംബങ്ങൾക്ക് പരസ്പരം പിന്തുണ നൽകാനും കഴിയുന്ന ഇടങ്ങളാണ് ഇവർ വിഭാവനം ചെയ്യുന്നത്. ഒരാളുടെ പരിമിതികളല്ല മറിച്ച് കഴിവുകളാണ് തിരിച്ചറിയപ്പെടേണ്ടതെന്ന സന്ദേശമാണ് ഈ സംരംഭം മുന്നോട്ടുവെക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ ഡോട്ട് കോം

Tags:    
News Summary - Art Empowers Special Artists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.