പ്രതീകാത്മക ചിത്രം
യുജിസി, എഐസിടിഇ, എൻസിടിഇകൾക്ക് പകരം ഒറ്റ സംവിധാനം; ഉന്നത വിദ്യാഭ്യാസ ബില്ലിൽ അനിശ്ചിതത്വം
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണ സംവിധാനങ്ങൾ പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ തുടർനടപടികൾ വൈകുന്നു. യുജിസി, എഐസിടിഇ, എൻസിടിഇ എന്നിവക്ക് പകരം ഒറ്റ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള ബില്ലിൽ പാർലമെന്ററി സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സംസ്ഥാനങ്ങളും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിൽ ബില്ലിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എഐസിടിഇ), നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻസിടിഇ) എന്നിവക്ക് പകരം ഒറ്റ നിയന്ത്രണ സംവിധാനം രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കൊണ്ടുവന്ന 'വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, 2025' 2025 ഡിസംബർ 15ന് ലോക്സഭയിൽ അവതരിപ്പിച്ചു. തുടർന്ന് വിശദമായ പരിശോധനക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറി. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരിയാണ് സമിതിയുടെ അധ്യക്ഷ.
ബില്ലിന്റെ കരട് റിപ്പോർട്ട് അംഗീകരിക്കാൻ ജൂലൈ 20ന് നിശ്ചയിച്ചിരുന്ന സമിതി യോഗം റദ്ദാക്കിയിരുന്നു. സെപ്റ്റംബർ 30നുശേഷം സമിതി യോഗം ചേർന്നിട്ടില്ല. ഇതോടെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ പരിഗണിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
പുതിയ നിയന്ത്രണ സംവിധാനത്തിന് കേന്ദ്രസർക്കാർ നൽകാൻ ഉദ്ദേശിക്കുന്ന അധികാരമാണ് ബില്ലിനെതിരെ പ്രധാനമായും ഉയരുന്ന വിമർശനം. നിയന്ത്രണം, അക്കാദമിക നിലവാരം, അംഗീകാരം എന്നീ മേഖലകളുടെ ചുമതലയുള്ള മൂന്ന് കൗൺസിലുകളുടെ സഹായത്തോടെ ഒരു കേന്ദ്ര കമ്മീഷൻ രൂപീകരിക്കാനാണ് നിർദേശം. കമ്മീഷന് നയപരമായ നിർദേശങ്ങൾ നൽകാനും ആവശ്യമെങ്കിൽ അത് പിരിച്ചുവിടാനോ അതിന്റെ അധികാരം ഏറ്റെടുക്കാനോ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് കമ്മീഷന്റെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിമർശനം.
ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും ബില്ലിലെ വ്യവസ്ഥകളിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണ അധികാരമുള്ള വിഷയമായതിനാൽ പുതിയ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ പങ്കും അധികാരവും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ട്
ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ, ഐഐഎസ്ഇആറുകൾ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളെയും പുതിയ നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ബില്ലിലെ നിർദേശം. ഇവയുടെ സ്വയംഭരണത്തെ ബാധിക്കുന്ന ചട്ടങ്ങൾ തയ്യാറാക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളുടെ അഭിപ്രായം തേടണമെന്നാണ് പാർലമെന്ററി സമിതിയുടെ കരട് ശിപാർശ. പുതിയ സംവിധാനത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ സ്വയംഭരണം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ ചൂണ്ടിക്കാട്ടുന്നു.
ബില്ല് മൺസൂൺ സമ്മേളനത്തിൽ പരിഗണിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് വൈകുന്ന സാഹചര്യത്തിൽ ശീതകാല സമ്മേളനത്തിലും ബിൽ പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.