ന്യൂഡൽഹി: മൂന്ന് മുതൽ എട്ട് വയസുവരെയുള്ള കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനായുള്ള പാഠ്യപദ്ധതിയുടെ കരട് (എൻ.സി.എഫ്) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കി. നൂതന വിദ്യാഭ്യാസ നയം-2020 (എൻ.ഇ.പി) നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് നാഷണൽ കരിക്കുലം ഫ്രെയിംവർക്കെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വസന്ത പഞ്ചമിയിൽ പാഠ്യപദ്ധതിയും സിലബസും പാഠപുസ്തകങ്ങളും പൂർത്തിയാക്കാൻ എൻ.സി.ഇ.ആർ.ടിയോട് (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) ആവശ്യപ്പെട്ടതായും കരട് പ്രകാശന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസം, ശൈശവകാല സംരക്ഷണവും വിദ്യാഭ്യാസവും, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകൾക്കാണ് ദേശീയ പാഠ്യപദ്ധതി പ്രാമുഖ്യം നൽകുന്നത്. ഉയർന്ന നിലവാരമുള്ള സാർവത്രിക സൗജന്യ വിദ്യാഭ്യാസവും ബാല്യകാല പരിചരണവും ഉറപ്പാക്കുക എന്നത് ഏതൊരു രാജ്യത്തിനും അതിന്റെ ഭാവിക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപമാണ്.
എൻ.സി.എഫ് കരട് അനുസരിച്ച് ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ എട്ട് വർഷങ്ങളിൽ മസ്തിഷ്ക വികസനം ഏറ്റവും വേഗത്തിലാണ് നടക്കുന്നത്. ഇത് വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ പിന്തുണ ആദ്യകാലങ്ങളിൽ തന്നെ നൽകേണ്ടതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള 'പഞ്ചകോശ' സങ്കല്പവും കരടിൽ പറയുന്നുണ്ട്. ശാരീരിക വികസനം, ഊർജ വികസനം, വൈകാരികവും മാനസികവുമായ വികസനം, ബൗദ്ധിക വികസനം, ആത്മീയ വികസനം എന്നിങ്ങനെയാണ് അവ കരടിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്.
ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായി എൻ.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത 'വിദ്യാ പ്രവേശനം' പദ്ധതി മൂന്ന് മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം പരിചയപ്പെടുത്തുന്നതിനും അവർക്ക് നല്ല അനുഭവങ്ങൾ നൽകുന്നതിനുമായി ദിവസത്തിൽ നാല് മണിക്കൂറാണ് ഇതിന് നീക്കിവെക്കുക. 'വിദ്യാ പ്രവേശനം' ധാർമ്മിക മൂല്യങ്ങളും സാംസ്കാരിക വൈവിധ്യവും പഠിക്കാനും ശാരീരികവും സാമൂഹികവും പ്രകൃതിദത്തവുമായ പരിസ്ഥിതിയുമായി ഇടപഴകാനും സഹായിക്കുന്നതാണെന്നും എൻ.സി.എഫ് അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.