പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക്; കേരളത്തിൽ 1385 ഒഴിവുകൾ, യോഗ്യത എസ്.എസ്.എൽ.സി

തപാൽ വകുപ്പിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എ.ബി.പി.എം), ഡാക്ക്സേവക് തസ്തികകളിൽ 21,413 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ പോസ്റ്റ് ഓഫിസുകളിൽ 1385 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://indiapostgdsonline.gov.in ൽ ലഭ്യമാണ്. മാർച്ച് മൂന്നു വരെ ഈ സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

രജിസ്ട്രേഷന് മൊബൈൽ ഫോൺ നമ്പറും ഇ-മെയിൽ വിലാസവുമുണ്ടായിരിക്കണം. പ്ര​ദേശികഭാഷ അറിഞ്ഞിരിക്കണം. ഒറ്റ അപേക്ഷ നൽകിയാൽ മതി. അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്തുന്നതിന് മാർച്ച് ആറു മുതൽ എട്ടുവരെ സൗകര്യം ലഭിക്കും. ഗ്രാമീൺ ഡാക്ക് സേവക് (ജി.ഡി.എസ്) തസ്തികയിൽ നിയമനം ലഭിക്കുന്നവരെ റെഗുലർ ജീവനക്കാരായി പരിഗണിക്കില്ല. ബി.പി.എം ആയി തെരഞ്ഞെടുക്കപ്പെടുന്നവർ പോസ്റ്റ് ഓഫിസ് നടത്തുന്നതിനാവശ്യമായ കെട്ടിടം ഉൾപ്പെടെ സ്ഥലസൗകര്യങ്ങൾ സ്വന്തം ചെലവിൽ കണ്ടെത്തേണ്ടതുണ്ട്. ജോലിയുടെ സ്വഭാവവും ഉത്തരവാദിത്വങ്ങളും വിജ്ഞാപനത്തിലുണ്ട്.

ശമ്പളം: ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000-29,380 രൂപവരെയും എ.ബി.പി.എം/ഡാക്ക് സേവക് തസ്തികയിൽ 10,000-24,470 രൂപ വരെയുംപ്രതിമാസം ലഭിക്കും.

യോഗ്യത: എല്ലാ തസ്തികകൾക്കും ഇനി പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് എസ്.എസ്.എൽ.സി/തത്തുല്യബോർഡ് പരീക്ഷ പാസായിരിക്കം.10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. സൈക്കിൾ സവാരി അറിയണം. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുള്ളവർക്ക് മലയാള ഭാഷയാണ് അറിഞ്ഞിരിക്കേണ്ടത്.

പ്രായം: 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയാനും പാടില്ല. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 100 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/വനിതകൾ/​​ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിർദേശപ്രകാരമാണ് അപേക്ഷിക്കേണ്ടത്. 10ാം ക്ലാസ് പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് തെരഞ്ഞെടുപ്പ്.

കേരള പോസ്റ്റൽ സർക്കിളിന് കീഴിൽ ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ് കോഴിക്കോട്/തിരുവനന്തപുരം/എറണാകുളം, താമരശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, തിരുവനന്തപുരം നോർത്ത് ആൻഡ് സൗത്ത്, വടകര ഡിവിഷനുകളുടെ പരിധിയിൽ വരുന്ന പോസ്റ്റ് ഓഫിസുകളും ലഭ്യമായ തസ്തികകളും ഒഴിവുകളും വെബ്സൈറ്റിലുണ്ട്. 

Tags:    
News Summary - Postmaster, Dak Sevak; 1385 vacancies in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.