വിജയം എന്നുപറയുന്നത് ചെറിയ ചെറിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ്. കൂടാതെ കഠിനാധ്വാനത്തിന് പകരംവെക്കാൻ മറ്റൊന്നുമില്ല എന്നുള്ളതും മനസ്സിലാക്കുക. പരീക്ഷയടുത്താൽ നിങ്ങൾ കുട്ടികളും രക്ഷിതാക്കളും സ്വയം സമ്മർദത്തിലാവരുത്. പരമാവധി പഠിക്കാൻ ശ്രമിക്കുകയും രക്ഷിതാക്കൾ കുട്ടികളെ സപ്പോർട്ട് ചെയ്യുകയും ചെയ്യുക. ബാക്കിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്.
കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും രക്ഷിതാക്കളിൽനിന്നും പരീക്ഷ കാലയളവിൽ കുട്ടികൾക്ക് പലതും ലഭിക്കേണ്ടതായിട്ടുണ്ട്. ഇക്കാലയളവിൽ രക്ഷിതാക്കൾ കുട്ടികൾക്ക് വൈകാരിക പിന്തുണ നൽകണം. ഒരിക്കലും കുട്ടികൾക്കെതിരെ മുൻവിധിയോടുകൂടി സംസാരിക്കുകയോ പെരുമാറുകയോ അരുത്. കൂടാതെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധക്കുറവ് കാണിക്കുകയും അരുത്. കൂടാതെ ഗെയിം, സോഷ്യൽ മീഡിയ തുടങ്ങിയവയിൽനിന്ന് പരീക്ഷ കഴിയുന്നത് വരെ കുട്ടികൾ വിട്ടുനിൽക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം.
രക്ഷിതാക്കൾ കുട്ടികളുടെ മുന്നിൽ സ്ട്രസ്സ് ആണെന്ന രീതിയിൽ പെരുമാറരുത്. പരീക്ഷകഴിയുന്നത് വരെ കുട്ടികൾക്ക് ടെൻഷനാവുന്ന തരത്തിലോ അവരുടെ ആത്മവിശ്വാസം തകരുന്ന രീതിയിലോ പെരുമാറാതിരിക്കുക. പഠനകാര്യത്തിൽ ആവശ്യമില്ലാതെ പ്രഷർ നൽകാതിരിക്കുക. അവർ താൽപര്യമുള്ള രീതിയിൽ അവർ പഠിക്കട്ടെ. ഒരു ശ്രദ്ധയുണ്ടായാൽ മാത്രം മതി. കൂടാതെ മികച്ച നുട്രീഷൻസ് ഭക്ഷണങ്ങൾ നൽകുക, അമിതാഹാരം കഴിക്കാതെ ശ്രദ്ധിക്കുക ഇത് ഉറക്കം തൂങ്ങാതിരിക്കാനും മടിവരാതിരിക്കാനും ഉപകരിക്കും. ധാരാളം വെള്ളം കുടിക്കാൻ പറയുക. ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുമുണ്ടായാൽ തന്നെ കുട്ടികൾക്ക് പരീക്ഷ തയാറെടുപ്പുകൾ സന്തോഷകരവും എളുപ്പത്തിലുമാകും.
വിദ്യാർഥികൾ ഹാൾ ടിക്കറ്റുകൾ നോക്കി പരീക്ഷക്ക് ഒരുങ്ങണം. ടൈം ടേബിൾ നോക്കി വരാനിരിക്കുന്ന പരീക്ഷക്ക് ഒരുങ്ങുക. പരീക്ഷ നിങ്ങളുടെ സ്കൂളിൽ വെച്ചായിരിക്കില്ല നടക്കുക. പരീക്ഷ ദിവസം അവിടേക്കെത്താനുള്ള ദൂരം മനസ്സിലാക്കുകയും അതനുസരിച്ച് വീട്ടിൽനിന്ന് ഇറങ്ങാനും ശ്രദ്ധിക്കണം. പരീക്ഷക്ക് മുമ്പ് ആ സ്കൂളിന്റെ പരിസരവും മറ്റും കാണുന്നത് വിദ്യാർഥികളിൽ ആശ്വാസം നൽകും.
ഇന്ത്യൻ സമയം ഒമ്പതരയാവുമ്പോൾ അതായത് ഇവിടെ രാവിലെ ഏഴ് മണിക്ക് മുമ്പുതന്നെ എക്സാം ഹാളിലെത്തേണ്ടതുണ്ട്. 7.30ന് ശേഷം ഒരു കാരണവശാലും എക്സാം ഹാളിലേക്ക് കുട്ടികളെ കടത്തിവിടുന്നതല്ല. അതിനാൽ കുട്ടികളെ സമയത്ത് എത്തിക്കാനുള്ള സൗകര്യങ്ങൾ രക്ഷിതാക്കൾ ഒരുക്കണം. ഹാൾ ടിക്കറ്റ്, ബ്ലൂ കളർ പെൻ, പെൻസിൽ മറ്റ് അവശ്യ സാധനങ്ങൾ ഒരിക്കലും മറക്കാതിരിക്കുക. ഇതെല്ലാം തലേ ദിവസം സജ്ജമാക്കി വെക്കുന്നതാണ് ഉചിതം. അതും രക്ഷിതാക്കൾ ശ്രദ്ധിക്കണം. സ്കൂൾ യൂനിഫോം ബാഡ്ജ് എന്നിവയും കരുതുക.
മൊബൈൽ ഫോണുകൾ, സ്മാർട് വാച്ചുകൾ മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ കൈയിൽ കരുതാതിരിക്കുക. നിങ്ങൾക്കനുവദിച്ച സീറ്റിൽ എഴുത്തുകളോ പേപ്പറുകളോ ഉണ്ടോയെന്ന് പരീക്ഷക്ക് മുമ്പ് നിരീക്ഷിക്കുക. പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ആദ്യത്തെ 15 മിനിറ്റ് ക്വസ്റ്റ്യൻ പേപ്പർ തന്നു കഴിഞ്ഞാൽ അത് വായിക്കാനുള്ളതാണ്. നിർബന്ധമായും ഒന്ന് രണ്ട് ആവർത്തി വായിച്ചു മനസ്സിലാക്കിയ ശേഷം എഴുതുക. എളുപ്പമായി തോന്നുന്ന ഉത്തരങ്ങൾ ആദ്യം എഴുതാൻ ശ്രമിക്കുക. എഴുതിയതിന് ശേഷം സമയം ഉണ്ടെങ്കിൽ ഉത്തരങ്ങൾ ഒരാവർത്തി പരിശോധിക്കാൻ ഉപയോഗിക്കുക.
ഹാൾടിക്കറ്റ് മറ്റോ എടുക്കാൻ മറന്നു പോയിട്ടുണ്ടെങ്കിൽ നിങ്ങൾ യാതൊരു കാരണവശാലും പേടിക്കാതെ എക്സാം ഹാളിലെ അധ്യാപകനോട് കാര്യം പറയുക. ശേഷം വീട്ടുകാരെ അറിയിച്ച് അത് എത്തിച്ചു നൽകാൻ ആവശ്യപ്പെടുക. രക്ഷിതാക്കൾ പരീക്ഷയുള്ള ദിവസം മൊബൈൽ ഫോണുകൾ എപ്പോഴും കൈയിൽ കരുതുകയും സ്കൂളുകളിൽനിന്നുള്ള കോളുകൾ ശ്രദ്ധിക്കുകയും വേണം. പരീക്ഷകളിൽ നന്നായി പെർഫോം ചെയ്യാനും മാർക്ക് നേടാനും കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.