സർവകലാശാല പരീക്ഷ സമയം കുറക്കാൻ പരീക്ഷ പരിഷ്കരണ കമീഷൻ ശിപാർശ

തിരുവനന്തപുരം: സർവകലാശാല പരീക്ഷകളുടെ ദൈർഘ്യം കുറക്കാൻ പരീക്ഷ പരിഷ്കരണ കമീഷൻ ശിപാർശ. നാലോ അതിന് മുകളിലോ ക്രെഡിറ്റുകളുള്ള കോഴ്സിന് മൂന്ന് മണിക്കൂർ പരീക്ഷയാകാം. മൂന്ന് ക്രെഡിറ്റിന് രണ്ടര മണിക്കൂറും രണ്ട് ക്രെഡിറ്റിന് രണ്ട് മണിക്കൂറും ഒരു ക്രെഡിറ്റ് കോഴ്സിന് ഒന്നര മണിക്കൂറുമാകണം എഴുത്തുപരീക്ഷ. പരീക്ഷകൾക്ക് 15 മിനിറ്റ് വരെ സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) അനുവദിക്കണം.

പ്രാക്ടിക്കൽ, പ്രോജക്ട് വർക്കുകളുടെ മൂല്യനിർണയം എന്നിവ തുടർമൂല്യനിർണയ രീതിയിൽ (ഇന്‍റേണൽ) നടത്തണം. ഇത്തരം കോഴ്സുകൾക്ക് പരീക്ഷ ഒഴിവാക്കാനും ഓരോ ദിവസത്തെയും പ്രാക്ടിക്കലിന് മൂല്യനിർണയം നടത്തുന്ന രീതി നടപ്പാക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. ഇന്‍റേണൽ പരീക്ഷയിൽ വിജയിക്കുന്നതിന് മിനിമം മാർക്ക് വേണ്ട. എന്നാൽ, അവസാന സെമസ്റ്ററിൽ വിജയിക്കാൻ ഇന്‍റേണലിനും തിയറിക്കും ചേർന്നുള്ള മിനിമം മാർക്ക് നിശ്ചയിക്കാം.

പരീക്ഷയിൽ കോപ്പിയടി പിടിച്ചാൽ വിദ്യാർഥിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. പരീക്ഷ ഹാളിൽനിന്ന് ഇറക്കിവിടാതെ പുതിയ പേപ്പർ നൽകി പരീക്ഷ പൂർത്തിയാക്കാൻ അവസരം നൽകണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സർവകലാശാലക്ക് ശിക്ഷാനടപടി സ്വീകരിക്കാം.   

ഗ്രേസ് മാർക്കിന് ഇരട്ട ആനുകൂല്യം വേണ്ട; പുനഃപരിശോധന ഫലം 30 ദിവസത്തിനകം

തിരുവനന്തപുരം: പാഠ്യേതര മേഖലകളിലെ മികവിന് ഇരട്ട ആനുകൂല്യം നൽകുന്നത് അവസാനിപ്പിക്കാൻ കമീഷൻ ശിപാർശ. മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് നൽകുന്നതിനു പുറമെ ഉപരിപഠനത്തിന് വെയ്റ്റേജ് നൽകുന്ന രീതി വേണ്ട. ഗ്രേസ് മാർക്ക് സംബന്ധിച്ച് ഏകീകൃത നയവും ചട്ടങ്ങളും രൂപവത്കരിക്കണം. പുനർമൂല്യനിർണയത്തിന് ഓൺ സ്ക്രീൻ സമ്പ്രദായം നടപ്പാക്കാം. സൂക്ഷ്മപരിശോധനക്ക് അപേക്ഷ ലഭിച്ചാൽ പേപ്പറിന്‍റെ സ്കാൻ ചെയ്ത പകർപ്പ് വിദ്യാർഥിക്ക് നൽകണം. 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണം.

പരീക്ഷ സംബന്ധിച്ച് വിദ്യാർഥികൾക്ക് പ്രതികരണമറിയിക്കാൻ സംവിധാനം വേണം. പിഎച്ച്.ഡി തീസിസ് സമർപ്പിച്ച് 90 ദിവസത്തിനുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കണം. തൽസ്ഥിതി ഗവേഷകനെ പോർട്ടലിലൂടെ അറിയിക്കണം. സർവകലാശാല പരീക്ഷ പ്രക്രിയ ഓഡിറ്റ് ചെയ്യാൻ സംവിധാനം വേണം. അക്കാദമികം/ പരീക്ഷ/ ഭരണതലം/ ധനകാര്യം/ ആസൂത്രണം തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾക്ക് ഇ.ആർ.പി അടിസ്ഥാനമാക്കി സമ്പൂർണ യൂനിവേഴ്സിറ്റി റിസോഴ്സ് പ്ലാനിങ് സംവിധാനം വികസിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.  

Tags:    
News Summary - Recommendation of the Examination Reform Commission to reduce the duration of university examinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.